ന്യൂദല്‍ഹി : അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ മുതിര്‍ന്ന നേതാവ് വീരപ്പമൊയ്ലിയും. പാര്‍ട്ടിയെ നയിക്കാന്‍ പ്രാപ്തിയില്ലാത്ത നേതാക്കളെ മാറ്റാന്‍ നേതൃത്വം തയ്യാറാകണം. ട്വീറ്റുകളും സോഷ്യല്‍ മീഡിയയിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും കൊണ്ട് രക്ഷപ്പെടാമെന്ന് വിശ്വസിക്കുന്നതില്‍ അര്‍ത്ഥമില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയോട് കൂറുള്ളവരുടെ നില ഇപ്പോള്‍ പരുങ്ങലിലാണ്. പാര്‍ട്ടിക്കുള്ളില്‍ ഇപ്പോള്‍ അവസരവാദികളുടെ കാലമാണെന്നും മുതിര്‍ന്ന വീരപ്പ മൊയ്ലി കുറ്റപ്പെടുത്തി.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ്സിന് വലിയ തോല്‍വിയുണ്ടായിരിക്കുന്നു. ഇതിന്റെ കാരണങ്ങള്‍ കണ്ടെത്തി തിരുത്തുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. തോല്‍വിയില്‍ ഒരു പ്രവര്‍ത്തകനോ നേതാവോ പരിഭ്രാന്തരാകരുത്. ഈ ഘട്ടത്തില്‍ പാര്‍ട്ടിയിലെ ഒത്തൊരുമയും സുഗമമായ മുന്നോട്ട് പോക്കുമാണ്. സോണിയ ഗാന്ധി പാര്‍ട്ടിയുടെ ഉത്തരവാദിത്തം പൂര്‍ണ്ണമായും ഏറ്റെടുക്കണമെന്നും വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ വീരപ്പ മൊയ്ലി ആവശ്യപ്പെട്ടു.
പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതിയില്‍ മാറ്റം വരണം. തെരഞ്ഞെടുപ്പിലെ തോല്‍വിയല്ല തന്നെ സംബന്ധിച്ചുള്ള പ്രശ്നം എന്നാല്‍ ഒരു മോശം അവസ്ഥയിലൂടെ പാര്‍ട്ടി മുന്നോട്ട് പോകുമ്പോള്‍ നേതൃത്വത്തെ ലക്ഷ്യം വെക്കുന്ന പ്രസ്താവനകള്‍ ഗുണത്തേക്കാള്‍ ദോഷമാണ് ഉണ്ടാക്കുകയെന്നും വീരപ്പ മൊയ്ലി പറയുന്നു.
പാര്‍ട്ടിയുടെ രീതിയില്‍ മാറ്റം വരണം എന്ന ആവശ്യം ജി23 ഉന്നയിക്കുമ്പോള്‍ ലക്ഷ്യം നേതൃത്വമായിരുന്നില്ല. പിന്നീട് അതില്‍ മാറ്റം വന്നതുകൊണ്ടാണ് അവരുമായി സഹകരിക്കാത്തത്. ജി 23 നേതാക്കളിലൊരാളായിരുന്ന മൊയ്ലി ഇപ്പോള്‍ ആ കൂട്ടായ്മയില്‍ നിന്ന് അകലം പാലിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: