വിനി മഹാജന്
ശുചിത്വ ഭാരത ഗ്രാമീണ ദൗത്യത്തിലുടനീളം (എസ്ബിഎം-ജി), സ്ത്രീകളുടെ സംഭാവന അതിശയിപ്പിക്കുന്നതാണ്. സ്ഥായിയായ സങ്കല്പങ്ങള് മാറ്റിമറിച്ചു കൊണ്ടും, പക്ഷപാത ചിന്തകളെ മറികടന്നുകൊണ്ടും തങ്ങളുടെ സമൂഹത്തിന്റെ ആരോഗ്യത്തിനും ക്ഷേമത്തിനും അവര്‍ സംഭാവന നല്കുന്നു. ഒപ്പം, സര്‍ക്കാര്‍ പദ്ധതികളുടെ ലക്ഷ്യപൂര്‍ത്തീകരണത്തിന് നിരവധി ഉത്തരവാദിത്വങ്ങളും ഏറ്റെടുത്തിരിക്കുന്നു. ശുചിമുറികളുടെ നിര്‍മ്മാണ പ്രവര്‍ത്തകരായും മാലിന്യം ശേഖരിച്ച് വേര്‍തിരിച്ച് സംസ്കരിക്കുന്ന ഹരിത അംബാസഡര്‍മാരായും കൊവിഡ് ബോധവത്കരണം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകരായും ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സ്വച്ഛഗ്രഹികളായും സാനിറ്ററി നാപ്കിനുകള്‍ നിര്‍മിക്കുന്ന സംരംഭകരായുമെല്ലാം സ്ത്രീകള്‍ അവരുടെ ഗ്രാമങ്ങളെ സുസ്ഥിര നേട്ടങ്ങളിലേക്ക് നയിക്കുന്നു.
ധൈര്യവും നിശ്ചയദാര്‍ഢ്യവും വൈദഗ്ധ്യവും ഉള്ള സ്ത്രീകള്‍ക്ക് ശരിയായ പിന്തുണകൂടി ഉറപ്പാക്കിയാല്‍ അവര്‍ എന്തിനും പ്രാപ്തരാണെന്ന് തെളിയിക്കപ്പെട്ടു. പുതിയ കഴിവുകള്‍ നേടാനും നൂതന ആശയങ്ങള്‍ സ്വീകരിക്കാനും അതിലൂടെ സ്വയം ശാക്തീകരിക്കാനും അവര്‍ സദാ സന്നദ്ധരാണ്. തീര്‍ച്ചയായും നമ്മുടെ ഗ്രാമങ്ങളിലെ സ്ത്രീകള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
കര്‍ണാടകയിലെ ഗദഗ് ജില്ലയിലുള്ള സ്ത്രീകള്‍, മാലിന്യ സംഭരണ തൊഴിലാളികളായി ഇന്ന് അവരുടെ ഉപജീവനമാര്‍ഗ്ഗം കണ്ടെത്തിയിരിക്കുന്നു. ഗ്രാമപഞ്ചായത്തിലെ സഞ്ജീവനി വനിതാ സ്വയംസഹായ സംഘത്തിലെ അംഗങ്ങളായ ഇവര്‍, ട്രക്ക് ഡ്രൈവര്‍ പോലെ പുരുഷമേധാവിത്വം ഉള്ള ജോലി ഏറ്റെടുത്ത് നടത്തുന്നു. ഛത്തീസ്ഗഡിലെ മഹാ സാമന്ത് ജില്ലയിലുള്ള വനിതാ സ്വയംസഹായ സംഘത്തിലുള്ളവര്‍ ബര്ത്തന് ബാങ്ക് എന്ന നൂതന ആശയവുമായാണ് മുന്നോട്ട് വന്നത്. ഗ്രാമങ്ങളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിച്ചതോടെ, വിവാഹ ആവശ്യത്തിനുംമറ്റും ഭക്ഷണം പാചകം ചെയ്യുന്നതിനും വിളമ്പുന്നതിനും ഉള്ള സ്റ്റീല്‍ പാത്രങ്ങള്‍ വാടകയ്ക്ക് നല്കുന്ന സംരംഭമാണിത്.
മധ്യപ്രദേശിലെ ആദിവാസി ജില്ലയായ ദിന്‍ഡോറിയിലെ പതന്ഗട് ഗ്രാമത്തിലെ പാതയോരങ്ങളിലെ ചുമരുകള്‍ ശുചിത്വ സന്ദേശമടങ്ങിയ വര്‍ണ്ണ ചിത്രങ്ങളാല്‍ മനോഹരമാണ്. തദ്ദേശ വകുപ്പിന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ ‘കലയിലൂടെ വൃത്തി’ എന്ന പ്രചാരണ പരിപാടി വഴി പതിനൊന്നായിരത്തിലധികം വനിതകളാണ് ഈ ചുമര്‍ചിത്രങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചത്. വൃത്തിക്കൊപ്പം വരുമാനവും എന്നതാണ് ആന്‍ഡമാന്‍ ജില്ലയില്‍ വനിതകളുടെ മുദ്രാവാക്യം. വെര്‍മി കമ്പോസ്റ്റിങ്ങിലൂടെ ഖര മാലിന്യ സംസ്കരണവും അതുവഴി മെച്ചപ്പെട്ട കാര്‍ഷിക വിളവും ആണ് അവര്‍ സാധ്യമാക്കിയത്. ഉറവിടത്തില്‍ തന്നെ ഖരമാലിന്യം ശേഖരിച്ച് വേര്‍തിരിക്കണം എന്നതാണ് കേരളത്തിന്റെ മാലിന്യസംസ്കരണ നയം. ഇത് പിന്തുടര്ന്നുകൊണ്ട്, മാലിന്യ സംസ്കരണത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളടങ്ങുന്ന വലിയൊരു വിഭാഗത്തിന് തൊഴില്‍ നല്‍കുന്നതിന് ഉദാഹരണമാണ് മലപ്പുറം ജില്ലയിലെ തുവൂര്‍ ഗ്രാമപഞ്ചായത്ത് ഹരിതകര്‍മസേന.
ഈ ഉദാഹരണങ്ങളില്‍ നിന്നെല്ലാം ശുചിത്വ ഭാരത ഗ്രാമീണ ദൗത്യത്തിന്റെ ഏറ്റവും പ്രധാന സവിശേഷതയായി എടുത്തുപറയേണ്ടത്, സ്ത്രീകള്‍ക്ക് നേതൃപരമായ ഉത്തരവാദിത്വം നല്കിയപ്പോള് അവരുടെ ഗ്രാമങ്ങളില്‍ ശുചിത്വ പരമായി സ്ഥായിയായതും ശുഭകരമായതുമായ മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞു എന്നതാണ്.
ശുചിത്വ ഭാരത ഗ്രാമീണില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റൊരു മേഖല ആര്‍ത്തവ ശുചിത്വ പരിപാലനമാണ്. എല്ലാ സ്ത്രീകള്‍ക്കും സാനിറ്ററി പാഡുകളുടെ ലഭ്യത ഉറപ്പാക്കുകയും സ്കൂളുകളിലും പൊതു ശുചിമുറികളിലും സാനിറ്ററി നാപ്കിന് ഡിസ്പെന്‍സറുകളും ഇന്‍സിനറേറ്ററുകളും സ്ഥാപിക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: