സിനിമയിലെന്നപോലെ രാഷ്ട്രീയത്തിലും ആമുഖം ആവശ്യമില്ലാത്ത വ്യക്തിത്വമാണ് സുരേഷ് ഗോപി. ബിജെപി എംപിയായ ഈ താരം ജനപ്രതിനിധിയെന്ന നിലയ്ക്കും പൊതുപ്രവര്‍ത്തകനെന്ന നിലയ്ക്കും ചെയ്യുന്ന സേവനങ്ങളും കാരുണ്യപ്രവര്‍ത്തനങ്ങളും രാഷ്ട്രീയ ഭേദമെന്യേ മലയാളികളുടെ മനസ്സില്‍ സവിശേഷമായി ഇടംപിടിച്ചിട്ടുണ്ട്. എണ്ണിപ്പറയാനാണെങ്കില്‍ എത്ര വേണമെങ്കിലുമുണ്ട് മനുഷ്യസ്നേഹത്തിന്റെ മാധുര്യമൂറുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍. കക്ഷി രാഷ്ട്രീയത്തിനതീതമായ ഒരു സ്ഥാനം കേരളീയ സമൂഹത്തില്‍ ഇത് സുരേഷ് ഗോപിക്ക് നേടിക്കൊടുത്തിട്ടുമുണ്ട്. ഏറ്റവും ഒടുവില്‍ ജനശ്രദ്ധയാകര്‍ഷിച്ചിട്ടുള്ളത് കേരളത്തിലെ വനവാസി ഊരുകളിലെ ജീവിത ദുരിതങ്ങള്‍ രാജ്യസഭയില്‍ അവതരിപ്പിച്ചതാണ്. കേരളം ഭരിക്കുന്നവര്‍ വനവാസി ഊരുകളോട് കാണിക്കുന്ന ക്രൂരമായ അവഗണനകളുടെ ചിത്രം വെറും ഒന്‍പതു മിനിറ്റിനുള്ളില്‍ അവതരിപ്പിക്കാനും പരിഹാരം തേടാനും സുരേഷ് ഗോപിക്ക് കഴിഞ്ഞു. അന്തിയുറങ്ങാന്‍ ശരിയായ വീടില്ലാതെ, കുടിവെള്ളം ലഭിക്കാതെ, വൈദ്യുതി എത്താത്ത വനവാസി ഊരുകള്‍ നിരവധിയാണെന്നും ബജറ്റു വിഹിതവും എംപി ഫണ്ടില്‍നിന്ന് അനുവദിക്കുന്ന പണംപോലും കേരളത്തില്‍ യഥാസമയം ചെലവഴിക്കാതെ ലാപ്സായിപ്പോകുന്ന അവസ്ഥയാണെന്നും ചൂണ്ടിക്കാട്ടിയ എംപി ഈ പാവങ്ങള്‍ക്കുവേണ്ടി സ്വന്തം നിലയ്ക്ക് ചെയ്ത കാര്യങ്ങളും വിവരിക്കുകയുണ്ടായി. പന്ത്രണ്ട് വര്‍ഷം മുന്‍പ് സര്‍ക്കാര്‍ പുനരധിവസിപ്പിച്ച വനവാസികള്‍ കഴിയുന്ന വീടുകളില്‍ മഴ പെയ്താല്‍ ഒരു തുള്ളി വെള്ളം പോലും പുറത്തുപോകാത്ത സ്ഥിതിയാണ്. വനവാസിക്ഷേമം മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ ആസ്പിരേഷണല്‍ ഡിസ്ട്രിക്കുകളുടെ എംപാനല്‍ ലിസ്റ്റില്‍പ്പെടുത്തിയ വയനാട് ജില്ലയെ അതില്‍നിന്ന് നീക്കുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്തതെന്നും സുരേഷ്ഗോപി വെളിപ്പെടുത്തുകയുണ്ടായി.
പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ മാത്രമാണ് വനവാസികള്‍ പ്രശ്നങ്ങള്‍ അനുഭവിക്കുന്നതെന്ന പൊതുധാരണയാണ് കേരളത്തിനകത്തും പുറത്തുമുള്ളത്. ഈ ധാരണ തെറ്റാണെന്ന് വനവാസി വിഭാഗങ്ങള്‍ പലതരം കഷ്ടതകള്‍ അനുഭവിക്കുന്ന വിവിധ ജില്ലകളിലെ ഊരുകളുടെ പേരുകള്‍ സുരേഷ് ഗോപി എടുത്തുപറയുന്നതില്‍നിന്ന് വ്യക്തമാവുന്നു. തിരുത്തേണ്ട ധാരണയാണിത്. മറ്റ് സംസ്ഥാനങ്ങളിലെ വനവാസികളില്‍നിന്നു വ്യത്യസ്തമായി കേരളത്തിലെ ഈ ജനവിഭാഗം അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനും പരിഹാരം കാണാനും ഇവിടേക്ക് പട്ടികജാതി കമ്മീഷനെ അയയ്ക്കണമെന്ന ശ്രദ്ധേയമായ നിര്‍ദ്ദേശവും സുരേഷ് ഗോപി മുന്നോട്ടുവയ്ക്കുകയുണ്ടായി. വനവാസി ഊരുകളിലെ പരിതാപകരമായ അവസ്ഥയ്ക്ക് ഇടതുപക്ഷ ഭരണത്തിന് കീഴില്‍ യാതൊരു മാറ്റവും വരുന്നില്ലെന്നും, എല്ലാം ശരിയാക്കുമെന്നു പറഞ്ഞ് അധികാരത്തില്‍ വന്ന സര്‍ക്കാരിനുകീഴില്‍ ഈ വിഭാഗങ്ങളുടെ ദുരിതം വര്‍ധിക്കുകയും ചെയ്തെന്നാണ് മനസ്സിലാക്കേണ്ടത്. ഭരണത്തിലെ വീഴ്ച എന്നതിനുപരി ദുര്‍ബലരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങള്‍ക്ക് എതിരായ നയമാണ് ഇടതുസര്‍ക്കാര്‍ പിന്തുടരുന്നത്. ആസ്പിരേഷണല്‍ ഡിസ്ട്രിക്കുകളുടെ ലിസ്റ്റില്‍നിന്ന് വയനാടിനെ ഒഴിവാക്കിയ നടപടി ഇതിനു തെളിവാണല്ലോ. സുരേഷ് ഗോപി രാജ്യസഭയില്‍ അപ്രിയസത്യങ്ങള്‍ വിളിച്ചു പറഞ്ഞപ്പോള്‍ അത് അംഗീകരിക്കാനുള്ള മഹാമനസ്കത പ്രകടിപ്പിക്കുന്നതിനു പകരം തങ്ങളെ ദല്‍ഹിയിലേക്ക് പറഞ്ഞയച്ചിട്ടുള്ള കാരണഭൂതനെ ഭയന്നു വസ്തുതകള്‍ നിഷേധിക്കാനാണ് സിപിഎം എംപിമാര്‍ ശ്രമിച്ചത്. ഇതിനും ബിജെപി എംപി ചുട്ട മറുപടി നല്കുകയുണ്ടായി.
പിണറായി വിജയന് നേതൃത്വം നല്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ ഘടന തന്നെ അധഃസ്ഥിതര്‍ക്കും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്കും മതിയായ പ്രാതിനിധ്യം ഇല്ലാത്തതാണ്. പന്ത്രണ്ടു ശതമാനത്തോളം വരുന്ന സംസ്ഥാനത്തെ പട്ടികജാതി-വര്‍ഗ വിഭാഗത്തിന്റെ പ്രതിനിധിയായി മന്ത്രിസഭയിലുള്ളത് ഒരാള്‍ മാത്രമാണല്ലോ. ഏറ്റവും പുതിയ സംസ്ഥാന സമ്മേളനത്തില്‍ സിപിഎമ്മിന്റെ ഭാരവാഹികളായിട്ടുള്ളവരുടെ പട്ടികനോക്കിയാലും ഇത് ബോധ്യമാവും. അധഃസ്ഥിത ജനവിഭാഗങ്ങള്‍ ഇത്രയേറെ ആക്രമണങ്ങള്‍ക്ക് വിധേയമായ മറ്റൊരു ഭരണകാലം ഉണ്ടായിട്ടില്ല. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ ആക്രമിക്കപ്പെട്ട കേസുകള്‍ അട്ടിമറിച്ച് പ്രതികള്‍ രക്ഷപ്പെടുന്നു. വാളയാര്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ടത്, അട്ടപ്പാടി മധുവിന്റെ കൊലപാതകം, കിഴക്കമ്പലം ദീപു കൊലക്കേസ് എന്നിങ്ങനെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. അട്ടപ്പാടി മധുവിന്റെ കേസില്‍ പ്രോസിക്യൂട്ടറെപ്പോലും വയ്ക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ദീപുവിനെ സിപിഎം നേതാവടക്കമുള്ള പ്രതികള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയിട്ടും കരള്‍ രോഗമാണ് മരണകാരണമെന്ന് പ്രചരിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഈ കേസില്‍ കോടതിയില്‍നിന്നുപോലും നീതി ലഭിക്കാത്ത സാഹചര്യമാണ് സിപിഎമ്മും സര്‍ക്കാരും ചേര്‍ന്ന് സൃഷ്ടിക്കുന്നത്. ദളിതരായതുകൊണ്ടാണ് തങ്ങളെ സര്‍ക്കാര്‍ അപമാനിക്കുന്നതെന്ന് തിരുവനന്തപുരത്ത് പിങ്ക് പോലീസ് അവഹേളിച്ച കുട്ടിയുടെ അച്ഛന് പ്രതികരിച്ചിരിക്കുന്നു. ഇടതുഭരണത്തെ മാത്രമല്ല, ഇടതുപക്ഷ രാഷ്ട്രീയത്തെത്തന്നെ നിരാകരിക്കുന്നതിലൂടെ മാത്രമേ കേരളത്തിലെ അധഃസ്ഥിത വിഭാഗത്തിന് മോചനത്തിന്റെ പാത തുറന്നുകിട്ടൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: