തിരുവനന്തപുരം : തിരുവനന്തപുരം ഗവ. ലോ കോളേജിലേത് എസ്എഫ്ഐക്കാര്‍ കരുതിക്കൂട്ടി നടത്തിയ ആക്രമണങ്ങളെന്ന് പരിക്കേറ്റ കെഎസ്യു വിദ്യാര്‍ത്ഥിനി സഫ്ന വൈ. യാക്കൂബ്. കോളേജ് യൂണിയന് ആഘോഷത്തിനിടെ മദ്യപിച്ചെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പലതവണ കെഎസ്യു പ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു. അതിനുപിന്നാലെയാണ് തനിക്കു നേരെയും ആക്രമണമുണ്ടായത്.
കെഎസ്യു നേതൃത്വത്തിന്റെ ഇടപെടലാണ് സംഘര്‍ഷം ഒഴിവാക്കിയത്. യൂണിറ്റ് സെക്രട്ടറി ആഷിഖിന് നേരെയും എസ്എഫ്ഐക്കാരുടെ ആക്രമണമുണ്ടായിരുന്നു. പിന്നീട് അധ്യാപകരെത്തിയാണ് രക്ഷിച്ചതെന്നും സഫ്ന പറഞ്ഞു. കോളേജ് ഗേറ്റിനുസമീപം വെച്ച് എസ്എഫ്ഐക്കാര്‍ വീണ്ടും ആഷിഖിനെയും കെഎസ്യു പ്രവര്‍ത്തകനായ നിഥിനെയും ആക്രമിച്ചു. ഇതു തടയാനാണ് താനെത്തിയത്. തന്നെ റോഡിലേക്കു തള്ളിയിട്ട് വലിച്ചിഴച്ചു. നാലുവശത്തുനിന്നും കൂട്ടംചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
സംഭവത്തില്‍ പരാതി നല്‍കിയെങ്കിലും പോലീസ് യാതൊരു നടപടിയും എടുത്തില്ല. പോലീസുകര്‍ അപമാനിക്കുകയാണ് ഉണ്ടായത്. ആശുപത്രിയില്‍ കൊണ്ടുപോകാനും തയ്യാറായില്ല. സുഹൃത്തുക്കളുടെ വാഹനത്തില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ എസ്എഫ്ഐക്കാര്‍ അവിടേയും പിന്തുടര്ന്നെത്തി ഭീഷണിപ്പെടുത്തി.
അമ്പതോളം പേര് ചേര്‍ന്നാണ് തങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയത്. എതിരാളികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സമീപനമാണ് എസ്എഫ്ഐയുടേത്. നേരത്തെ തന്റെ നേരെ അവര്‍ പെയിന്റ് കോരി ഒഴിച്ചിട്ടുണ്ടെന്നും സഫ്ന കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥിനി ഇപ്പോഴും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: