ചരമവും ചരമവാര്‍ത്തകളും നമുക്ക് ദുഃഖമുണ്ടാക്കും. എന്നാല്‍, നമ്മുടെ പല മാധ്യമങ്ങളിലെയും ചരമവാര്‍ത്തകള്‍,അനുശോചനങ്ങള്‍, അനുസ്മരണങ്ങള്‍ തുടങ്ങിയവയിലെ ചില പ്രയോഗങ്ങളും ശൈലികളും വായനക്കാര്‍ക്ക് ചെടിപ്പുണ്ടാക്കുന്നവയാണ്.
അനുശോചനക്കാരും അനുസ്മരണക്കാരും ചരമ റിപ്പോര്‍ട്ടുകളിലെ പത്രശൈലി സ്വായത്തമാക്കിയിരിക്കുന്നു. അതുകൊണ്ട് ഏറ്റവുമേറെ സന്തോഷിക്കുന്നത് പത്രലേഖകരാണ്! പറയുന്നത് അങ്ങനെതന്നെ എഴുതിക്കൊടുത്താല്‍ മതി!
മാധ്യമങ്ങളില്‍ വരുന്ന ‘അനുശോചനസ്തുതി’കളിലേക്ക് ഒന്നു കണ്ണോടിക്കാം.
മരിച്ചത് ഏതു പാര്‍ട്ടിയിലെ ഏതു നേതാവായാലും അദ്ദേഹം ‘രാഷ്ട്രീയ എതിരാളികളുടെപോലും സ്നേഹാദരങ്ങള്‍ പിടിച്ചുപറ്റിയ വ്യക്തിത്വം’ ആയിരിക്കും. ‘മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ വക്താവു മാത്രമല്ല, പ്രയോക്താവുമായിരുന്ന’ നേതാവും ഇത്തരം റിപ്പോര്‍ട്ടുകളിലെ സ്ഥിര സാന്നിധ്യമാണ്. ‘രാഷ്ട്രീയത്തെ ജനസേവനം മാത്രമായി കണ്ട തലമുറയുടെ അവസാനകണ്ണി’കളിലൊന്നാണ് അദ്ദേഹത്തിന്റെ നിര്യാണത്തോടെ അറ്റുപോയത്.
വിലമതിക്കുന്ന സംഭാവനകള്‍ ഒരു നേതാവും നമുക്കു നല്‍കിയിട്ടില്ല. എല്ലാവരും ‘വിലമതിക്കാനാവാത്ത സംഭാവനകള്‍’ നല്കിയവരത്രെ. ആരുടെ വിയോഗവും ഏതനുശോചനക്കാരനും ‘വ്യക്തിപരമായ വലിയൊരു നഷ്ടംകൂടി’യായിരിക്കും. ‘അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി നിലകൊള്ളുകയും അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുകയും’ ചെയ്യാത്ത ഏതെങ്കിലുമൊരു നേതാവ് മരിച്ചിട്ടുണ്ടോ?
‘സന്ദിഗ്ധഘട്ടങ്ങളിലെല്ലാം സ്വന്തം പ്രസ്ഥാനത്തിനു മാത്രമല്ല, സമൂഹത്തിനും ദിശാബോധം പകര്‍ന്ന’ നേതാക്കന്മാര് എത്രയെത്ര! ചിലരുടെ വ്യക്തിത്വം ‘സൂര്യതേജസ്സാര്‍ന്ന’താണെങ്കില്‍ മറ്റു ചിലരുടേത് ‘ചാന്ദ്രശോഭ’യാര്ന്നതാണ്! എത്ര ‘ഉന്നതപദവിയിലെത്തിയാലും വിനയവും എളിമയും കാത്തുസൂക്ഷിക്കാന്‍’ ആരും മറക്കാറില്ല. ചിലര്‍ ‘മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കു’മ്പോള്‍ ചിലര്‍ ‘മൂല്യങ്ങളെ മുറുകെപ്പിടിക്കുന്നു.’
സാക്ഷാല്‍ ആളിനെക്കാള്‍ ചില അനുശോചനക്കാര്‍ക്ക് പ്രിയം ‘ആള്‍രൂപ’ങ്ങളെയാണ്. ‘പ്രതിബദ്ധത’യ്ക്ക്, ‘സേവന’ത്തിന്, ‘രാഷ്ട്രീയധാര്‍മികതയ്ക്ക്’ എന്നു വേണ്ട, ഏതു സദ്ഗുണത്തിനും ആള്‍രൂപങ്ങള്‍ ഇഷ്ടം പോലെയുണ്ട്!
‘ആള്‍രൂപ’ത്തിനൊപ്പംതന്നെ നില്ക്കും ‘കാവലാള്‍.’ ‘നീതിയുടെ’, ‘മതസൗഹാര്‍ദ്ദത്തിന്റെ’, ‘സമാധാനത്തിന്റെ’ എത്രയോ കാവലാളുകളെ നാം കണ്ടു!
‘സംശുദ്ധമായ പൊതുപ്രവര്‍ത്തനത്തിന്റെ പ്രതീക’മായ നേതാവ് എപ്പോഴും ‘കടുത്ത എതിരാളികള്‍ക്കുപോലും പ്രിയങ്കര’നായിരിക്കും. ചിലര്‍ ‘സൗമ്യമുഖം’ കൊണ്ടും ചിലര്‍ ‘സൗമ്യസാന്നിധ്യം’ കൊണ്ടും എല്ലാവരുടെയും പ്രീതി പിടിച്ചുപറ്റും! ‘മധുരം, സൗമ്യം, ദീപ്തം’ എന്ന വിശേഷണം ആര്‍ക്കും ചാര്‍ത്താന്‍ മടിയില്ലാത്ത അനുശോചനക്കാരുണ്ട്.
വിളക്കുകളില്‍ ‘മാര്‍ഗദീപ’ത്തിനാണ് കൂടുതല്‍ പ്രിയം. ചിലര്‍ ‘ഈ തലമുറയ്ക്കു മാത്രമല്ല വരാനിരിക്കുന്ന തലമുറകള്‍ക്കും മാര്‍ഗദീപം’ ആയിരിക്കും. ‘നിറദീപവും’ ‘വഴിവിളക്കും’ ‘കെടാവിളക്കും’ തൊട്ടുപിന്നാലെയുണ്ട്. ചിലരിപ്പോഴും ‘വഴികാട്ടി’യെത്തന്നെ ആശ്രയിക്കുന്നു.
‘കാലത്തിനൊപ്പം നടന്ന’വരും ‘കാലത്തിന് മുന്‍പേ നടന്ന’വരും നമുക്കു പരിചിതരാണ്. ‘കാലത്തിനു പിന്‍പേ നടന്ന’വര് എന്തോ ഇവര്‍ക്കൊപ്പം എത്തിയിട്ടില്ല.
‘നിലപാടുകളില്‍ ഉറച്ചുനിന്ന’വരും ‘ശരിക്കൊപ്പം ഉറച്ചുനിന്ന’വരും ഏറെ.
‘മുഖം നോക്കാതെ അഭിപ്രായം തുറന്നുപറയുന്ന ശീലം’ മാത്രമാണ് ചിലര്‍ക്ക് ശത്രുക്കളെ സൃഷ്ടിക്കാറുള്ളത്.
‘അധികാരത്തിന്റെ ഉന്നതശ്രേണിയിലെത്തിയിട്ടും ലളിതജീവിതം നയിച്ച’വരാണ് എല്ലാവരും. ചിലരുടെ ജീവിതം ‘സമൂഹത്തിനു പാഠ’മാണെങ്കില്‍ ചിലരുടേത് ‘പാഠപുസ്തക’മാണ്.
എത്ര വീടുകളുണ്ടെങ്കിലും ‘എപ്പോഴും ജനങ്ങള്‍ക്കിടയില്‍ കഴിയാന്‍ ഇഷ്ടപ്പെട്ട’വരാണ് നേതാക്കളെല്ലാം.
‘സഹോദന്’, ‘സഹോദരതുല്യന്‍’, ”ഗുരു’, ‘ഗുരുതുല്യന്‍’, ‘പിതൃതുല്യന്‍’- ഇങ്ങനെ പോകുന്നു അനുശോചനക്കാര്‍ക്ക് മരിച്ചവരോടുണ്ടായിരുന്ന അടുപ്പത്തിന്റെ ഏറ്റക്കുറച്ചിലുകള്‍. ‘ശാരീരികമായ കടുത്ത അവശതകള്‍ മറന്നും പൊതുരംഗത്ത് പ്രവര്‍ത്തിക്കാന്‍’ ആരും മറന്നില്ല. ‘അനീതിക്കെതിരെ ശക്തമായി പ്രതികരിക്കുമ്പോഴും ആരുടെയും വ്യക്തിത്വത്തിനു മുറിവേല്ക്കാതിരിക്കാന്’ എല്ലാവരും എപ്പോഴും ശ്രദ്ധിക്കാറുണ്ട്.
എന്തായാലും, അനുശോചനക്കാര് പത്രലേഖകരെ ‘കടത്തിവെട്ടാന്‍’ തുടങ്ങിയിരിക്കുന്നു!
”ഞാന്‍ മരിച്ചീടുകിലെന്നെയോര്ത്തു ദുഃഖ-
ഗീതങ്ങളാലപിച്ചീടൊലാ വത്സരേ
കൊച്ചുസൈപ്രസ് വിടപമോ റോസയോ
നട്ടുപിടിപ്പിക്കരുതെന് തലയ്ക്കലായ്” എന്ന് പണ്ടൊരു ഇംഗ്ലീഷ് കവയിത്രി (ക്രിസ്റ്റിനാ റോസെറ്റി) പാടിയത് ഇത്തരം ‘അനുശോചനസ്തുതിഗീത’ങ്ങളെ ഭയന്നാവാം!
പിന്കുറിപ്പ്:
”സുദീര്‍ഘമായ ആത്മബന്ധമാണ് അദ്ദേഹവുമായി എനിക്കുള്ളത്. അന്ത്യശ്വാസം വലിക്കുന്നതിനു തൊട്ടുമുന്‍പും അദ്ദേഹം എന്നെ വിളിച്ച് ദീര്‍ഘനേരം സംസാരിച്ചിരുന്നു…”
പ്രതികരിക്കാൻ ഇവിടെ എഴുതുക: