ബെംഗളൂരു: ഹിജാബ് മതത്തിന്റെ അവിഭാജ്യ ഘടകമല്ലെന്നും അതിനാല്‍ യൂണിഫോം ധരിക്കുന്നതാണ് ഉത്തമമെന്നുമുള്ള കര്‍ണ്ണാടക ഹൈക്കോടതിയുടെ വിധി തിരുത്തപ്പെടുന്നതുവരെ തങ്ങള്‍ സ്കൂളിലേക്ക് പോകില്ലെന്ന് ഹിജാബ് ധരിച്ച് പ്രതിഷേധിച്ച വിദ്യാര്‍ത്ഥിനികള്‍. ഇതിനിടെ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിബ നാസ് എന്ന വിദ്യാര്‍ത്ഥിനി സുപ്രിംകോടതിയെ സമീപിച്ചു. കര്‍ണ്ണാടക ഹൈക്കോടതിയില്‍ പരാതി നല്കിയ അഞ്ച് കുട്ടികളില്‍ ഉള്‍പ്പെടാത്ത വിദ്യാര്‍ത്ഥിനിയാണ് നിബ നാസ്.
കര്‍ണ്ണാടക ഹൈക്കോടതിയുടെ വിധി വന്ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് വിദ്യാര്‍ത്ഥികള്‍ കോടതിവിധിയ്ക്കെതിരെ അഭിപ്രായപ്രകടനം നടത്തിയത്. തങ്ങളുടെ മൗലികാവകാശത്തിന് വേണ്ടി വാദിക്കുമെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. ‘ഹിജാബ് ഞങ്ങളുടെ മതത്തിന്റെ അവിഭാജ്യഘടകമാണ്. ഇത് ഖുറാനില്‍ സൂചിപ്പിച്ചിട്ടുണ്ട്’- വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.
ഹിജാബ് ധരിക്കാന്‍ കഴിയാത്തതിനാല്‍ പല കുട്ടികളെയും മാതാപിതാക്കള്‍ സ്കൂളിലേക്ക് പറഞ്ഞയക്കില്ലെന്നും വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടു. ഇനി ഹിജാബ് ധരിക്കാതെ ക്ലാസില്‍ പോകില്ല. പരീക്ഷയ്ക്ക് പഠിക്കും. വീണ്ടും ഹിജാബ് ധരിച്ച് പരീക്ഷയെഴുതാന്‍ പോകും. പ്രവേശനം അനുവദിച്ചില്ലെങ്കില്‍ പരീക്ഷ എഴുതില്ല- വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: