ന്യൂദല്‍ഹി: പാകിസ്ഥാനില്‍ അബദ്ധത്തില്‍ ഇന്ത്യയുടെ മിസൈല്‍ പതിച്ച സംഭവത്തില്‍ ഇന്ത്യയ്ക്ക് പരിപൂര്‍ണ്ണ പിന്തുണ നല്കി അമേരിക്ക. ഇക്കാര്യത്തില്‍ ഇന്ത്യ നല്കിയ വിശദീകരണം തൃപ്തികരമാണെന്നും യുഎസ് പ്രതിരോധവകുപ്പിന്റെ വക്താവ് നെഡ് പ്രൈസ് അഭിപ്രായപ്പെട്ടു.
ഇതോടെ ഈ സംഭവത്തിന്റെ പേരില്‍ ഇന്ത്യയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ നീക്കത്തിന് ഇത് വലിയ തിരിച്ചടിയായി. സംഭവത്തിന്റെ വസ്തുത കണ്ടുപിടിക്കാന്‍ പാകിസ്ഥാന് പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്തി സംയുക്ത അന്വേഷണം നടത്തണമെന്നും പാകിസ്ഥാന് ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് ഇന്ത്യയുടെ വിശദീകരണത്തില്‍ യുഎസ് തൃപ്തി പ്രകടിപ്പിച്ചത്.
മാര്‍ച്ച് 9നാണ് വിവാദമായ സംഭവം നടന്നത്. അന്ന് വൈകീട്ട് 6.43ന് വിക്ഷേപിക്കപ്പെട്ട ഇന്ത്യയുടെ മിസൈല്‍ 6.50ന് പാകിസ്ഥാനില്‍ വീഴുകയായിരുന്നു. ഹരിയാനയിലെ സിര്‍സയില്‍ നിന്നാണ് ഈ മിസൈല്‍ പറന്നുയര്‍ന്നത്. പാക് അതിര്‍ത്തിക്കുള്ളില്‍ 124 കിലോമീറ്ററോളം സഞ്ചരിച്ച് ആള്‍സാന്നിധ്യമില്ലാത്ത മിയാന്ചന്നു നഗരപ്രദേശത്താണ് പതിച്ചത്.
വിമാനത്തില്‍ പോര്മുനയില്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. മാര്‍ച്ച് 9ന് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടയില്‍ സാങ്കേതികപ്പിഴവ് മൂലമാണ് മിസൈല്‍ പറന്നുയര്‍ന്നതെന്നാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം നല്കിയ വിശദീകരണം. എന്നാല്‍ ഇന്ത്യന്‍ വിശദീകരണത്തില്‍ തൃപ്തിയില്ലെന്ന് ഇമ്രാന്ഖാന് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അതിനിടയിലാണ് ഇപ്പോള്‍ യുഎസ് ഇന്ത്യയുടെ വിശദീകരണത്തെ പിന്തുണച്ച് രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: