ഇസ്ലാമബാദ്: പാക്കിസ്ഥാനിലേക്ക് ഇന്ത്യയില്‍ നിന്നും മിസൈല്‍ വന്നത് അബദ്ധത്തിലല്ലെന്ന് പാക് മാധ്യമങ്ങള്‍. ഇന്ത്യ മിസൈല്‍ പരീക്ഷിച്ചു നോക്കിയതെന്നാണ് മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. ഇതില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരെ മാധ്യമങ്ങള്‍ രൂക്ഷമായി കുറ്റപ്പെടുത്തുന്നുണ്ട്. ഇന്ത്യ ഔദ്യോഗിക വിശദീകരണം ഇറക്കിയപ്പോള്‍ മാത്രമാണ് മിസൈല്‍ തങ്ങളുടെ രാജ്യത്ത് എത്തിയ കാര്യം ഭരണാധികാരികള്‍ അറിഞ്ഞതെന്നും. പാക്കിസ്ഥാന്റെ മിസൈല്‍ പ്രതിരോധ സംവിധാനം ഇന്ത്യ ടെസ്റ്റ് ചെയ്തതാണ് ഇതെന്നും മാധ്യമങ്ങള്‍ ആരോപിക്കുന്നുണ്ട്.
മാധ്യമങ്ങള്‍ സര്‍ക്കാരിന് എതിരെ തിരിഞ്ഞതോടെ പാക്കിസ്ഥാന്‍ ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐഎസ്പിആര്‍) ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ബാബര്‍ ഇഫ്തിഖര്‍ വിശദീകരണവുമായി രംഗത്തെത്തി. പാകിസ്ഥാന്‍ വ്യോമസേനയുടെ (പിഎഎഫ്) എയര്‍ ഡിഫന്‍സ് ഓപ്പറേഷന്‍സ് സെന്റര്‍ ഇന്ത്യന്‍ പ്രദേശത്തിനുള്ളില്‍ നിന്ന് മിസൈല്‍ വന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പാക്കിസ്ഥാന്റെ വ്യോമപാതയിലൂടെയാണ് മിസൈല്‍ എത്തിയത്. അപകടം ഉണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ടാണ്. തങ്ങളുടെ രാജ്യത്തിന് ഏറ്റ അപമാനകരമായ കാര്യമാണ്. ഇക്കാര്യത്തില്‍ ഇന്ത്യ വിശദീകരിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. 366 കിലോമീറ്റര്‍ ദൂരത്തുനിന്നാണ് മിസൈല്‍ എത്തിയത്. പാക്കിസ്ഥാന്റെ അതിര്‍ത്തി കടന്ന് 108 കിലോമീറ്റര്‍ ഉള്ളിലേക്ക് മിസൈല്‍ എത്തി. ഇത് ഇന്ത്യ നിര്‍മ്മിച്ചെടുത്ത് ബ്രഹ്‌മോസ് മിസൈലാണെന്നും ബാബര്‍ ഇഫ്തിഖര്‍ ആരോപിച്ചു.
അബദ്ധത്തില്‍ മിസൈല്‍ വിക്ഷേപിക്കുകയായിരുന്നുവെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം. ഖാനേവാല്‍ ജില്ലയിലെ മിയാന്‍ ചന്നുവിലാണ് ഇന്ത്യയുടെ മിസൈല്‍ ചെന്ന് പതിച്ചത്. ഖേദകരമായ സംഭവമെന്ന് വിശദീകരിച്ച ഇന്ത്യ ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ചു. മാര്‍ച്ച് ഒമ്പതാം തീയതി അറ്റകുറ്റപണികള്‍ക്കിടെയുണ്ടായ സാങ്കേതിക തകരാറാണ് മിസൈല്‍ വിക്ഷേപണത്തിന് കാരണമെന്ന് വിശദീകരണക്കുറിപ്പില്‍ പറയുന്നു. വിഷയം വളരെ ഗൗരവത്തോടെ കാണുന്നുവെന്നും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നുമാണ് സര്‍ക്കാര്‍ മറുപടി.
കഴിഞ്ഞ ദിവസം രാത്രിയാണ് പാകിസ്ഥാന്റെ ഇന്റര്‍ സര്‍വ്വീസസ് റിലേഷന്‍സിന്റെ മേജര്‍ ജനറല്‍ ബാബര്‍ ഇഫ്തിക്കര്‍ ഇന്ത്യന്‍ മിസൈല്‍ പാകിസ്ഥാനില്‍ വീണതായി അവകാശപ്പെട്ടത്. സംഭവത്തില്‍ ഇന്ത്യന്‍ പ്രതിരോധന മന്ത്രാലയം ഖേദം പ്രകടിപ്പിച്ചു. ആര്‍ക്കും അപകടമുണ്ടാവാത്തതില്‍ ആശ്വാസമുണ്ടെന്നും പ്രതിരോധവകുപ്പ് കൂട്ടിച്ചേര്‍ത്തു. സ്‌ഫോടകവസ്തു ഘടിപ്പിക്കാത്ത മിസൈലാണ് അബദ്ധത്തില്‍ വിക്ഷേപിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: