ന്യൂദല്‍ഹി: ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് ഉക്രൈന് സൈന്യത്തില്‍ ചേര്‍ന്ന തമിഴ്നാട് സ്വദേശി സായ് നികേഷ്. കോയമ്പത്തൂര്‍ ഗൗണ്ടം പാളയം സ്വദേശി സായി നികേഷ് ശനിയാഴ്ചയാണ് തിരിച്ചെത്താനുള്ള ആഗ്രഹം ബന്ധുക്കളെ അറിയിച്ചത്. കുടുംബവുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ കാര്യം അറിയിക്കുകയായിരുന്നു.
ഏതെങ്കിലും രീതിയില്‍ മകനെ തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് പിതാവ് രവിചന്ദ്രന്‍ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍സിനോട് പറഞ്ഞിരുന്നു. മടങ്ങിവരാന്‍ താല്‍പ്പര്യമറിയിച്ചതോടെ സായ് നികേഷിനെ തിരിച്ചെത്തിക്കാന്‍ ഇന്ത്യന്‍ എംബസിയുമായി കുടുംബം ബന്ധപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
2018ലാണ് സായി നികേഷ് ഉക്രൈനിലേക്ക് പോയത്. വാര് വീഡിയോ ഗെയിമുകളില്‍ തല്‍പ്പരനായ സായ് നികേഷ് ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിച്ചെങ്കിലും നടക്കാതെ വന്നതോടെ അമേരിക്കന്‍ ആംഡ് ഫോഴ്സില്‍ ചേരാന്‍ ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റിനെ ബന്ധപ്പെട്ടെങ്കിലും അതും സാധ്യമായില്ല. തുടര്‍ന്ന്, ഖാര്‍കിവ് എയറോനോട്ടിക്കല്‍ സര്‍വകലാശാലയില്‍ അഞ്ച് വര്‍ഷത്തെ കോഴ്സിന് ചേരുകയും അവിടെ നിന്ന് ഉക്രൈന് സൈന്യത്തിന്റെ ഭാഗമായ ഉക്രൈന് ഇന്റര്‍നാഷണല്‍ ലീജിയണ്‍ ഫോര്‍ ടെറിറ്റോറിയല്‍ ഡിഫെന്‍സില്‍ ചേര്‍ന്നു.
ഉക്രൈകനില് റഷ്യ അധിനിവേശം നടത്തിയതിന് പിന്നാലെ സായ് നികേഷുമായുള്ള ആശയവിനിമയം കുടുംബത്തിന് നഷ്ടമായിരുന്നു. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിയുമായുടെ സഹായത്തോടെയാണ് സായ്നികേഷിനെ ബന്ധപ്പെട്ടത്. റഷ്യക്കെതിരെ പോരാടുന്നതിന് താന്‍ ഉക്രൈന് അര്‍ദ്ധസൈനിക സേനയില്‍ ചേര്‍ന്നതായി അദ്ദേഹം കുടുംബത്തെ നേരത്തെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: