കോട്ടയം: ആന ചെരിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇന്‍ഷ്വറന്‍സ് തുക നല്‍കാതെ ഉടമയെ കമ്പനി വട്ടംചുറ്റിക്കുന്നു. തുക നല്കാത്തതെന്ത് എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം നല്കുവാന് കമ്പനി അധികൃതര്‍ തയ്യാറാകുന്നില്ല. കിരണ്‍ ഗണപതി എന്ന ആനയുടെ ഉടമ നാഗമ്പടം സ്വദേശി എം.മധുവിനെയാണ് ന്യൂ ഇന്‍ഡ്യാ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ഏറ്റുമാനൂര്‍ ശാഖ വട്ടംചുറ്റിക്കുന്നത്. 2021 ഏപ്രില്‍ 3നാണ് മധുവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കിരണ്‍ ഗണപതി എന്ന ആന ചരിയുന്നത്. ആന ചരിഞ്ഞു കഴിഞ്ഞ് നിയമാനുസൃതമുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കി.
ആന ചരിഞ്ഞ വിവരം ആനയെ ഇന്‍ഷ്വര്‍ ചെയ്തിരുന്ന ന്യൂ ഇന്ത്യാ ഇന്‍ഷ്വറന്‍സ് കമ്പനിയെയും രേഖാമൂലം അറിയിച്ചു. ഇതിനു ശേഷമാണ് നടപടി ക്രമങ്ങളിലേയ്ക്കു നീങ്ങിയത്. മൃഗഡോക്ടര്‍ സ്ഥലത്തെത്തി പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുകയും തുടര്‍ന്ന് ആനയെ സംസ്കരിക്കുകയും ചെയ്തു. അതിനു ശേഷം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള വിവരങ്ങളുമായി ഇന്‍ഷ്വറന്‍സ് തുക ലഭിക്കുന്നതിനുള്ള അപേക്ഷ കമ്പനിക്കു നല്കി. എന്നാല്‍ ഇതിനു തീരുമാനമെടുക്കുന്നതില്‍ നിന്ന് കമ്പനി ഒഴിഞ്ഞു മാറുകയാണ്. ആന ചെരിയുമ്പോള്‍ ഉദ്ദേശം 50 വയസ്സിനു മുകളിലാണ് ആനയുടെ പ്രായം. ശരിയായ രീതിയില്‍ ഭക്ഷണം അകത്തു ചെല്ലാത്തതാണ് (മാല് ന്യൂട്രീഷ്യന്‍) മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. ആനയുടെ പല്ലിനു തേയ്മാനം സംഭവിച്ചിരുന്നതുകൊണ്ട് ശരിയായ രീതിയില്‍ തീറ്റയെടുക്കുവാന്‍ ആനയ്ക്കു കഴിഞ്ഞിരുന്നില്ല.
ഇത് ആനയെ സംരക്ഷിക്കുന്നതില്‍ വന്ന വീഴ്ചയാണെന്ന് കമ്പനി ഉദ്യോഗസ്ഥര്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. എന്നാല്‍ ആനയ്ക്ക് തീറ്റ നല്‍കാതെ പട്ടിണിക്കിട്ടിട്ടില്ല. അങ്ങനെയുള്ള സംഭവത്തിന് സ്റ്റാര്വേഷന് എന്നാണ് പറയുന്നതെന്ന് ആനയെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ ബിനു പറഞ്ഞു. ഒരു കോടിയോളം രൂപ വിലയുള്ള ആനയ്ക് 5 ലക്ഷം രൂപയ്ക്കാണ് ന്യൂ ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ ഇന്‍ഷ്വര്‍ ചെയ്തിരുന്നത്. ആനയോടൊപ്പം ഒന്നാം പാപ്പാന് രണ്ടാം പാപ്പാന് ഉടമ എന്നിവരെയും ഇന്‍ഷ്വര്‍ ചെയ്യണമെന്നതാണ് കമ്പനിയുടെ ചട്ടം.അതനുസരിച്ച് കഴിഞ്ഞ 25 വര്‍ഷമായി 29000 രൂപ വാര്‍ഷിക പ്രീമിയം അടച്ചു വരുകയും ചെയ്തു. 5 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് തുകയ്ക് ആറേകാല്‍ ലക്ഷം രൂപ പ്രീമിയം അടച്ചു.
എന്നിട്ടും ചരിഞ്ഞ ആനയുടെ ഇന്‍ഷ്വറന്‍സ് തുക നല്കാന് കമ്പനി തയ്യാറാകുന്നില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ സാങ്കേതിക പിഴവാണെങ്കില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ അഭിപ്രായം തേടി പ്രശ്നം പരിഹരിക്കാവുന്നതേയുള്ളു. ഇതിനും കമ്പനി തയ്യാറാകുന്നില്ല. പരാതി ഉണ്ടെങ്കില്‍ ഓംബുഡ്സ്മാനെ സമീപിക്കണമെന്ന ധിക്കാരപരമായ മറുപടിയാണ് കമ്പനി അധികൃതര്‍ പറയുന്നതെന്ന് ആനയുടെ ഉടമ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ ഏറ്റുമാനൂരില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഷ്വറന്‍സ് കമ്പനി അധികൃതരെ ഫോണില്‍ ബന്ധപ്പെട്ട മാദ്ധ്യമപ്രവര്‍ത്തകനോടും മോശമായ രീതിയിലാണ് ഉദ്യോഗസ്ഥ സംസാരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: