ന്യൂദല്‍ഹി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയ്ക്ക് വീണ്ടും ഇന്ത്യയുടെ കൈത്താങ്ങ്. 100 കോടി ഡോളറിന്റെ സഹായമാണ് ഇന്ത്യ പുതുതായി നല്‍കുന്നത്. 2021 മുതല്‍ ഇതുവരെ ഇന്ത്യ 140 കോടി ഡോളറിന്റെ സഹായമാണ് നല്‍കിയിരിക്കുന്നത്.
ശ്രീലങ്കന്‍ ധനകാര്യ മന്ത്രി ബേസില്‍ രാജപക്ഷെ ഇന്നലെ രാവിലെ ദല്‍ഹിയില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് ശ്രീലങ്കയിലേക്ക് ഭക്ഷണം, മരുന്ന്, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവ സംഭരിക്കുന്നതിന് 100 കോടി ഡോളര്‍ ക്രെഡിറ്റ് സൗകര്യത്തിനായി എസ്ബിഐയും ശ്രീലങ്കന്‍ സര്‍ക്കാരും കരാര്‍ ഒപ്പുവച്ചത്.
പരസ്പര താത്പര്യവും സാമ്പത്തിക സഹകരണവും സംബന്ധിച്ച വിഷയങ്ങളും ചര്‍ച്ചയായി. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കയറ്റുമതി കുറയുകയും ഇറക്കുമതി മാറ്റമില്ലാതെ തുടരുകയും ചെയ്തതോടെയാണ് വിദേശ നാണയം തീര്‍ന്ന് ശ്രീലങ്ക സാമ്പത്തിക പ്രതിസന്ധിയിലായത്.
മാര്‍ച്ച് ഏഴിന് ശ്രീലങ്കന്‍ രൂപയുടെ മൂല്യം 15 ശതമാനം കുറയ്ക്കുക കൂടി ചെയ്തതോടെ വിലക്കയറ്റം രൂക്ഷമായി. 2020 മാര്‍ച്ചില്‍ ആരംഭിച്ച പ്രതിസന്ധി 2021 നവംബറോടെയാണ് കടുത്തത്. 2020 ഡിസംബറില്‍ ശ്രീലങ്കന്‍ ധനമന്ത്രി ബേസില്‍ രാജപക്ഷെയുടെ സന്ദര്‍ശനത്തിന് ശേഷമാണ് ഇന്ത്യ 140 കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: