ആലപ്പുഴ: കുട്ടനാട്ടിലേയും അപ്പര്‍കുട്ടനാട്ടിലേയും നെല്ലുസംഭരണത്തിന് ഉദ്യോഗസ്ഥരുടെ പ്രത്യേക സെല്‍ രൂപീകരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. വിരിപ്പ് കൃഷി കൊയ്ത്തിന് 250 ഉം, പുഞ്ചകൃഷി കൊയ്ത്തിന് 500 കൊയ്ത്ത് യന്ത്രങ്ങളും ആവശ്യമായി വരാറുണ്ടന്നും, എന്നാല്‍ വിവിധ ഏജന്‍സികളില്‍ നിന്നും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിന്നുമായി 58 യന്ത്രങ്ങള്‍ ആലപ്പുഴ എറണാകുളം കോട്ടയം ജില്ലകളില്‍ ലഭ്യമാണന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.
എച്ച്. സലാം സഭയില്‍ ഉന്നയിച്ച സബ് മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. കഴിഞ്ഞ സീസണില്‍ യന്ത്രങ്ങളുടെ ദൗര്‍ലഭ്യം ഉണ്ടായ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ യോഗം ചേര്‍ന്നു.സാധാരണയായി എത്തിക്കുന്ന യന്ത്രത്തിന് മണിക്കൂറില്‍ പരമാവധി 1900 രൂപയും, ചങ്ങാടം വഴി എത്തിക്കുന്നതിന് 2000 രൂപയായും നിരക്ക് നിജപ്പെടുത്തി.
കഴിഞ്ഞവര്‍ഷം നിശ്ചയിച്ച 2100, 2200 രൂപയില്‍ നിന്ന് പരമാവധി കുറഞ്ഞ നിരക്കാണ് ഇക്കൊല്ലം തീരുമാനിച്ചത്.കൊയ്ത്തിന്റെ സുഗമമായ നടത്തിപ്പിന് പഞ്ചായത്ത് പ്രസിഡന്റ്, സ്ഥിരം സമിതി അധ്യക്ഷര്‍, പാടശേഖര പ്രതിനിധികള്‍, കൃഷി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കമ്മിറ്റി രൂപീകരിക്കുന്നതിനും, വിളവെടുപ്പിന്റെ മുന്‍ഗണനാ പട്ടിക തയ്യാറാക്കി യന്ത്രങ്ങളുടെ ലഭ്യത ആലപ്പുഴ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ അറായിക്കണമെന്നും, ഏജന്റുമാര്‍ക്ക് അലോട്ട് ചെയ്ത് നല്‍കുന്നത് സാധ്യമാകുമോ എന്ന് പരിശോധിക്കുവാനും തീരുമാനിച്ചു.
കൊയ്ത്തിന്റെ മേല്‍നോട്ടത്തിന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേക സെല്‍ രൂപീകരിക്കുമെന്നും ഇവ പരിശോധിക്കുന്നതിന് എംഎല്‍എമാരെ പങ്കെടുപ്പിച്ച് മന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരുമെന്നും മന്ത്രി മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: