തിരുവനന്തപുരം: കെ. റെയില്‍ പ്രതിഷേധത്തിനിടെ സ്ത്രീകള്‍ക്കെതിരെ പോലീസ് നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ താക്കീത് നല്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സ്ത്രീകള്‍ക്കെതിരെ ബലപ്രയോഗം പാടില്ലെന്ന് അദേഹം പോലീസിന് നിര്‍ദേശം നല്കി. സ്ത്രീകളെ കയ്യേറ്റം ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ല. സ്ത്രീകള്‍ മാത്രമല്ല ആര്‍ക്കെതിരേയും അതിക്രമം നടത്താന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.
കെ റെയില്‍ വിഷയത്തില്‍ പരസ്യ പ്രതികരണത്തിനില്ല. സര്‍ക്കാരിനെ പരസ്യമായി ഉപദേശിക്കുന്നില്ല. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്‍ വിശ്വാസമുണ്ട്. വിഷയത്തില്‍ തന്റെ നിലപാട് സര്‍ക്കാരിനെ അറിയിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാന് വ്യക്തമാക്കി.
അതേസമയം, ജനങ്ങളുടെ ഭൂമി ബലമായി പിടിച്ചെടുത്തു കൊണ്ട് അവരുടെ നെഞ്ചത്ത് ചവിട്ടി സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തില്‍ നടപ്പിലാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യാമോഹിക്കണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന് പറഞ്ഞു. ചങ്ങനാശേരിയില്‍ പുരുഷ പോലീസിനെ ഉപയോഗിച്ച് സ്ത്രീകളെ വലിച്ചിഴച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതെന്തെന്ന് കേന്ദ്രമന്ത്രി ചോദിച്ചു.
എ.സി റൂമില്‍ അപ്പര്‍ ക്ലാസ് മാന്യന്മാരുമായി നടത്തുന്ന സല്ലാപമാണോ മുഖ്യമന്ത്രി ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ നടത്തുന്ന ചര്‍ച്ച? ജനങ്ങള്‍ക്ക് വേണ്ടിയാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി പറയുന്നു. ആരാണ് ജനമെന്ന് മുരളീധരന് ചോദിച്ചു. കിടപ്പാടം മാത്രമുള്ള പാവപ്പെട്ട ജനങ്ങളെ മുഖ്യമന്ത്രി ജനങ്ങളായി കാണുന്നില്ലേ?. ചങ്ങനാശേരി മാടപ്പള്ളിയില്‍ നടന്ന പ്രതിഷേധത്തിലെ പോലീസ് നടപടി തനി കാടത്തമാണെന്ന് മന്ത്രി പറഞ്ഞു.
സ്ത്രീകളെ പുരുഷ പോലീസുകാര്‍ വലിച്ചിഴച്ചു കൊണ്ടു പോകുന്ന ദൃശ്യം കേരളത്തിനു തന്നെ അപമാനകരമാണ്. ശബരിമലയില്‍ സ്ത്രീ സമത്വത്തിനും ശാക്തീകരണത്തിന് വേണ്ടി വാദിച്ച പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് ആണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ഏകാധിപതിയാണെന്ന് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഏകാധിപതികളെ ചവറ്റുകൊട്ടയിലേക്ക് എറിഞ്ഞ ചരിത്രം ആണ് ഈ നാടിന് ഉള്ളതെന്നും മുരളീധരന് ഓര്‍മ്മിപ്പിച്ചു. അടിയന്തര പ്രമേയം മാത്രമായാണോ ഈ വിഷയം യുഡിഎഫ് കാണുന്നത് എന്ന് അദ്ദേഹം ചോദിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് സ്ഥലമേറ്റെടുക്കാന്‍ റയില്‍വേ അനുവാദം നല്‍കിയിട്ടില്ല. നല്‍കിയിട്ടുള്ളത് ഡിപിആര്‍ തയാറാക്കാന്‍ മാത്രമുള്ള അനുമതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: