തിരുവനന്തപുരം: ഹിന്ദു-മുസ്ലീം സംഘര്‍ഷം ഉണ്ടാക്കാനായി വ്യാജവാര്‍ത്ത ചമച്ച യുട്യൂബ് മാധ്യമപ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര, മണലൂര്‍, കണിയാംകുളം സ്വദേശി ബാദുഷ ജമാല്‍ (32) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ നേരത്തെയും കേസുകള്‍ എടുത്തിരുന്നതായി പോലീസ് അറിയിച്ചു. നാട്ടില്‍ കലാപം ഉണ്ടാക്കുക എന്ന ഉദേശത്തോടെ യൂട്യൂബ് ചാനല്‍ വഴി മതസ്പര്‍ധ വളര്‍ത്തുന്ന വീഡിയോ ബാദുഷ അവതരിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
വ്യാജ വാര്‍ത്ത ചമയ്‌ക്കാനായി ഇയാള്‍ ഉപയോഗിച്ച കാമറയും കമ്പ്യൂട്ടറും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞയാഴ്ച വഴിമുക്ക് സ്വദേശി നിസാം, ഭാര്യ ആന്‍സില, രണ്ടു വയസ്സുള്ള ഇവരുടെ മകന്‍ എന്നിവരെ ചിലര്‍ ആക്രമിച്ചു. സംഭവത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് കേസ് എടുത്തെങ്കിലും പ്രതികളെ ഇതുവരെ പിടികൂടിയിരുന്നില്ല. വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ നടന്ന സംഘര്‍ഷത്തെ ഹിന്ദുക്കള്‍ മുസ്ലീങ്ങളെ ആക്രമിച്ചതെന്ന രീതിയില്‍ ഇയാള്‍ ഡെമോക്രസി എന്ന യൂട്യൂബ് ചാനല്‍ വഴി പ്രചരിപ്പിച്ചു. പോലീസിനെയും മതപരമായി വിഘടിപ്പിക്കാന്‍ ബാദുഷ ജമാല്‍ വ്യാജവാര്‍ത്തയിലൂടെ ശ്രമിച്ചെന്നും അധികൃതര്‍ പറഞ്ഞു.
മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള വേറെയും വീഡിയോകള്‍ പ്രതി യൂട്യൂബ് ചാനല്‍ വഴി പ്രചരിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. 2017ല്‍ പൊലീസിന്റെ കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ചതിന് ബാദുഷയുടെ പേരില്‍ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് നെയ്യാറ്റിന്‍കര പോലീസ് വ്യക്തമാക്കി. അറസ്റ്റ് ചെയ്ത ബാദുഷ ജമാലിനെ കോടതി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: