കൊല്ലം: ആത്മഹത്യയ്ക്കും അടച്ചുപൂട്ടലിനും ഇടയില്‍ സര്‍ക്കാര്‍ വഞ്ചനയില്‍ കശുവണ്ടി വ്യവസായികള്‍ വീണ്ടും ജപ്തിക്കുരുക്കിലേക്ക്. വ്യവസായികളുടെയും അവരെ ആശ്രയിക്കുന്ന തൊഴിലാളികളുടെയും ദുരിതം മാറ്റാന്‍ കുടിശ്ശികയായ ബാങ്ക് വായ്പയുടെ അന്‍പത് ശതമാനം എഴുതിത്തള്ളുമെന്ന വ്യവസായ മന്ത്രി പി. രാജീവിന്റെ പ്രഖ്യാപനമാണ് പാഴായത്. 550 കോടി രൂപ കിട്ടാക്കടമായി പ്രഖ്യാപിച്ച് ഒഴിവാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഗതികെട്ട് സമരത്തിനിറങ്ങിയ വ്യവസായികളെ അനുനയിപ്പിക്കാന്‍ കാഷ്യൂകോര്‍പ്പറേഷന്റെ ഇടപെടലില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് മന്ത്രി വലിയ പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ഒരു തരത്തിലുള്ള ധാരണകളും തങ്ങളറിഞ്ഞില്ലെന്ന് ബാങ്ക് അധികൃതര്‍ കൈമലര്‍ത്തിയതോടെ വ്യവസായികള്‍ പെരുവഴിയിലാവുകയായിരന്നു. ജില്ലയിലടക്കം ജപ്തിനടപടികള്‍ നേരിടുകയാണ് ഫാക്ടറി ഉടമകള്‍.
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ വ്യവസായികള്‍ക്കായി രൂപം കൊണ്ട കാഷ്യൂ ഇന്‍ഡസ്ട്രീസ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍(സിഐപിസി) നടത്തിയ തുടര്‍ച്ചയായ പരിശ്രമങ്ങളുടെ ഒടുവിലാണ് ലീഡ് ബാങ്കായ സ്റ്റേറ്റ് ലെവല്‍ ബാങ്കിങ് കമ്മിറ്റി(എസ്എല്‍ബിസി)യുമായി സര്‍ക്കാര്‍ ധാരണയുണ്ടാക്കിയത്. കേരളത്തിലെ എല്ലാ ബാങ്കുകളെയും നിയന്ത്രിക്കുന്ന ലീഡ് ബാങ്കാണ് എസ്എല്‍ബിസി. വ്യവസായികളുടെയും എസ്എല്‍ബിസിയുടെയും സര്‍ക്കാരിന്റെയും പ്രതിനിധികള്‍ ചേര്‍ന്ന് കമ്മിറ്റി രൂപീകരിക്കുകയും പ്രശ്നത്തില്‍ ഇടപെടാന്‍ തീരുമാനിക്കുകയുമായിരുന്നു. പത്ത് തവണ ഈ സമിതി യോഗം ചേര്‍ന്നു. 2021 ഡിസംബര്‍ 30ന് ചേര്‍ന്ന ഒടുവിലത്തെ യോഗമെടുത്ത തീരുമാനം 2020 മാര്‍ച്ച് 31ന് മുമ്പ് കടക്കെണിയിലായ വ്യവസായികള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കലിന് അവസരമൊരുക്കും എന്നതായിരുന്നു. രണ്ട് കോടി രൂപ വരെ അന്‍പത് ശതമാനവും മുകളിലോട്ട് 10കോടി വരെ അറുപത് ശതമാനവും എഴുതിത്തള്ളുമെന്നായിരുന്നു ധാരണ.
ഫെബ്രുവരി 28നുള്ളില്‍ ഓരോ വ്യവസായികളും അതാത് ബാങ്കുകളില്‍ ബാധ്യത തീര്‍ത്ത് ഇടപാട് പൂര്‍ണമായും തീര്‍ത്തുകൊള്ളാം എന്ന് കത്ത് നല്‍കണമെന്നാണ് എസ്എല്‍ബിസി നിര്‍ദേശിച്ചത്. എന്നാല്‍ വ്യവസായികള്‍ കത്ത് നല്കിയപ്പോള് ബാങ്കുകള്‍ അവയുടെ ഹെഡ് ഓഫീസുമായി ബന്ധപ്പെടാനാണ് മറുപടി നല്‍കിയത്. ചര്‍ച്ചയിലുണ്ടായ ധാരണയെക്കുറിച്ച് ബാങ്കുകള്‍ക്ക് യാതൊരു അറിവുമില്ല എന്ന നിലയിലാണ് അവരുടെ പ്രതികരണമെന്ന് വ്യവസായികള്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരും എസ്എല്‍ബിസിയും ചേര്‍ന്ന് കടക്കെണിയിലായ വ്യവസായികളെ കബളിപ്പിക്കുകയാണെന്നാണ് ഉയരുന്ന ആരോപണം. അപൂര്‍വം ചില ബാങ്കുകളൊഴികെ മറ്റെല്ലാവരും നിഷേധാത്മകസമീപനമാണ് പുലര്‍ത്തുന്നത്. വ്യവസായികള്‍ വായ്പ എടുത്ത ഇരുപത്തിനാലോളം ബാങ്കുകളാണുള്ളത്. ഓരോന്നിന്റെയും ആസ്ഥാനത്ത് പോയി അനുകൂല മറുപടി വാങ്ങണമെന്ന നിര്‍ദേശം പാലിക്കുന്നത് ഇപ്പോഴത്തെ നിലയില്‍ അസാധ്യമാണ്. സര്‍ക്കാര്‍ വാക്ക് പാലിക്കാന്‍ തയ്യാറാകണമെന്നാണ് വ്യവസായികള്‍ ഉന്നയിക്കുന്ന ആവശ്യം. കഴിഞ്ഞ ഡിസംബര്‍ 30ന്റെ യോഗത്തിലെ മിനിറ്റ്സ് കാട്ടിയാണ് മന്ത്രി മാധ്യമങ്ങളോട് പ്രഖ്യാപനം നടത്തിയത്. മൂന്ന് മാസം പിന്നിട്ടിട്ടും ആ മിനിറ്റ്സ് സര്‍ക്കാര്‍ ഉത്തരവായി മാറാത്തത് ദുരൂഹമാണെന്ന് അവര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: