അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രത്തിലും ചിത്രത്തിലുമില്ല. അതിലവര്‍ക്ക് ഒരു പരാതിയുമില്ല, പരിഭവവുമില്ല. അതുണ്ടായിട്ടും ഫലമില്ലല്ലോ. ചുമരുണ്ടെങ്കിലല്ലോ ചിത്രം വരയ്‌ക്കാനൊക്കൂ.
ഉത്തര്‍പ്രദേശില്‍ ഒരുകാലത്ത് കമ്യൂണിസ്റ്റുകാര്‍ക്ക് കരുത്തുണ്ടായിരുന്നു, കാണ്‍പൂരിലടക്കം. കശ്മീരിലെ തരിഗാമിപോലെ ഗോവയിലും ഒരു കൈനോക്കാന്‍ ആളുണ്ടായിരുന്നു. പഞ്ചാബില്‍ നിന്ന് പാര്‍ട്ടിക്ക് ജനറല്‍ സെക്രട്ടറി തന്നെ ഉണ്ടായിരുന്നില്ലേ. അതൊക്കെ പഴയകാലം.സീതാറാം യെച്ചൂരിയുടെ പ്രസ്താവന വന്നു. ഫലപ്രഖ്യാപനം വന്നശേഷം യുപിയില്‍ ബിജെപിയുടെ വിജയം വര്‍ഗീയ ധ്രൂവീകരണം മൂലമെന്ന്. ബിജെപി ജയിക്കുമ്പോള്‍ അങ്ങനെയൊരു മുടന്തന്‍ ന്യായീകരണം നടത്തിയില്ലെങ്കില്‍ അത് തന്നെ ഒരു കുറവല്ലെ. ഏതായാലും തെരഞ്ഞെടുപ്പ് വാര്‍ത്തയില്‍ ഇടം നേടിയില്ലെങ്കിലും അതിനുശേഷം വന്നു വാര്‍ത്താവിശേഷം. കമ്മ്യൂണിസ്റ്റുകളുടെ മൂപ്പിളമതര്‍ക്കം പോലെ.
സിപിഐക്കെന്തിനാണ് ചെങ്കൊടിയെന്ന തരത്തില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചത് സിപിഎം മുഖപത്രമായ ‘ചിന്ത’യില്‍. അത് സമ്മതിച്ചുകൊടുക്കാന്‍ സിപിഐക്കാകുമോ? എന്തുകൊണ്ടും മൂപ്പെത്തിയ സാധനമല്ലെ സിപിഐ. ഇടത്-വലത് തര്‍ക്കത്തില്‍ 1964 ല്‍ സിപിഐ വിട്ടിറങ്ങിയവരുടെ സംഘടനയല്ലെ സിപിഎം. വലതുപക്ഷ പിന്തിരിപ്പന്‍ ചേരിയോട് ആഭിമുഖ്യം പണ്ടേ സിപിഐക്കുണ്ടെന്നല്ലെ സിപിഎം നിലപാട്.
ചിന്ത വാരികയിലെ ലേഖനത്തില്‍ ഹിമാലയന്‍ മണ്ടത്തരങ്ങളെന്ന് വിമര്‍ശനം. യുവാക്കള്‍ക്ക് സായുധ വിപ്ലവമോഹം നല്കിയത് സിപിഎമ്മാണ്. ഇഎംഎസിനെയും ലേഖനത്തില്‍ വിമര്‍ശിക്കുന്നു. ചെങ്കൊടി ഉപേക്ഷിക്കേണ്ടിയിരുന്ന പാര്‍ട്ടിയാണ് സിപിഐ എന്നായിരുന്നു ചിന്തയിലെ വിമര്‍ശനം. വാരികയിലെ വിമര്‍ശനത്തിന് മറുപടിയുമായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ചിന്തക്ക് നവയുഗം മറുപടി പറയുമെന്നായിരുന്നു കാനത്തിന്റെ നിലപാട്. തിരിഞ്ഞുകൊത്തുന്ന നുണകള്‍ എന്ന പേരില്‍ നവയുഗം ഉരുളയ്‌ക്ക് ഉപ്പേരിപോലെ മറുപടിയും നല്‍കി. ബാക്കി എന്താകുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് കേരളം.
സിപിഐ വലതുപക്ഷ വായ്‌ത്താരികളെ വാരിപ്പുണര്‍ന്ന് ഇടതുപക്ഷത്തെ തിരുത്തല്‍ ശക്തിയാണെന്നു സ്വയം ചമയുകയാണെന്നു രൂക്ഷമായി വിമര്‍ശിക്കുന്നതാണു സിപിഎം ഒറ്റപ്പാലം ഏരിയ കമ്മിറ്റി അംഗവും പാലക്കാട് കിള്ളിക്കുറുശ്ശിമംഗലം കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം ചെയര്‍മാനുമായ ഇ.രാമചന്ദ്രന്‍ ചിന്തയിലെഴുതിയ ലേഖനം. സന്ദര്‍ഭം കിട്ടിയപ്പോഴൊക്കെയും ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്കൊപ്പം അധികാരം പങ്കിട്ടവര്‍, അധികാരത്തിനു വേണ്ടി അവസരവാദ നിലപാടെടുത്തവര്‍ എന്നിങ്ങനെയുള്ള ആക്ഷേപങ്ങളും സിപിഐയ്‌ക്കെതിരെ ലേഖനത്തിലുണ്ട്.
മുന്നണിയിലെ പാര്‍ട്ടികള്‍ക്കിടയില്‍ പ്രത്യയശാസ്ത്ര തര്‍ക്കം പാടില്ല എന്നില്ല, അവരുടെ അഭിപ്രായം അവര്‍ക്കും തങ്ങളുടേതു തങ്ങള്‍ക്കും പറയാം, കാനം രാജേന്ദ്രന്‍ പറഞ്ഞു. വിമര്‍ശനത്തിന് പ്രതിപക്ഷ ബഹുമാനം വേണ്ടേ എന്ന ചോദ്യത്തോട് അതു വിമര്‍ശിക്കുന്നവരാണു തീരുമാനിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, ചിന്ത വാരികയില്‍ വന്നത് സിപിഎമ്മിന്റെ പ്രതികരണമല്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി. പാര്‍ട്ടി സെക്രട്ടറിയോ സെക്രട്ടേറിയറ്റ് അംഗങ്ങളോ മറ്റു നേതാക്കളോ എഴുതിയതോ എഡിറ്റോറിയല്‍ ലേഖനമോ അല്ല അത്. സിപിഐയുടെ മാധ്യമങ്ങളിലും പലതും വരാറുണ്ട്. വായനക്കാരുടെ പ്രതികരണം എന്ന നിലയിലുള്ള ഒന്നു മാത്രമാണ് ഇപ്പോള്‍ ചിന്തയില്‍ വന്നത്. ഇതിനെ വിവാദമാക്കാനാണെങ്കില്‍ അങ്ങനെ ആകട്ടെ. സിപിഎം നിലപാട് പാര്‍ട്ടി തന്നെ പറയുമെന്നും അതിന് ആരുടെയും ശീട്ട് വേണ്ടെന്നും കോടിയേരി പറഞ്ഞു. ആ ശൈലി എഴുപതുകളില്‍ ഉയര്‍ന്നിട്ടുണ്ട്. ചേലാട്ടച്ചു ചെറ്റ ചെറ്റ വെയ്‌ക്കെട ചെറ്റേ ചെങ്കൊടി താഴെ’ എന്നിങ്ങനെയായിരുന്നല്ലോ അത്. ചേലാട്ട് അച്യുതമേനോന്‍ മുഖ്യമന്ത്രിയായതിനാല്‍ സഹികെട്ട് വിളിച്ച മുദ്രാവാക്യം. അതുതന്നെയാവുമോ ആരുടെയും ‘ശീട്ട്’ വാങ്ങാതെയുള്ള കൊടിയേരി പറയുന്ന ന്യായീകരണം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: