ന്യൂദല്‍ഹി: കേരളത്തിലെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിലെ പെന്‍ഷനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. രണ്ടുവര്‍ഷം സേവനം നടത്തുന്നവര്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്ന സംവിധാനം രാജ്യത്ത് എവിടെയും ഇല്ലെന്നാണ് സുപ്രീം കോടതിയുടെ വിമര്‍ശനം. കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങുന്നത് പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം.
രണ്ടുവര്‍ഷം കഴിഞ്ഞാല്‍ പെന്‍ഷന്‍ രാജ്യത്തെവിടെയുമില്ല. സര്‍ക്കാരിന് ഇത്രയും ആസ്തിയുണ്ടോയെന്നും ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. പൊതുമേഖല എണ്ണകമ്പനികള്‍ അധിക ഇന്ധനവില ഈടാക്കുന്നുവെന്നും വില നിശ്ചയിക്കാന്‍ സ്വതന്ത്ര അതോറിറ്റി രൂപീകരിക്കണമെന്നും കെഎസ്ആര്‍ടിസി ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ വിലയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചപ്പോഴാണ് പെന്‍ഷന്‍ കാര്യം ഉയര്‍ത്തി കോടതി മറുചോദ്യം ഉന്നയിച്ചത്. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചതോടെ സര്‍ക്കാര്‍ ഹര്‍ജി പിന്‍വലിച്ചു.
പേഴ്സണല്‍ സ്റ്റാഫിന് നാല് വര്‍ഷം പൂര്‍ത്തിയാകാതെ പെൻഷൻ കൊടുക്കരുതെന്ന് പതിനൊന്നാം ശമ്പള കമ്മീഷൻ ശുപാര്‍ശ ചെയ്തെങ്കിലും സര്‍ക്കാര്‍ അത് ഇതുവരെ അംഗീകരിച്ചിട്ടില്ല. പൂര്‍ണ്ണമായും രാഷ്‌ട്രീയ താല്പര്യങ്ങളുടെ അടിസ്ഥാനത്തിൽ നിയമിതരാകുന്ന പേഴ്സണല്‍ സ്റ്റാഫ് രണ്ട് വര്‍ഷം കഴിയുമ്പോള്‍ തന്നെ സമ്പൂർണ്ണ പെൻഷന് അർഹരാകുന്നു. മന്ത്രിമാര്‍ക്ക് മാത്രമല്ല, പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിനും സമാനമായി പെൻഷൻ ലഭിക്കുന്നതിനാൽ യുഡിഎഫും എല്‍ഡിഎഫും ഇക്കാര്യത്തില്‍ പരസ്പരം പഴി ചാരാതെ മൗനം പാലിക്കുകയാണ്.
മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് പ്രത്യേക യോഗ്യത പോലും നിഷ്കർഷിക്കാറില്ല. ആകെ 1223 പേരാണ് സംസ്ഥാനത്ത് പേഴ്സണല്‍ സ്റ്റാഫ് പെൻഷൻ വാങ്ങുന്നത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: