ചണ്ഡീഗഢ് : പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം കോണ്‍ഗ്രസ്സിലെ ഉള്‍പ്പോരെന്ന് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പഞ്ചാബ് പിസിസി ഉപാധ്യക്ഷന്‍ ജി.എസ് ബാലി. ജനവിധി അംഗീകരിക്കുന്നു. മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ഛന്നിയെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് പരീക്ഷണം വന്‍ പരാജയമായിരുന്നു. തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്നും അതാണ് മനസ്സിലാക്കാനാവുന്നത്.
പഞ്ചാബിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന്റെ സംവിധാനങ്ങളില്‍ വന്‍ പിഴവ് സംഭവിച്ചു. അച്ചടക്കത്തിന്റെ കാര്യത്തിലും പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഹൈക്കമാന്‍ഡ് ഇടപെട്ട് സംസ്ഥാന നേതൃത്വത്തില്‍ പുനസംഘടന നടത്തണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസ് തകരും. പാര്‍ട്ടിക്കുള്ളിലെ ഉള്‍പ്പോര് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.
മുഖ്യമന്ത്രി ഛന്നിയെ കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിലൂടെ ലഭിക്കുമെന്ന് പ്രതീക്ഷിച്ച വോട്ടുകള്‍ എത്തിയില്ല. കെ.സി. വേണുഗോപാല്‍ ഉള്‍പ്പടെ നേതാക്കള്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നും ബാലി ആവശ്യപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ഛന്നി മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും തോറ്റു. ഛന്നിയെ ചാംകൂര്‍ സാഹിബിലും ബദൗറിലും വീഴ്ത്തിയത് എഎപി സ്ഥാനാര്‍ത്ഥികളാണ്. താര പോരാട്ടം നടന്ന അമൃത്സര്‍ ഈസ്റ്റില്‍ നവജ്യോത്സിങ്ങ് സിദ്ദുവും ബിക്രം മജീത്, ശിരോമണി അകാലിദള്‍ നേതാക്കളായ പ്രകാശ് സിങ്ങ് ബാദലും സുഖ്ബീര്‍ സിങ് ബാദല്‍ എന്നിവരും തെരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: