കോഴിക്കോട്: സംസ്ഥാനത്ത് വളര്‍ത്തുനായകളില്‍ മാരക വൈറസ് പടരുന്നതായി കണ്ടെത്തല്‍. പാര്‍വോ വൈറല്‍ എന്ററൈറ്റിസ് എന്ന വൈറസാണ് വ്യാപിക്കുന്നത്. വാക്സിനേറ്റഡ് അല്ലാത്ത നായകളിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. വീട്, പെറ്റ്ഷോപ്പ്, പാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നോ മറ്റ് വളര്ത്തുമൃഗങ്ങളിലൂടെയോ നേരിട്ടും പരോക്ഷമായും നിമിഷങ്ങള്‍ക്കകം വൈറസ് വ്യാപനം സംഭവിക്കാമെന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ പറയുന്നു. രോഗപ്രതിരോധശേഷി കുറവുള്ള നായകളാണെങ്കില്‍ മരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.
പാര്‍വോ വൈറല്‍ എന്ററൈറ്റിസ് വൈറസിന്റെ ലക്ഷണം ഛര്‍ദ്ദിയും ക്ഷീണവുമാണ്. വാക്സിനെടുക്കാത്ത നായകള്‍ക്ക് വൈറസ് പിടിപെട്ടാല്‍ ഹൃദയാഘാതവും കുടലിലില് നിന്ന് ചോര വന്ന് മരണം വരെയും സംഭവിക്കാം. മരണശേഷം രണ്ട് മാസത്തോളം വൈറസ് നിലനില്‍ക്കുമെന്ന് ജില്ലാ വെറ്റിറിനറി ആശുപത്രിയിലെ ഡോ. ജോജു ജോണ്‍ പറഞ്ഞു.
രോഗം പിടിപെട്ടാല്‍ ഫ്യൂയിഡ്സ് ആന്റിബയോട്ടിക്സ് സപ്പോര്‍ട്ടീവ് തെറാപ്പി നല്‍കാമെങ്കിലും കൃത്യമായി വാക്സിനേഷന് നല്‍കുകയെന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം. വാക്സിന് കൊടുത്ത നായകളിലൂടെ അവയുടെ കുട്ടികള്‍ക്കും പ്രതിരോധശേഷി ലഭിക്കും. നായക്കുട്ടികള്‍ക്ക് 45 ദിവസം പ്രായമാവുമ്പോള്‍ വാക്സിന് നല്‍കണം. ശേഷം 60 ദിവസമാവുമ്പോഴും 90 ദിവസമാവുമ്പോഴും ബൂസ്റ്റര്‍ ഡോസ് വാക്സിനും നല്‍കണം.
കൊവിഡ് കാലത്ത് വളര്‍ത്തുമൃഗങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായത്. ഇതിലധികവും പുറംനാടുകളില്‍ നിന്ന് കൊണ്ടുവന്ന നായക്കുട്ടികളാണ്. പലതും വാക്സിനേറ്റഡ് അല്ലാത്തതിനാല്‍ ഇവയില്‍ നിന്ന് രോഗവ്യാപനം ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതേസമയം, മൃഗാശുപത്രിയില്‍ നിന്ന് രോഗം പകരുന്നതായും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: