വയനാട്: സ്വന്തം ഹോട്ടലിൽ കച്ചവടം കുറഞ്ഞതിൽ പ്രതികാരമായി ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറ്റില്‍ സോപ്പ് പൊടി കലര്‍ത്തിയയാള്‍ പിടിയില്‍ വയനാട് പനമരം വെണ്ണിയോട് കരിഞ്ഞകുന്ന് ബാണമ്പ്രവന്‍ മമ്മൂട്ടി(58) ആണ് അറസ്റ്റിലായത്. വെണ്ണിയോട് ടൗണിലെ ജനകീയ ഹോട്ടലിന് സമീപത്തെ ഹോട്ടലിന്റെ ഉടമയാണ് മമ്മൂട്ടി.
ജനകീയ ഹോട്ടലില്‍ കുറഞ്ഞ വിലയ്‌ക്ക് ഭക്ഷണം ലഭ്യമായതിന് പിന്നാലെ മമ്മൂട്ടിയുടെ ഹോട്ടലില്‍ കച്ചവടം കുറഞ്ഞിരുന്നു. ഇതിന് പ്രതികാരമായാണ് പ്രതി ജനകീയ ഹോട്ടലുകാര്‍ വെള്ളം എടുക്കുന്ന കിണറ്റില്‍ സോപ്പ് പൊടി കലര്‍ത്തിയത്. ബുധനാഴ്ച രാവിലെ പമ്പുചെയ്തപ്പോള്‍ വെള്ളം പതഞ്ഞു പൊങ്ങുകയും സോപ്പുപൊടിയുടെ മണം അനുഭവപ്പെടുകയുമായിരുന്നു.
വെള്ളം പതഞ്ഞ് പൊന്തിയതോടെ വിഷം കലര്‍ത്തിയതാണോയെന്ന ആശങ്കയും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു. സമീപത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും, പഞ്ചായത്ത് ജീവനക്കാര്‍ക്കുമെല്ലാം സ്ഥിരമായി ഭക്ഷണം നല്‍കി വരുന്നത് ജനകീയ ഹോട്ടലായിരുന്നു. വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ കീടനാശിനിയോ മറ്റ് വിഷവസ്തുക്കളോ കണ്ടെത്തിയാല്‍ ഇയാള്‍ക്കെതിരെ വധശ്രമത്തിനടക്കം കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: