പത്തനാപുരം : ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വേദിയിലിരിക്കെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകളെ രൂക്ഷമായി വിമര്‍ശിച്ച് കെ.ബി.ഗണേശ് കുമാര്‍ എംഎല്‍എ. തലവൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ കെട്ടിട ഉത്ഘാടന ചടങ്ങിലാണ് എംഎല്‍എയുടെ വിമര്‍ശനം. ചില അലവലാതി ഡോക്ടര്‍മാര്‍ എനിക്കെതിരെ പറയുന്നത് കേട്ടു എന്ന് ഗണേശ് കുമാര്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ പേരെടുത്ത് പറഞ്ഞായിരുന്നു എംഎല്‍എയുടെ വിമര്‍ശനം. സിനിമാ നടനായ തന്റെ വീട്ടിലിട്ടിരിക്കുന്നതിനെക്കാളും മികച്ച ടൈല്‍സുകളാണ് ആശുപത്രിയിലെതെന്ന് ഗണേശ് കുമാര്‍ പറഞ്ഞു. സിഎംഒയെ വിമര്‍ശിച്ചു എന്ന ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകളുടെ ആരോപണം എംഎല്‍എ തള്ളി. സിഎംഒയ്ക്കെതിരെ താന്‍ ഒന്നും പറഞ്ഞിട്ടല്ലെന്ന് ഗണേശ് കുമാര്‍ പറഞ്ഞു.
നേരത്തെ തലവൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ കെ.ബി.ഗണേശ് കുമാര്‍ എംഎല്‍എ നടത്തിയ മിന്നല്‍ പരിശോധന ഏറെ വിവാദമായിരുന്നു. ആശുപത്രിയും പരിസരവും വൃത്തിഹീനമാണെന്ന് പറഞ്ഞ് കൊണ്ട് ജീവനക്കാരെയും ഡോക്ടര്‍മാരെയും എംഎല്‍എ ശാസിച്ചിരുന്നു. കോടിക്കണക്കിന് രൂപ മുടക്കി ചെലവാക്കിക്കൊണ്ട് ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യാനിരിക്കെ ഡോക്ടര്‍മാരും ജീവനക്കാരും ഉത്തരവാദിത്തമില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്ന് ഗണേശ് കുമാര്‍ ആരോപിച്ചിരുന്നു. ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ എംഎല്‍എയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര് രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: