ബൃന്ദ
നിശ്ശബ്ദരായി
സഞ്ചരിക്കുക
പക്ഷികളെയെന്നപോലെ
ചിറകുകളാലോ
കൊക്കുകളാലോ
പോറല്‍ വീഴ്ത്താതെ.
അപ്പോഴേ
കേള്‍ക്കാനാകൂ
കടലാഴങ്ങളിലേക്ക്
എത്തിച്ചേരുന്നതിനു
തൊട്ടുമുമ്പ്
നദി പാടിയ പാട്ട്,
മൗനത്തില്‍ നിന്ന്
ഈണം തൊട്ടെടുത്ത്
കാറ്റ്
മരച്ചില്ലകളിലേക്ക്
ചേക്കേറുന്നത്,
മണ്ണിന്റെ
കിളിവാതില്‍ തുറന്ന്
മെല്ലെയെത്തിനോക്കുന്ന
വിത്തുകളുടെ
ആത്മഹര്‍ഷം.
ആദ്യത്തെ
പൂവിടരാന്‍
കാത്തുനില്ക്കുന്ന
ചെടികളുടെ
വരാനിരിക്കുന്ന പൂക്കാലം.
ഉറുമ്പുകളുടെ
വര്‍ത്തമാനങ്ങള്‍ .
ഈയാം പാറ്റകളുടെ
അവസാനത്തെ പാട്ട്
നിശബ്ദരായില്ലെങ്കില്
നമ്മളിതൊക്കെ
എങ്ങനെ കേള്‍ക്കും
മണ്ണിനടിയിലും
നിന്ന് ഉയരുന്നുണ്ട്
നിശ്ശബ്ദതയുടെ
സംഗീതം
കാതോര്‍ത്താല്‍ അറിയാം
പൂര്‍വ്വികരുടെ
നിതാന്ത ധ്യാനത്തിന്റെ
ജീവനുള്ള
പ്രാര്‍ത്ഥനകള്‍
ആകാശത്തിന്റെ
അതിരുകളിലേക്ക്
ചില്ലകള്‍, വിടര്‍ത്തുന്നതിന്
വൃക്ഷങ്ങള്‍
ചുറ്റിപ്പിടിച്ചു നില്‍ക്കുന്നത്
വെറും മണ്ണിലല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: