ബെംഗളൂരു: ബജ്രംഗ്ദള് പ്രവര്‍ത്തകനായ ഹര്‍ഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന കര്‍ണ്ണാടകയിലെ കുറ്റാന്വേഷണ വകുപ്പ് ഒരു അജ്ഞാത ഫേസ്ബുക്ക് അക്കൗണ്ടിന് മുന്നില്‍ തോറ്റുപോകുന്നു. ഇടയ്ക്കിടെ ഓരോ സവിശേഷ ദൗത്യവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുകയും ദൗത്യം തീര്‍ന്നാല്‍ പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്യുന്ന ഈ ഫേസ്ബുക്ക് അക്കൗണ്ട് ആരുടേതാണ്?
മാംഗ്ലൂര്‍ മുസ്ലിംസ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിന് പിന്നില്‍ ആരാണെന്നാണ് കുറ്റാന്വേഷണ വകുപ്പ് അന്വേഷിക്കുന്നത്. 2016 മുതല്‍ കുറ്റാന്വേഷണവകുപ്പ് ഈ അക്കൗണ്ടിന് പിന്നാലെയുണ്ടെങ്കിലും അത് പ്രവര്‍ത്തിപ്പിക്കുന്ന അജ്ഞാത കരങ്ങള്‍ കണ്ടെത്താനായിട്ടില്ല. ഇപ്പോഴത്തെ ഹര്‍ഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഈ ഫേസ്ബുക്ക് പേജ് വീണ്ടും ചര്‍ച്ചാവിഷയമാകുന്നു. കൊലയുമായി ഈ ഫേസ്ബുക്ക് പേജിന് അഭേദ്യബന്ധമുണ്ടെന്നും കുറ്റാന്വേഷകര്‍ കരുതുന്നു.
പേജ് ആദ്യം പ്രത്യക്ഷപ്പെട്ടത് 2015ല്‍
2015ല്‍ മാംഗ്ലൂര്‍ മുസ്ലിംസ് എന്ന ഫേസ്ബുക്ക് പോസ്റ്റില്‍ ഹര്‍ഷയ്ക്കെതിരെ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രവാചകനായ മുഹമ്മദിനെതിരെ ഹര്‍ഷ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നുവെന്നും ഹര്‍ഷയ്ക്കെതിരെ ക്രിമിനല്‍ പരാതി നല്‍കണമെന്നും ആഹ്വാനം ചെയ്യുന്നതാണ് പോസ്റ്റ്. എന്നാല്‍ 2019ല്‍ ഈ പേജ് ഫേസ്ബുക്കില്‍ നിന്നും അപ്രത്യക്ഷമായി. പൊലീസ് അന്വേഷിക്കുന്നു എന്നറിഞ്ഞപ്പോഴാണ് ഈ പേജ് പിന്‍വലിച്ചതെന്ന് കരുതുന്നു.
2022 ഫെബ്രുവരി 26ന് ഹര്‍ഷയുടെ കൊലപാതകം കഴിഞ്ഞ് ആറ് ദിവസം പിന്നിടുമ്പോള്‍ വീണ്ടും മാംഗ്ലൂര്‍ മുസ്ലിംസ് എന്ന ഫേസ്ബുക്ക് പേജ് പ്രത്യക്ഷപ്പെട്ടു. ഈ പേജില്‍ 2015ല്‍ ഹര്‍ഷയ്ക്കെതിരെ നടത്തിയ പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ടും ഷെയര്‍ ചെയ്തിട്ടുണ്ട്.
പൊലീസ് ഹര്‍ഷയുടെ കൊലപാതകത്തില്‍ പ്രധാന ആസൂത്രകരായ സയ്യിദ് നദീം, ഖാസിഫ് എന്നിവരെ ഫിബ്രവരി 21നാണ് അറസ്റ്റ് ചെയ്തത്. ഹര്‍ഷയുടെ കാറില്‍ പിന്തുടര്ന്ന് കൊല്ലുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഒരു കാന്റീനില്‍ നിന്ന് ഞായറാഴ്ച രാത്രി ചായകുടിക്കുകയായിരുന്ന ഹര്‍ഷയെ താനും മറ്റ് നാല് പേരും കാറില്‍ പിന്തുടര്ന്ന് മൂര്‍ച്ചയേറിയ ആയുധങ്ങള്‍കൊണ്ട് വെട്ടിയും കുത്തിയും കൊല്ലുകയായിരുന്നുവെന്ന് ഖാസിഫ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.
പൊലീസിനെ വഴിതെറ്റിക്കാന്‍ വീണ്ടും പേജില്‍ ഒരു പോസ്റ്റ്
എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് അന്വേഷണം വഴിതെറ്റിക്കാന്‍ മാംഗ്ലൂര്‍ മുസ്ലിംസ് എന്ന ഫേസ്ബുക്ക് പേജ് ഈ കൊലപാതകത്തിന് പിന്നില്‍ ഒരു ബിജെപി മന്ത്രിയാണെന്നും വര്‍ഗ്ഗീയ അസ്വാരസ്യമുണ്ടാക്കാന്‍ ഹര്‍ഷയെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലചെയ്തതാണെന്നും പറയുന്ന ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. നേരത്തെ 2019ല്‍ ഏഷ്യനെറ്റിന്റെ കര്‍ണ്ണടാക ചാനലായ ഏഷ്യാനെറ്റ് സുവര്‍ണ്ണയുടെ വാര്‍ത്താ അവതാരകനായ അജിത് ഹനുമക്കനാവറേയും നബിയുടെ പേര് പരാമര്‍ശിച്ചതിന്റെ പേരില്‍ വധിക്കുമെന്ന് ഇതേ ഫേസ്ബുക്ക് പേജ് ഭീഷണി ഉയര്‍ത്തിയിരുന്നു.
ഹര്‍ഷയുടെ കൊലയോടെ ഹൈന്ദവസംഘടനകളുമായി ബന്ധപ്പെട്ടവര്‍ കൊലാപതകവും മാംഗ്ലൂര്‍ മുസ്ലിംസ് എന്ന ഫേസ്ബുക്ക് പേജും തമ്മില്‍ ബന്ധമുണ്ടെന്ന് ചില പോസ്റ്റുകള്‍ ചൂണ്ടിക്കാണിച്ച് ആരോപിച്ചു. ഇത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. ഇതോടെയാണ് പൊലീസ് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചത്.
ഫിബ്രവരി 21ന് ഈ ഫേസ്ബുക്ക് പേജിനെതിരെ കേസെടുത്തു. സൈബര്‍ ക്രൈം പൊലീസും ഫിബ്രവരി 23ന് ഈ ഫേസ്ബുക്ക് പ്രൊഫൈലിനെതിരെ കേസെടുത്തു. ഇത് ഹിജാബ് വിവാദത്തെക്കുറിച്ച് വാദം കേള്‍ക്കുന്ന കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജി കൃഷ്ണ ദീക്ഷിതിനെതിരെ മാംഗ്ലൂര്‍ മുസ്ലിംസില്‍ ഒരു കമന്റ് വന്നതിനെതുടര്‍ന്നാണ്. ‘ഹിജാബ് പ്രശ്നത്തില്‍ വിധി പറയുന്നത് ഈ ജഡ്ജിമാരാണ്. സൂക്ഷിച്ചുനോക്കൂ’-ജഡ്ജി കൃഷ്ണ ദീക്ഷിതിന്റെ ചിത്രം പങ്കുവെച്ച് ഈ ഫേസ്ബുക്ക് പേജില്‍ വന്ന ഒരു പോസ്റ്റാണ്.
മാംഗ്ലൂര്‍ മുസ്ലിംസിന് പിന്നില്‍ ആര്? വ്യക്തിയോ അനേകം വ്യക്തികളോ?
ഈ ഫേസ്ബുക്ക് പേജ് സൗദിയില്‍ നിന്നും കുവൈത്തില്‍ നിന്നും പ്രവര്‍ത്തിപ്പിക്കുന്ന പേജായിരിക്കുമെന്നാണ് മാംഗ്ലൂര്‍ പൊലീസ് കരുതുന്നത്. ‘ഒരു പക്ഷെ ഇന്ത്യയില്‍ ഇരുന്ന് വിപിഎന്‍ വഴി ആരെങ്കിലും പ്രവര്‍ത്തിപ്പിക്കുന്നതായിരിക്കും’- മാംഗ്ലൂര്‍ പൊലീസ് പറയുന്നു.
പുതിയ മാംഗ്ലൂര്‍ മുസ്ലിംസ് പേജ് ഈയിടെ തുടങ്ങിയതാണ്. എന്നാല്‍ പ്രകോപനപരമായ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ നിരവധി തവണ ബ്ലോക്ക് ചെയ്ത പഴയ ഫേസ്ബുക്ക് പേജിന്റെ ചിത്രം ഇതില്‍ നല്കിയിട്ടുണ്ടെന്നതിനര്ത്ഥം പഴയതും പുതിയതും പ്രവര്ത്തിപ്പിച്ചിരുന്നവര് ഒരേ വ്യക്തികള്‍ തന്നെയാണെന്നാണ്.
മാംഗ്ലൂരിലെ ദുര്‍ഗാ പരമേശ്വരി ക്ഷേത്രത്തിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന്റെ പേരില്‍ 2016ല്‍ ഈ ഫേസ്ബുക്ക് പേജ് ജില്ലാ കോടതിയുടെ അനുമതിയോടെ മുംബൈ ഓഫീസുമായി ബന്ധപ്പെട്ട മാംഗ്ലൂര്‍ പൊലീസ് ബ്ലോക്ക് ചെയ്തിരുന്നു. അപ്പോഴും ഈ പേജിന്റെ നടത്തിപ്പുകാരനെ കണ്ടെത്താനായില്ല.
ഹര്‍ഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 1000 സമൂഹമാധ്യമ പേജുകളെങ്കിലും പൊലീസ് പരിശോധിച്ചിരുന്നു. വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ പ്രേരിപ്പിക്കുന്ന പോസ്റ്റിട്ട പേജുകളാണിവ. എന്നാല്‍ ഇതില്‍ രണ്ട് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മാംഗ്ലൂര്‍ മുസ്ലിംസ് ഫേസ്ബുക്ക് പേജിന്റെ നടത്തിപ്പുകാരനും ട്രോള്കിംഗ് 193 എന്ന ഇന്‍സ്റ്റഗ്രാം പേജ് നടത്തുന്ന 17 കാരനെതിരെയും. ഇതില്‍ 17കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പക്ഷെ ഒരു ദരിദ്രകുടുംബത്തില്‍ നിന്നുള്ള കൗമാരക്കാരനായിരുന്ന ട്രോള്കിംഗ് 193ന് പിന്നില്‍. ചെറുപ്പത്തിലേ അച്ഛന് നഷ്ടപ്പെട്ട പയ്യനാണിതെന്നും പറയുന്നു. എന്തായാലും മാംഗ്ലൂര്‍ മുസ്ലിംസിന്റെ അഡ്മിനെ കണ്ടുപിടിക്കാനുള്ള ഊര്‍ജ്ജിതശ്രമത്തിലാണ് പൊലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: