പാലക്കാട്: ഡിവൈഎഫ്‌ഐ-സിപിഎം ഗുണ്ടകളുടെ ആക്രമണത്തിൽ യുവമോര്‍ച്ച നേതാവ് അരുൺകുമാർ കൊല്ലപ്പെട്ട കേസിൽ ഡിവൈഎഫ് ഐ നേതാവ് കീഴടങ്ങി. ആലത്തൂർ സ്റ്റേഷനിലെത്തിയാണ് യൂണിറ്റ് സെക്രട്ടറി മിഥുൻ കീഴടങ്ങിയത്. കൊലപാതകത്തിന് ശേഷം മിഥുൻ ഒളിവിൽ പോവുകയായിരുന്നു. മിഥുന്റെ സഹോദരനടക്കം ആറു പേരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു.
ക്ഷേത്രാത്സവത്തെത്തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് അരുണിന് കുത്തേറ്റത്. കൂർത്ത കമ്പി കൊണ്ടും സോഡാ കുപ്പികൾ കൊണ്ടും കുത്തുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ അരുൺ 9 ദിവസം നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പേനാക്കത്തിപോലെ മൂർച്ചയേറിയ ആയുധം കൊണ്ടുള്ള കുത്താണെന്നാണ് പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക കണ്ടെത്തൽ. ഹൃദയത്തിനാണ് കുത്തേറ്റത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സെപ്പെട്ടെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. പഴമ്പാലക്കോട് മേഖലയില്‍ യുവമോര്‍ച്ചയുടെ പ്രവര്‍ത്തനം സജീവമായതില്‍ വിറളി പൂണ്ടാണ് ഡിവൈഎഫ്‌ഐയുടെ ആക്രമണം.
കൊലപാതകത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ആരോപിച്ച ബിജെപി ആലത്തൂർ താലൂക്കിൽ ഹർത്താൽ ആചരിച്ചിരുന്നു. എന്നാൽ കൊലപാതകത്തിന് പിന്നില്‍ രാഷ്‌ട്രീയമില്ലെന്നാണ് പൊലീസ് നിലപാട്. കൊലയ്‌ക്ക് കാരണം വ്യക്തിവൈരാഗ്യമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: