കാഞ്ഞങ്ങാട്: നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്നതും കാലങ്ങളായി തകര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന ഹൊസ്ദുര്‍ഗ് കോട്ടയെ സംരക്ഷിക്കാന്‍ ഇന്നും ആരുമില്ല. വഴികള്‍ മുഴുവനും കാടുമൂടിയതിനാല്‍ കോട്ടയില്‍ ഇപ്പോള്‍ സഞ്ചാരികള്‍ എത്തുന്നില്ല. വര്‍ഷങ്ങളായി അവഗണിക്കപ്പെട്ടു കിടന്ന കോട്ട സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയില്‍ നവീകരിക്കാന്‍ പുരാവസ്തു വകുപ്പ് പദ്ധതികള്‍ ആവിഷ്‌കരിച്ചെങ്കിലും ഒന്നും നടപ്പിലാകുന്നില്ല.
ഇരിപ്പിടങ്ങളും നടപ്പാതയും ശുചിമുറികളുമുള്‍പ്പടെ സ്ഥാപിക്കാന്‍ 30ലക്ഷം രൂപയുടെ പദ്ധതിയിട്ട് പ്രവര്‍ത്തനം തുടങ്ങിയെങ്കിലും പാതിവഴിയില്‍ നിലക്കുകയായിരുന്നു. കോട്ട നവീകരിച്ച് അനുബന്ധമായുള്ള പൂങ്കാവനം ക്ഷേത്രം, നിത്യാനന്ദ കോട്ട എന്നിവയെക്കൂടി ഉള്‍പ്പെടുത്തി ആത്മീയ, വിനോദ സഞ്ചാരം വിപുലപ്പെടുത്താനുള്ള ശ്രമവും അസ്ഥാനത്തായിരിക്കുകയാണ്.
എന്നാല്‍ ഇന്ന് കോട്ട സമൂഹ്യ വിരുദ്ധരുടെ താവളമായിരിക്കുകയാണെ്. അനുദിനം നാശോന്മുഖമാകുന്ന കോട്ട സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്. ജില്ലയുടെ ഹൃദയ നഗരമായ കാഞ്ഞങ്ങാടിന്റെ മുന്‍പത്തെ പേരാണ് ഹൊസ്ദുര്‍ഗ്. 1860 ല്‍ ഇക്കേരി രാജാവായിരുന്ന സോമപ്പനായക്കാണ് ഈ കോട്ട നിര്‍മ്മിച്ചതെന്നാണ് ചരിത്രം പറയുന്നത്. കാഞ്ഞങ്ങാട് കോട്ട എന്നും പുതിയകോട്ട എന്നും വിളിക്കുന്ന കോട്ടയില്‍ വൃത്താകൃതിയിലാണ് കൊത്തളങ്ങള്‍. 26 ഏക്കര്‍ വിസ്തൃതിയില്‍ നിലകൊണ്ടിരുന്ന ഹൊസ്ദുര്‍ഗ് കോട്ടയുടെ ഒരു കൊത്തളം മാത്രമാണ് നിലവില്‍ അവശേഷിക്കുന്നത്. സംരക്ഷണമില്ലാത്തത് മൂലം കോട്ടയുടെ വലിയൊരു ഭാഗവും ജീര്‍ണ്ണിച്ചു പോവുകയായിരുന്നു.
ബേക്കല്‍ കോട്ടയും, ഹോസ്ദുര്‍ഗ് കോട്ടയുമൊക്കെ പണി കഴിപ്പിച്ചത് ഡച്ചുകാരാണെന്നും അഭിപ്രായമുണ്ട്. പൂങ്കാവനം എന്നറിയപ്പെടുന്ന ഒരു ശിവക്ഷേത്രവും അയ്യപ്പഭജനമന്ദിരവും കോട്ടയ്‌ക്കകത്തുണ്ട്. ചുറ്റുമതിലുകള്‍ തകര്‍ന്ന കോട്ടയില്‍ ഇപ്പോള്‍ 26 സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: