ന്യൂദല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നും പദ്ധതിക്കായി ഭൂമിയേറ്റെടുക്കാന്‍ അനുമതിയില്ലെന്നും കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയെ അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് തനിക്ക് ആശങ്കകളുണ്ട്. പദ്ധതിയെപ്പറ്റി മെട്രോമാന് ഇ. ശ്രീധരന് അറിയിച്ച എതിര്‍പ്പുകള്‍ സര്‍ക്കാര്‍ പരിഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ സില്‍വര്‍ ലൈനിന്റെ അംഗീകാരത്തിനായി റെയില്‍ മന്ത്രാലയത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, കെആര്‍ഡിസിഎല്‍ (കേരള റെയില്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡ്) കേന്ദ്രത്തിന് സമര്‍പ്പിച്ച ഡിപിആറില്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങളില്ലായിരുന്നു. അതിനാല്‍, കേന്ദ്രം അപേക്ഷ നിരസിച്ചു. തുടര്‍ന്ന് വിശദമായ ഡിപിആര്‍ സമര്‍പ്പിക്കാന്‍ കെആര്‍ഡിസിഎല്ലിന് കേന്ദ്രം നിര്‍ദേശം നല്കി. മറ്റു പുരോഗതി ഈ വിഷയത്തില്‍ ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയുടെ അലൈന്മെന്റ്, നിലവിലെ റെയില്‍വെ ഭൂമിയുടെ വിശദാംശങ്ങള്‍, സാങ്കേതിക രേഖകള്‍, ഏറ്റെടുക്കേണ്ടി വരുന്ന സ്വകാര്യ വ്യക്തികളുടെ ഭൂമി, നിലവിലുള്ള റെയില്‍വെ ശൃംഖലയിലൂടെയുള്ള ക്രോസിങ്ങുകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാകണം പുതിയ ഡിപിആര്‍ സമര്‍പ്പിക്കേണ്ടതെന്ന വ്യക്തമായ നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. സാമ്പത്തിക-സാങ്കേതിക കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം മാത്രമേ പദ്ധതിയുടെ അപേക്ഷ പരിഗണിക്കൂയെന്നും മന്ത്രി വ്യക്തമാക്കി.
പദ്ധതിക്കെതിരേ മെട്രോമാന് ഇ. ശ്രീധരന് നല്കിയ റിപ്പോര്‍ട്ട് ഗൗരവകരമാണ്. അദ്ദേഹത്തിന്റെ ആശങ്കകള്‍ സര്‍ക്കാര്‍ പരിഗണിക്കും. ജനങ്ങളുടെ ആശങ്കകളും പാരിസ്ഥിതിക വിഷയങ്ങളും പരിഗണിക്കുന്നുണ്ട്. സാങ്കേതിക, സാമ്പത്തിക സാധ്യതാ പഠന റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷം മാത്രമേ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തൂ. രാഷ്ട്രീയ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്കെതിരേ നിലപാടെടുക്കുന്നതെന്ന ഇടതുപക്ഷ എംപിയുടെ ആരോപണം മന്ത്രി തള്ളി. പദ്ധതിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിഷയങ്ങളിലേക്ക് കടക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും കേരളത്തില്‍ പരസ്പരം പോരടിക്കുന്ന ഇടത്-വലത് പാര്‍ട്ടികള്‍ ദല്‍ഹിയില്‍ ഒരുമിച്ചാണെന്നും അശ്വിനി വൈഷ്ണവ് പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: