Categories: Samskriti

നാഗാരാധനയും നാഗപ്രതിഷ്ഠയും

സുമേറിയന്‍, ബാബിലോണിയന്‍, ഈജിപ്ഷ്യന്‍, ഗ്രീക്, ജര്‍മന്‍, ചൈനീസ് സംസ്‌ക്കാരങ്ങളില്‍ തുടങ്ങി ചൈന, ശ്രീലങ്ക, ജപ്പാന്‍, ജാവ, കമ്പോഡിയ, മെക്‌സിക്കോ, ഈജിപ്ത് തുടങ്ങി ലോകത്തില്‍ പലയിടങ്ങളിലും ഇന്ത്യയുടെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും സര്‍പ്പാരാധന നിലനില്‍ക്കുന്നുണ്ടെങ്കിലും കേരളീയ സമ്പ്രദായം വിശേഷപ്പെട്ടതാണ്. സര്‍പ്പങ്ങളെ കാവുകളില്‍ കുടിയിരുത്തി ആരാധിക്കുന്ന സമ്പ്രദായവും സര്‍പ്പപ്രീതിക്കായി അനുഷ്ഠാനകലകളുടെ അവതരണവും കേരളത്തിന്റെ പ്രത്യേകതയാണ്.

Published by

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

ഹൈന്ദവാരാധന സമ്പ്രദായത്തില്‍ കേരളത്തില്‍ കാണുന്ന പ്രധാനപ്പെട്ട ഒന്നാണ് പാമ്പുംകാവുകള്‍. പാമ്പിനെ ദൈവമായി കണക്കാക്കുകയും അവയെ ആരാധിക്കുകയും ചെയ്യുന്ന രീതിയായ  നാഗാരാധന ലോകത്ത് പലയിടങ്ങളിലും നിലവിലുണ്ട്. തന്ത്രയോഗ ശാസ്ത്രങ്ങള്‍ക്ക് ഈ സങ്കല്‍പ്പവുമായി ബന്ധമുണ്ട്. ഇത് കൂടാതെ പുരാണപരമായും കേരളോല്‍പത്തിയുമായി ബന്ധപ്പെടുത്തിയും നാഗാരധാനയ്‌ക്ക് ബന്ധമുണ്ട്.  

പരശുരാമന്‍ കേരളത്തെ സമുദ്രത്തില്‍ നിന്ന് വീണ്ടെടുത്തപ്പോള്‍ കടല്‍ രസത്താല്‍ ഫലഭൂയിഷ്ഠത ഇല്ലാതെ വാസയോഗ്യമല്ലാതിരുന്നതിനാല്‍ അതിനായി അനന്തനെയും വാസുകിയെയും നിയോഗിച്ചു. ആ നിലയ്‌ക്കാണ് കേരള ഭൂമിയുടെ രക്ഷകരും കാവല്‍ക്കാരുമെന്ന നിലയില്‍ സര്‍പ്പങ്ങളെ പൂജിക്കുകയും അവര്‍ക്ക് പ്രത്യേക വാസസ്ഥാനം നല്കുകയും ചെയ്തത്.  

അനന്തശേഷനെയും, വാസുകിയെയും, അഷ്ടനാഗങ്ങളെയും ആരാധിച്ചിരുന്നത് ഈ സങ്കല്പ പ്രകാരമാണ്. ഇത് കൂടാതെ നാഗരാജാവ്, നാഗയക്ഷി, മണിനാഗം തുടങ്ങിയ ആരാധനാ സങ്കല്‍പ്പങ്ങള്‍ വേറെയുമുണ്ട്. മനുഷ്യന്റെ അധിനിവേശം പൂര്‍ണമായും ഇല്ലാതെ വൃക്ഷലതാദികള്‍ക്കും ജീവജാലങ്ങങ്ങള്‍ക്കും സ്വതന്ത്രമായി വളരാനിടയാകുന്ന അവസരമൊരുക്കുക കൂടിയാണ് കാവുകള്‍. ജൈവ വൈവിദ്ധ്യത്തിന്റെ ഒരു കലവറ കൂടിയാണവ.  താന്ത്രികവിദ്യയില്‍ കുണ്ഡലിനി ശക്തിയെ സര്‍പ്പമായാണ് സങ്കല്പിച്ചിരിക്കുന്നത്. മൂലാധാരത്തില്‍ കിടന്നുറങ്ങുന്ന കുണ്ഡലിനീശക്തിയെ ഉണര്‍ത്തുന്നതിനും നാഗാരാധന പ്രാധാന്യമര്‍ഹിക്കുന്നു.  

സുമേറിയന്‍, ബാബിലോണിയന്‍, ഈജിപ്ഷ്യന്‍, ഗ്രീക്, ജര്‍മന്‍, ചൈനീസ് സംസ്‌ക്കാരങ്ങളില്‍ തുടങ്ങി ചൈന, ശ്രീലങ്ക, ജപ്പാന്‍, ജാവ, കമ്പോഡിയ, മെക്‌സിക്കോ, ഈജിപ്ത് തുടങ്ങി ലോകത്തില്‍ പലയിടങ്ങളിലും ഇന്ത്യയുടെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും സര്‍പ്പാരാധന നിലനില്‍ക്കുന്നുണ്ടെങ്കിലും കേരളീയ സമ്പ്രദായം വിശേഷപ്പെട്ടതാണ്. സര്‍പ്പങ്ങളെ കാവുകളില്‍ കുടിയിരുത്തി ആരാധിക്കുന്ന സമ്പ്രദായവും സര്‍പ്പപ്രീതിക്കായി അനുഷ്ഠാനകലകളുടെ അവതരണവും കേരളത്തിന്റെ പ്രത്യേകതയാണ്.  

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ സൂചകം കൂടിയാണ് ഈ കാവുകള്‍. കേരളത്തില്‍ മിക്കവാറും എല്ലാ ഭൂമിയിലും ഒരു ഭാഗത്ത് സര്‍പ്പക്കാവ് ഉണ്ടായിരുന്നു. ഇവിടങ്ങളില്‍ സന്ധ്യാവിളക്കുവയ്‌ക്കുക എന്നുള്ളത് പ്രാചീന കുടുംബ വ്യവസ്ഥിതിയുമായി ബന്ധപ്പെട്ടിരുന്നു.

ശക്തമായ നാഗാരാധനാപാരമ്പര്യം കേരളത്തിലുണ്ടായിരുന്നു എന്നതിന്റെ സൂചന പ്രാചീന കേരളത്തില്‍ കാണപ്പെട്ടിരുന്ന ചില വസ്തുക്കളില്‍ നിന്നും വ്യക്തമാകും. സര്‍പ്പരൂപത്തിലുള്ള വിവിധ ആഭരണങ്ങള്‍, സര്‍പ്പഫണത്താലി, സര്‍പ്പരൂപത്തിലുള്ള തളകള്‍, വളകള്‍ തുടങ്ങിയവും ചില വേഷവിധാനങ്ങളും ഇതില്‍ പെട്ടതാണ്. കേരളീയ ബ്രാഹ്മണര്‍ പത്തിയും വാലുമുള്ള  കുടുമ വളര്‍ത്തിയതും ഇതുമായി പല ചരിത്രകാരന്മാരും ബന്ധപ്പെടുത്തിയിട്ടുണ്ട്. രാജകീയചിഹ്നമായും കുലചിഹ്നമായും നാഗങ്ങളെ സ്വീകരിച്ചിരുന്നു.  

പല ദേവതമാരും നാഗങ്ങളുമായി ബന്ധപ്പെട്ട് പുരാണങ്ങളില്‍  പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. മഹാവിഷ്ണുവിന്റെ അനന്തശയനം, ശിവന്റെ  കണ്ഠാഭരണം, ഗണപതിക്ക് പൂണൂല്‍, ദുര്‍ഗയുടെ ഒരായുധം, കാളിക്ക് വള, സൂര്യന് ഏഴ് കുതിരകളെ തന്റെ രഥത്തില്‍ പൂട്ടാനുള്ള കയര്‍, ദക്ഷിണാമൂര്‍ത്തിക്ക് തോള്‍വള, ത്വരിതാദേവിക്ക് കുണ്ഡലം, നീലസരസ്വതിക്ക് മാല, വരാഹിമാതാവിന്റെ ഇരിപ്പിടം, വരുണന് പാമ്പിന്‍പത്തി കുട എന്നിവ ഇവയില്‍ ചിലതാണ്.  

ശില്പരത്‌നത്തില്‍ നാഗവിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്നതിനുവേണ്ടിയുള്ള നിയമങ്ങള്‍ ഉണ്ട്. ജ്യോതിഷപരമായി രാഹുദോഷങ്ങള്‍ക്ക് പരിഹാരം സര്‍പ്പസംബന്ധമായ വഴിപാടുകളാണുള്ളത്. രാഹുവിന്റെ ദേവത, നാഗമാണ്. ആയില്യം നക്ഷത്രത്തിന്റെ ദേവതയും നാഗമാകുന്നു. കേരളത്തിലെ നാഗത്തെയ്യങ്ങള്‍, നാഗത്തോറ്റം എന്നിവയും പ്രധാന നാഗാരാധനയായ സര്‍പ്പംതുള്ളല്‍, നൂറും പാലും നല്കല്‍, കളമെഴുത്തുപാട്ട്, സര്‍പ്പപ്പാട്ട്, പുള്ളവന്‍പാട്ട്, ഉരുളി കമഴ്‌ത്തല്‍ എന്നിവയും ഇതുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളാണ്.  

കേരളത്തില്‍ പുരയിടങ്ങളില്‍ സാമാന്യമായി തെക്കു പടിഞ്ഞാറു ഭാഗത്തായാണ് കാവുകള്‍ കാണപ്പെടുന്നത്. പില്‍കാലത്ത് വീതം വെച്ച ഭൂമികളില്‍ മറിച്ചുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്ന കാവുകള്‍ പ്രത്യേകം ചുറ്റുമതിലോട് കൂടിയതായിരിക്കണം. അതിനുള്ളില്‍ ധ്വജയോനി അളവില്‍ തറകളും നിര്‍മിക്കണം. പ്രതിഷ്ഠ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ മുഖമായി വേണം. തറയ്‌ക്ക് ഏറ്റവും കുറഞ്ഞത് 18 വിരല്‍ ഉയരമെങ്കിലും ഉണ്ടാവണം. കാവിനുള്ളില്‍ നില്‍ക്കുന്ന വൃക്ഷങ്ങള്‍ക്ക് യഥേഷ്ടം വളരാനുള്ള അവസരം ഉണ്ടാകണം. വൃത്തിയാക്കുന്നതിനാണെങ്കില്‍ പോലും കാവിനുള്ളില്‍ തീയിടരുത്. ക്ഷേത്ര സംബന്ധിയായ കാവെങ്കില്‍ പ്രത്യേകം ഇടം കല്‍പ്പിക്കണം. നാഗര്‍ക്കൊപ്പം ചേര്‍ത്ത് മറ്റു പ്രതിഷ്ഠകളും ആവാം.  

കേരളത്തില്‍ ഇന്നു നിലനില്‍ക്കുന്ന ഏറ്റവും പ്രശസ്തമായ സര്‍പ്പകാവുകള്‍ ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്തുള്ള മണ്ണാറശാലയും തൃശൂര്‍ ജില്ലയില്‍ മാളയ്‌ക്ക് സമീപമുള്ള പാമ്പു മേയ്‌ക്കാട്ടുമനയും തിരുവില്ല്വാമലക്ക് അടുത്തുള്ള പാമ്പാടി പാമ്പുംകാവും പാലക്കാട് ജില്ലയില്‍ ചെര്‍പ്പുളശ്ശേരിക്ക് അടുത്തുള്ള പാതിരികുന്നത്ത് മനയുമാണ്. തമിഴ് നാട്ടിലെ നാഗര്‍കോവിലിലുള്ള നാഗരാജ ക്ഷേത്രവും സര്‍പ്പാരാധനക്ക് പ്രശസ്തമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക