ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗ വിഭാഗത്തിലെ ഐസിയുവില്‍ ശീതീകരണികളുടെ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഇത് കാരണം രോഗികള്‍ ചൂടുകൊണ്ട് വലയുകയാണ്.
ഹൃദ്രോഗ വിഭാഗത്തിലെ ഐസിയു ഒന്ന്, രണ്ട്, മൂന്ന് മുറികളിലായി നിരവധി രോഗികളാണ് കിടക്കുന്നത്. ഇവിടെ കേന്ദ്രീകൃത ശീതീകരണി സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഈ സംവിധാനം വഴി എല്ലായിടത്തും ഒരുപോലെ തണുപ്പ് അനുഭവപ്പെടേണ്ടതാണ്. ്െഎ സി യു ഒന്നില്‍ ഭാഗികമായി തണുപ്പ് എത്തുന്നുണ്ടെങ്കിലും രണ്ടിലും മുന്നിലും പൂര്‍ണ്ണമായും ചൂടാണ് അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ ്െഎസിയു രണ്ടിലും മൂന്നിലുമുള്ള രോഗികളാണ് രാത്രിയിലും പകലും ചൂട് മൂലം ദുരതം അനുഭവിക്കുന്നത്.
ആറ് കിടക്കകളാണ് ഐസിയു മൂന്നില്‍ ഉള്ളത്. ഓരോ കിടക്കയും പ്രത്യേക മറ കൊണ്ട് മറയ്ക്കുകയും ചെയ്യും. കതകും ജനാലകളും തുറന്നിടാന്‍ പറ്റാത്തിനാല്‍ വായുസഞ്ചാരവും ഇല്ലാതെയാകുന്നു. ഇത് രോഗികള്‍ക്ക് ശുദ്ധവായു ശ്വസിക്കാന്‍ പോലുമാകാത്ത അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഇവിടെ ജോലി ചെയ്യുന്ന നഴ്സുമാരും മറ്റു ജീവനക്കാരും രോഗികളെ പോലെ തന്നെ ഏറെ ബുദ്ധിമുട്ടുകയാണ്.
ഐ സി യു പോലെ ഏറെ പ്രാധാന്യത്തോടെ രോഗികളെ ശുശ്രൂഷിക്കുന്നയിടങ്ങളില് ശീതികരണി സംവിധാനം ഒരുക്കിയില്ലെങ്കില്‍ അതു രോഗികളുടെ ജീവനുപോലും ഭീഷണിയാകും. ഇതു കണക്കിലെടുത്തെങ്കിലും അടിയന്തിരമായി ഈ ഭാഗത്തെ ശീതീകരണി സംവിധാനം പ്രവര്‍ത്തിപ്പിക്കുവാന്‍ അധികൃതര്‍ തയ്യാറാകണമെന്ന ആവശ്യമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: