പൊങ്ങച്ചം വിളിച്ചുപറയാന്‍ അപാര ധൈര്യം വേണം. അങ്ങനെ നോക്കുമ്പോള്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ധീരന് തന്നെ. വലിയ പദ്ധതികളൊന്നുമില്ല. പറയുന്ന കാരണങ്ങളോ പ്രതിസന്ധികളും. അവിടെ പകച്ചു നിന്നില്ലെന്നാണ് പൊങ്ങച്ചം. പ്രായോഗിക സമീപനം അടങ്ങുന്ന വികസനോന്മുഖ കാഴ്ച്ചപ്പാടുള്ള ബജറ്റാണെന്നാണ് പിണറായിയുടെ കാഴ്ച്ചപ്പാട്.
മഹാമാരിക്കാലത്ത് ധനകാര്യം യാഥാസ്ഥിതികത്വം മുഴച്ചു നില്ക്കുന്ന സമീപനമാണത്രെ കേന്ദ്രത്തിന്. മഹാമാരിയെ പിടിച്ചുകെട്ടാനും പ്രതിസന്ധികളെ മറികടക്കാനും കേന്ദ്രം കാണിച്ച ജാഗ്രത കണ്ട് പഠിക്കേണ്ടതല്ലെ. ജനസംഖ്യയില്‍ നാലു ശതമാനം മാത്രമുള്ള കേരളം മരണനിരക്കില്‍ രണ്ടാം സ്ഥാനത്താണെന്ന സത്യം പോലും മറച്ചുവച്ചിട്ട് കാര്യമുണ്ടോ?
മഹാമാരിക്ക് പുറമേ ഉക്രൈനിലെ യുദ്ധവും നമ്മുടെ സാഹചര്യങ്ങളെ സങ്കീര്‍ണമാക്കുന്നു എന്നും ന്യായം. കൊവിഡ് മൂന്നാം തരംഗം ഒഴിഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ സാമ്പത്തിക പ്രത്യാഘാതം ഹ്രസ്വകാലത്തിനപ്പുറം നിലനില്ക്കും. ഫെഡറല്‍ ഘടനയിലെ പരിമിതമായ അധികാരങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് എത്ര ഫലപ്രദമായി ഒരു സംസ്ഥാന സര്‍ക്കാരിന് ഇടപെടാന്‍ കഴിയും എന്നുകൂടിയാണ് ഈ ബജറ്റിലൂടെ വ്യക്തമാകുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
ഉന്നത വിദ്യാഭ്യാസ രംഗം ഗുണമേന്മയുള്ളതാക്കാനും ശാസ്ത്ര സാങ്കേതിക രംഗത്തെ ഗവേഷണം വിപുലപ്പെടുത്തി വിജ്ഞാന മേഖലയെ ഉത്പാദന രംഗവുമായി ബന്ധപ്പെടുത്താനും വ്യക്തമായ നിര്‍ദേശം അനിവാര്യമാണ്.
എല്ലാറ്റിനും കേന്ദ്രത്തെയും ബിജെപിയേയും വിമര്‍ശിക്കുന്ന മന്ത്രി കെ.എന്‍. ബാലഗോപാല്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഒന്നറിയണം. അദ്ദേഹം അഞ്ചു വര്‍ഷം കൊണ്ട് എന്തൊക്കെ ചെയ്തു എന്ന് മനസ്സിലാക്കണം. കേരളത്തിലെ ഭരണകക്ഷി നേടിയതിന്റെ മൂന്നിരട്ടി സീറ്റുമായി അധികാരത്തിലെത്തിയ യുപി സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ പഠിക്കാന്‍ ശ്രദ്ധിക്കണം. നേട്ടങ്ങള്‍ മാത്രമല്ല വലിയ നിര്‍ദേശങ്ങളും നിഗമനങ്ങളും പദ്ധതികളും മുന്നോട്ടുവച്ചുള്ള യോഗിയുടെ മുന്നേറ്റത്തിനിടയില്‍, തോറ്റെങ്കില്‍ എന്ന ചോദ്യവും ഉയര്‍ന്നതാണ്. അതിന് അദ്ദേഹത്തിന്റെ മറുപടി വ്യക്തമാണ്. ‘ഞാനൊരിടത്തും തോറ്റിട്ടില്ല. ഇനി തോല്‍ക്കുകയുമില്ല’ എന്ന ആത്മവിശ്വാസവും ശ്രദ്ധേയമാണ്.
നരേന്ദ്രമോദി സര്‍ക്കാരിന്റെ തുടക്കം ശുചിത്വപദ്ധതികള്ക്കായിരുന്നല്ലൊ. യോഗി അതും മാതൃകയാക്കി. സംസ്ഥാനത്തെ 2.26 കോടി വീടുകളില്‍ ശുചിമുറി ഉണ്ടാക്കി. 1.21 കോടി വീടുകളില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല എല്ലാവര്ക്കും വൈദ്യുതി എത്തിച്ചു. 1.47 കോടി വീടുകളില്‍ സൗജന്യമായി വൈദ്യുതി നല്കി. 1.56 കോടി കുടുംബങ്ങള്‍ക്ക് സൗജന്യ പാചകവാതകസംവിധാനമൊരുക്കി. 15 കോടി പേര്‍ക്ക് സൗജന്യറേഷന് സംവിധാനവും നല്കി. കര്‍ഷകരുടെ കടങ്ങളെല്ലാം എഴുതിത്തള്ളി. ഈ സൗകര്യങ്ങളും സൗജന്യങ്ങളും വിസ്മരിച്ചുകൊണ്ടുള്ള കര്‍ഷകസമരങ്ങള്‍ക്ക് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ല. 43 ലക്ഷം വീടുകള്‍ ദളിത് പിന്നാക്ക ജനങ്ങള്‍ക്ക് നിര്‍മിച്ചു നല്കിയ മോദിയെയും യോഗിയെയും അവഗണിക്കാന്‍ ജനങ്ങള്‍ക്ക് കഴിയില്ല.
‘യോഗി മോഡല്‍’ കൃത്യമായി പ്രതിഫലിക്കുന്നതായിരുന്നു ഇത്തവണത്തെ ബിജെപിയുടെ തെരഞ്ഞെടുപ്പു തീം സോങ് വീഡിയോ. ‘യുപിക്ക് വീണ്ടും വേണം ബിജെപി സര്‍ക്കാരിനെ’ എന്നായിരുന്നു തലക്കെട്ട്. അയോധ്യ, കാശി, വാരാണസി, പ്രയാഗ്രാജ്, മഥുര എന്നിവിടങ്ങളിലെ തീര്‍ഥാടന കേന്ദ്രങ്ങളുടെ മാറിയ മുഖമാണ് വീഡിയോയില്‍ ഏറെയും. ഒപ്പം സംസ്ഥാനത്തെ മറ്റു വികസനക്കാഴ്ചകളും. മിക്ക ഫ്രെയിമുകളിലും മോദിയും യോഗിയുമുണ്ട്. തനിക്കൊപ്പം എന്നും പ്രധാനമന്ത്രിയുണ്ടാകുമെന്ന ഉറപ്പ് യുപിയിലെ ജനങ്ങള്‍ക്കു നല്‍കാനും യോഗി ശ്രമിച്ചിരുന്നു. യോഗിയുടെ ചുമലില്‍ കൈയിട്ട് ഒപ്പം നടക്കുന്ന മോദിയുടെ ചിത്രത്തിന് യുപിയില്‍ അത്രയേറെ പ്രചാരമാണ് ബിജെപി നല്‍കിയത്.
മോദി-യോഗി എന്നിവര്‍ സൃഷ്ടിക്കുന്ന തരംഗം മാത്രമല്ല യുപിയില്‍ ബിജെപിയെ പിന്തുണച്ചത്. പാര്‍ട്ടി പറയുന്നതെല്ലാം പ്രാവര്‍ത്തികമാക്കാന്‍ ഏറ്റവും താഴെത്തട്ടു മുതല്‍ ബിജെപിയുടെ സംഘടനാസംവിധാനം ശക്തമാണ്. ബൂത്തുകളില്‍ ത്രിതല സംവിധാനമാണ്. അധ്യക്ഷനും പ്രഭാരിയും ബൂത്ത് സമിതിയുമുണ്ടാകും. ഓരോ ബൂത്ത് സമിതിക്കും ഒരു തലവനും. ബൂത്തിനു കീഴിലെ നിശ്ചിത വോട്ടര്‍മാരുടെ വോട്ട് ഉറപ്പാക്കുകയാണ് ഇദ്ദേഹത്തിന്റെ ജോലി. അതിന് അവരുടെ വീടുകളില്‍ നിരന്തരമെത്തി തുടര്‍ച്ചയായി വോട്ടു ചോദിക്കും. ബിജെപിയുടെ പ്രചാരണ മാധ്യമങ്ങള്‍ കൃത്യമായി ഇവരിലേക്ക് എത്തിക്കും. അങ്ങനെ യുപിയിലെ ഓരോ വീട്ടിലും ബിജെപി പ്രതിനിധിയെത്തും. അമിത് ഷാ പ്രചാരണം തുടങ്ങിയത് വീടുകള്‍തോറും കയറിയിറങ്ങിയായിരുന്നുവെന്നതും ഈ പ്രചാരണ തന്ത്രത്തോടൊപ്പം ചേര്‍ത്തു വായിക്കണം. ബാലഗോപാലിന്റെ ബജറ്റില്‍ കേരള മോഡല്‍ കാണിക്കാനാവില്ല. ജനകീയാസൂത്രണവും വല്ലപ്പോഴുമെങ്കിലും ഓര്‍ത്താല്‍ നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: