‘സ്ത്രീ ശാക്തീകരണത്തിന് മുന്തിയ പരിഗണന’ – മുഖ്യമന്ത്രിയും ഭരണകക്ഷിനേതാക്കളും നിരന്തരം ഇരുവിടുന്ന വാചകമാണിത്. സ്ത്രീകളെ സംരക്ഷിക്കാനും സഹായിക്കാനും കഴിയുന്നതെല്ലാം ചെയ്യുമെന്ന് ആണയിടുന്നവര്‍ ചെയ്തുകൂട്ടുന്ന സ്ത്രീ വിരുദ്ധ നടപടികള്‍ക്ക് കൈയും കണക്കുമില്ല. സ്ത്രീപീഡനങ്ങളുടെ നീണ്ട പട്ടിക തന്നെയുണ്ട്. കരഞ്ഞാലും കാലുപിടിച്ചാലും കനിയുകയില്ല. എല്ലാം മുറപോലെ. ഇത് കേരളമാണെന്ന വാക്ക് മാത്രം മുഴച്ചുനില്‍ക്കും.
സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്ന പ്രദേശത്തിന് ശനിദശയാണ്. അങ്ങനെയാണെങ്കില്‍ ആ ശാപത്തിന് വേണ്ടുവോളം അര്‍ഹത കേരളത്തിന് മാത്രമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സ്ത്രീ തലമുണ്ഡനം ചെയ്തു. യുഡിഎഫിന് കനത്ത തോല്‍വി സമ്മാനിച്ചത് ആ സംഭവമാണെന്ന് പറയുന്നതില്‍ അര്‍ത്ഥമുണ്ട്. സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്നതിനിടെ ഒരു സ്ത്രീ കഴിഞ്ഞദിവസം തലമൊട്ടയടിച്ചു. മുന്‍ മന്ത്രി കെ.ടി. ജലീല്‍ സ്ത്രീകളെ അധിക്ഷേപിച്ചതിലുള്ള അമര്‍ഷമാണതിന് പിന്നില്‍. ഗര്‍ഭിണികള്‍ തൂങ്ങിമരിക്കുന്ന സംഭവം കേട്ടിട്ടുണ്ടോ? കേരളത്തില്‍ അതും ഇപ്പോള്‍ നടക്കുന്നു.
ഒരു സംരംഭക പട്ടാപ്പകല്‍ റോഡില്‍ വെട്ടേറ്റ് മരിക്കുന്നു. കെ.റെയില്‍ കല്ലിടല്‍ വിരുദ്ധ സമരത്തില്‍ തലങ്ങും വിലങ്ങും സ്ത്രീകളെ വലിച്ചിഴയ്ക്കുന്നു. പിഞ്ചുകുട്ടികളെന്ന ധാരണ പോലും മാറ്റിവച്ച് പോലീസ് അധികൃതരുടെ കയ്യാങ്കളി. കണ്ണില്‍ ചോരയില്ലാത്ത പെരുമാറ്റം. അതൊക്കെ പോകട്ടെ, തിരുവനന്തപുരം ലോ കോളേജില്‍ നടന്ന കൊടും ക്രൂരത ആരുടെയും മനസ്സിളക്കുന്നതല്ലെ?.
ലോ കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം. കുട്ടികളല്ലെ, കുട്ടിക്കളിയല്ലെ എന്ന് ചിന്തിച്ച് പ്രതികരിക്കുന്നതിന് പകരം എരിതീയില്‍ എണ്ണയൊഴിക്കുംവിധമായി മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും പ്രതികരണം. പ്രതിപക്ഷ നേതാവിന്റെ മനോനില തെറ്റിയെന്നും പഴയ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പോലെ ഉറഞ്ഞുതുള്ളുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ നിയമസഭ ഇളകിമറിഞ്ഞു. യൂണിറ്റ് പ്രസിഡന്റ് സഫ്നാ യാക്കൂബിനെ പിടിച്ച് തറയിലിട്ട് വലിച്ച് സംഹാര നൃത്തം ചവിട്ടിയതാണ് സംഭവം. മുമ്പും ഇതുപോലെ ആക്രമിക്കപ്പെട്ടതായി അവര്‍ വിശദീകരിക്കുന്നു. പത്ത് പതിനഞ്ചോളം വരുന്ന എസ്എഫ്ഐക്കാര്‍ സംഘം ചേര്‍ന്ന് നടത്തിയ കയ്യാങ്കളി ചാനലുകളിലെല്ലാം ലൈവായി. അതുകണ്ടവര്‍ പറയുന്നു ‘പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ’ എന്ന്.
സ്ത്രീകള്‍ക്കുവേണ്ടി വാദിക്കുന്ന പാര്‍ട്ടിയാണെങ്കിലും സ്ത്രീകളോട് തിന്മകാണിക്കുന്ന പാരമ്പര്യമാണല്ലോ സിപിഎമ്മിന്. സ്ത്രീകള്‍ക്ക് 50 ശതമാനം അംഗത്വം സംസ്ഥാന കമ്മിറ്റിയില്‍ ഉണ്ടാകുമോ എന്ന ചോദ്യമുയര്‍ന്നപ്പോള്‍ ‘നിങ്ങളീ പാര്‍ട്ടിയെ നശിപ്പിക്കാനാണോ ശ്രമിക്കുന്നതെന്ന’ മറുചോദ്യം ഉയര്‍ത്തിയ നേതാവാണ് സംസ്ഥാന സെക്രട്ടറി കോടിയേരി. ആ പാര്‍ട്ടി എന്നും അങ്ങനെയാണല്ലോ. ‘കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്.ഗൗരി ഭരിച്ചീടും’ എന്ന് പാടിനടന്ന പാര്‍ട്ടി ചെയ്തത് എന്താണെന്ന് ആര്‍ക്കാണറിയാത്തത്.
ചരിത്രത്തിലാദ്യമായി രണ്ടാം ഊഴത്തിലും ജയിച്ച് ഭരിക്കുകയാണല്ലോ. സിപിഎം കത്തിനില്‍ക്കുകയാണ്. അതിന്റെ അഹന്തയും അഹങ്കാരവും എങ്ങും പ്രകടമാണ്. ഏഷ്യാനെറ്റിലെ ആര്. അജയഘോഷ് ഒരു പുസ്തകം രചിച്ചിട്ടുണ്ട്. ‘ചെങ്കൊടിക്ക് തീപിടിച്ച കാലം’ എന്ന പേരിലാണത്. അതിലെ 65-ാം പേജില്‍ പറയുന്നത് നോക്കാം.
”…… കളത്തിപറമ്പില്‍ രാമന് ഗൗരി. രാഷ്ട്രീയ കേരളത്തിന്റെ സ്വന്തം ഗൗരിയമ്മ. രാഷ്ട്രീയ ചരിത്രത്തിന്റെ ഏത് തുലാസില്‍ വച്ച് തൂക്കിയാലും കെ.ആര്.ഗൗരിയമ്മ ഇരിക്കുന്ന തട്ട് താഴ്ന്നുതന്നെയിരിക്കും. അത്രമാത്രം സംഭവബഹുലമാണ് ആ ജീവിതം. ഭരണാധികാരത്തിന്റെ ഇടനാഴികളിലെല്ലാം ഗൗരിയമ്മയുടെ ചങ്കൂറ്റം നമുക്ക് കാണാം. ആരുടെ മുന്നിലും ഗൗരിയമ്മ തല കുനിച്ചിട്ടില്ല. അവര്‍ക്കതിന് കഴിയില്ല. കാരണം, അവര്‍ കടന്നുവന്ന കനല്‍വഴികള്‍ ആ വിപ്ലവനായികയെ പഠിപ്പിച്ചതാണത്. 1946 ല്‍ പാര്‍ട്ടിയിലെത്തിയതാണവര്‍. ഉന്നതബിരുദധാരിണി. 1957 ലെ ആദ്യമന്ത്രിസഭയില്‍ അംഗം. ഇന്നത്തെ കേരളം ഈ നിലയിലായതിന് കാരണമായ നിര്‍ണായക നിയമനിര്‍മാണങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് കെ.ആര്. ഗൗരിയമ്മയാണ്. സമ്പന്ന കുടുംബത്തില്‍ ജനിച്ച് എല്ലാ സുഖസമൃദ്ധിയിലും വളര്‍ന്നിട്ടും പാവങ്ങളുടെ ഉന്നമനത്തിനായി ഇറങ്ങിപ്പുറപ്പെട്ടവര്‍. യാതനകളുടെയും വേദനകളുടെയും പോലീസ് മര്‍ദ്ദനങ്ങളുടെയും ജയില്‍വാസങ്ങളുടെയും നടുവിലൂടെ തലയുയര്‍ത്തി നടന്നുപോയവള്‍. അറുപതുകളില്‍ സിപിഎമ്മിന്റെ ഐക്കണായിരുന്നു കെ.ആര്. ഗൗരിയമ്മ. 1964 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഭര്‍ത്താവ് ടി.വി.തോമസ് സിപിഐയില്‍. ഗൗരിയമ്മ സിപിഎമ്മില്‍. പാര്‍ട്ടിക്ക് വേണ്ടി ദാമ്പത്യജീവിതം വരെ വേണ്ടെന്നുവച്ച വനിത. മുഖ്യമന്ത്രി സ്ഥാനത്തിന് സര്‍വ്വഥാ യോഗ്യയായിരുന്നു ഗൗരിയമ്മ. ഒടുവില്‍ പാര്‍ട്ടി വിഭാഗീയത ഗൗരിയമ്മയേയും പുറത്താക്കി. ഇഎംഎസും നായനാരും ഒന്നിച്ചുനിന്നപ്പോള്‍ അവര്‍ക്ക് സ്ഥാനമില്ലാതായി.
1987 ല്‍ നായനാര്‍ക്ക് പകരം ഗൗരിയമ്മ മുഖ്യമന്ത്രിയായെങ്കില്‍ ചരിത്രം മറ്റൊന്നാകുമായിരുന്നു. വനിതയെ മുഖ്യമന്ത്രിയാക്കിയെന്ന ഖ്യാതി പാര്‍ട്ടിക്ക് നേടാമായിരുന്നു. ഒരു പിന്നാക്കക്കാരിയെ ഏറ്റവും ഉന്നതസ്ഥാനത്തെത്തിച്ചതിന്റെ ഖ്യാതി വേറെ. ഗൗരിയമ്മ പാര്‍ട്ടി വിട്ടതും ജെഎസ്എസ് രൂപീകരിച്ചതുമടക്കം എല്ലാം ഒഴിവാകുമായിരുന്നു. ഗൗരിയമ്മ പാര്‍ട്ടി വിട്ടത് ഗൗരിയമ്മയുടെ തട്ടകമായ ആലപ്പുഴയില്‍ പോലും വലിയ ചലനങ്ങളുണ്ടാക്കിയില്ല.”
ഗൗരിയമ്മയെ കറിവേപ്പിലയാക്കിയ പാര്‍ട്ടി ഏത് പെണ്‍കരുത്തിനെ അംഗീകരിക്കും?
പ്രതികരിക്കാൻ ഇവിടെ എഴുതുക: