അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഉജ്ജ്വല വിജയത്തിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിന് ഇന്ന് തുടക്കം കുറിക്കും. തിരക്കിട്ട പരിപാടികളാണ് ദ്വിദിന സന്ദര്‍ശനത്തിലുള്ളത്. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് റോഡ് ഷോയോടെയാണ് തുടക്കം കുറിക്കുക. നാല് ലക്ഷം പേര് അദ്ദേഹത്തെ സ്വാഗതം ചെയ്യുമെന്ന് ഗുജറാത്ത് ബിജെപി അധ്യക്ഷന്‍ സി.ആര്. പാട്ടീല്‍ പറഞ്ഞു. ബിജെപിയുടെ ഗാന്ധിനഗറിലെ സംസ്ഥാന ആസ്ഥാനമായ കമലം വരെയാണ് റോഡ്ഷോ.
ഗ്രാമപഞ്ചായത്ത് അംഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സമ്മേളനം, ഖേല്‍ മഹാകുംഭ് പരിപാടി ഉദ്ഘാടനം, ദേശീയ രക്ഷാ സര്‍വ്വകലാശാലയുടെ ബിരുദദാന ചടങ്ങ് എന്നിവയാണ് പ്രധാന പരിപാടികള്‍. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായും പാര്‍ട്ടി ഭാരവാഹികളുമായും പ്രധാനമന്ത്രി പ്രത്യേകം കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി പോകുന്ന വഴികളില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരെ അണിനിരത്താനാണ് സംസ്ഥാന ബിജെപിപദ്ധതിയിടുന്നത്.
വൈകിട്ട് പ്രധാനമന്ത്രി അഹമ്മദാബാദിലെ ജിഎംഡിസി ഗ്രൗണ്ടില്‍ മഹാപഞ്ചായത്ത് സമ്മേളനത്തെ അഭിസംബോധന ചെയ്യും. ‘എന്റെ ഗ്രാമം എന്റെ ഗുജറാത്ത്’ എന്ന പേരിലുള്ള ഈ ചടങ്ങില്‍ താലൂക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങളും മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും ഉള്‍പ്പെടെ 1.38 ലക്ഷത്തിലധികം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് പാട്ടീല്‍ പറഞ്ഞു.
നാളെ രാവിലെ, രാഷ്ട്രീയ രക്ഷാ സര്‍വ്വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അധ്യക്ഷപ്രസംഗം നടത്തും. വൈകിട്ട് നടക്കുന്ന ‘ഖേല്‍ മഹാകുംഭ്’ പരിപാടി പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. 47 ലക്ഷത്തിലധികം ആളുകള്‍ പരിപാടിക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പാട്ടീല്‍ പറഞ്ഞു. സംസ്ഥാനത്തുടനീളം 500-ലധികം വേദികളില്‍ വ്യത്യസ്ത ഗെയിമുകള്‍ സംഘടിപ്പിക്കും. 12 ന് രാത്രി പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: