കൊച്ചി: ആറ്റിങ്ങലില്‍ പിങ്ക് പോലീസിന്റെ പരസ്യ വിചാരണയ്‌ക്ക് ഇരയായ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി.
ഉദ്യോഗസ്ഥര്‍ ചെയ്ത കുറ്റത്തിന് സര്‍ക്കാര്‍ എന്തിനാണ് നഷ്ടപരിഹാരം നല്‍കുന്നതെന്നും കോടതിക്ക് ഇത്തരത്തില്‍ ഉത്തരവിടാന്‍ കഴിയില്ലെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവ് നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. വലിയ മാനസിക പീഡനമാണ് പെണ്‍കുട്ടി നേരിടേണ്ടി വന്നതെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. നമ്പി നാരായണന്‍ കേസില്‍ നഷ്ടപരിഹാരം നല്‍കിയ മാതൃകയില്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെയാണ് സർക്കാർ ഡിവിഷൻ ബഞ്ചിനെ സമീപിച്ചത്.
പരസ്യവിചാരണ നടത്തിയ വനിത പോലീസുകാരിക്കെതിരേ നടപടി സ്വീകരിച്ചെന്നും ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാനാവില്ലെന്നുമാണ് സർക്കാർ നിലപാട് എടുത്തിരുന്നത്. എന്നാലിത് ഹൈക്കോടതി സിംഗിൾ ബഞ്ച് തള്ളുകയായിരുന്നു. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പോലീസ് എട്ടുവയസ്സുകാരിയേയും അച്ഛന്‍ ജയചന്ദ്രനേയും പരസ്യ വിചാരണ നടത്തിയത്. പെണ്‍കുട്ടി ഇതിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു.
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന ചെയ്യാത്ത തെറ്റിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥ തന്നെ കള്ളി എന്ന് വിളിച്ച് അപമാനിച്ചു. തന്റെ അച്ഛന്റെ വസ്ത്രം അഴിച്ചും പരിശോധന നടത്തി. പിന്നീട് ഉദ്യോഗസ്ഥയുടെ ഹാന്‍ഡ്ബാഗില്‍ നിന്ന് തന്നെ മൊബൈല്‍ കണ്ടെത്തി. പോലീസിന്റെ പീഡനം കാരണം തങ്ങള്‍ക്ക് മാനസ്സിക പ്രശ്‌നങ്ങള്‍ ഉണ്ടായിയെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: