ന്യൂദല്‍ഹി: തെരഞ്ഞെടുപ്പില്‍ അതിദയനീയ പരാജയമേറ്റു വാങ്ങിയ കോണ്‍ഗ്രസില്‍ സോണിയ കുടുംബത്തിനെതിരെ പടയൊരുക്കം രൂക്ഷം. രാഹുലും പ്രിയങ്കയും പരാജയപ്പെട്ട നേതാക്കളാണെന്നും ഇവരെ മാറ്റിനിര്‍ത്തി മറ്റാരെങ്കിലും പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കണമെന്നും മുറവിളി ഉയര്‍ന്നുകഴിഞ്ഞു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെയും പ്രതിഷേധം ശക്തം. പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുക്കുന്നതായും ജനവിശ്വാസം ആര്‍ജിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കുന്നില്ലെന്നും രാഹുല്‍ പ്രതികരിച്ചു.
പഞ്ചാബില്‍ ഭരണം കൈവിടുകയും മറ്റു നാലു സംസ്ഥാനങ്ങളില്‍ പ്രതീക്ഷിക്കാന്‍ യാതൊന്നുമില്ലെന്ന് വ്യക്തമാവുകയും ചെയ്തതോടെ ദല്‍ഹിയിലെ എഐസിസി ആസ്ഥാനം ഇന്നലെ രാവിലെ മുതല്‍ ആളൊഴിഞ്ഞ നിലയിലായിരുന്നു. നേതാക്കളാരും തന്നെ എത്തിയില്ല.പഞ്ചാബിലെ തോല്‍വി സമാനതകളില്ലാത്ത നാണക്കേടിലേക്കാണ് കോണ്‍ഗ്രസിനെ എത്തിച്ചത്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ പുറത്താക്കാന്‍ നവജ്യോത് സിങ് സിദ്ധുവിനൊപ്പം നിന്ന പ്രിയങ്കയും രാഹുലും വലിയ തെറ്റാണ് ചെയ്തതെന്ന് അണികള്‍ പരസ്യമായി കുറ്റപ്പെടുത്തുന്നു. ദയനീയ അവസ്ഥയിലേക്ക് പഞ്ചാബില്‍ കോണ്‍ഗ്രസ് എത്തിയതിന് പിന്നില്‍ ഹൈക്കമാന്‍ഡിന്റെ കഴിവുകേട് മാത്രമാണ്. ഗോവയിലും മണിപ്പൂരിലും ഉത്തരാഖണ്ഡിലും ശക്തമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഹൈക്കമാന്‍ഡിന് സാധിച്ചില്ലെന്നും ആരോപണങ്ങള്‍ ശക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: