തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ഖജനാവ് കാലിയായതിനാല്‍ നിത്യച്ചെലവിനു പോലും പണം കണ്ടെത്താനാകാത്ത അവസ്ഥയിലാണ് പിണറായി സര്‍ക്കാര്‍. ഈ സ്ഥിതി തുടര്‍ന്നാല്‍ വരും നാളുകളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും പോലും നല്കാനാകാതെ കടം പറയേണ്ട സ്ഥിതിയാകും. ഡീസലടിക്കാന്‍ പണമില്ലാതെ സര്‍ക്കാര്‍ വാഹനങ്ങളും ഷെഡിലാകും. 1999-2000 വര്‍ഷത്തിലേതു സമാനമായ രീതിയിലേക്കാണ് പോക്ക്. കടമെടുത്തു വന്‍ കടക്കെണിയിലേക്കു നീങ്ങുകയാണ്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ കടമെടുപ്പാണ് ഈ സാമ്പത്തിക വര്‍ഷം. അര്‍ദ്ധപാദ കണക്ക് അനുസരിച്ച് 74,421 കോടി വരവുണ്ടായപ്പോള്‍ ചെലവ് 1,17,214 കോടി രൂപയും. 44,904 കോടി രൂപയുടെ കടക്കെണിയായി. നാല്‍പ്പത് ശതമാനത്തോളം പണം കടമെടുത്ത് ചെലവഴിച്ചു.
1999-2000ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന നാളുകളില്‍ ട്രഷറി ചെക്കുകള്‍ നല്‍കിയിട്ട് കടം പറയേണ്ടിവന്നിരുന്നു. ധനകമ്മി മൊത്തം ചെലവിന്റെ 37 ശതമാനത്തില്‍ അധികമായിരുന്നു അന്ന്. പോലീസ് വാഹനങ്ങള്‍ക്ക് പെട്രോള്‍ അടിക്കാനോ പോസ്റ്റല്‍ കവര്‍ വാങ്ങാനോ പണം ഇല്ലാത്ത അവസ്ഥയിലായി. വരവ് കുറവും നിത്യചെലവുകള്‍ക്ക് തുടര്‍ച്ചയായ കടമെടുപ്പുമാണ് സര്‍ക്കാരിനെ അന്ന് പ്രതിസന്ധിയിലാക്കിയത്. അതേ അവസ്ഥയാണ് ഇപ്പോള്‍. പോലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കില്ലെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു കഴിഞ്ഞു. പോലീസിന് കഴിഞ്ഞ വര്‍ഷം നല്കിയ ഫണ്ട് മുഴുവനും തീര്‍ന്നു. ഇനി അധികം അനുവദിക്കണം. എന്നാല്‍ ഖജനാവ് കാലിയായതിനാല്‍ അധികം പണം നല്‍കാനും സാധിക്കുന്നില്ല.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷനും ശമ്പളവും നല്കാന് മാത്രം മാസം 2500 കോടി രൂപ വേണം. വിരമിക്കുന്നവരുടെ ആനുകൂല്യം കൂടി നല്‍കേണ്ടി വരുമ്പോള്‍ സാമ്പത്തികവര്‍ഷം ആരംഭം തന്നെ സംസ്ഥാനം കടുത്ത പ്രതിസന്ധിയിലാകും. സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമ്പോള്‍ കേന്ദ്രത്തെ കുറ്റം പറയുന്ന സംസ്ഥാന സര്‍ക്കാരിന് ഇത്തവണ അതിനും സാധിക്കില്ല. കേന്ദ്രവിഹിതത്തില്‍ മുടക്കം വന്നിട്ടില്ല. കൂടാതെ കടം എടുക്കാനുള്ള പരിധി ഉയര്‍ത്തുകയും ചെയ്തു.
2021 ല്‍ ശമ്പളവും പെന്ഷനുംനല്കാന് കഴിയാത്ത സ്ഥിതിയുണ്ടാകുമെന്ന് 2016 ല്‍ അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ ധവളപത്രത്തില്‍ പറഞ്ഞിരുന്നു. ഇത്രയും പ്രതിസന്ധിയുണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ടെത്തിയിട്ടും എന്തുകൊണ്ട് രണ്ടാം പിണറായി സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ കഴിയുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സാധിച്ചില്ല എന്ന ചോദ്യവും ഉയരുന്നു. സര്‍ക്കാരിന് നടപ്പിലാക്കാന്‍ പറ്റാത്ത പദ്ധതികള്‍ ചുമലിലേറ്റുന്നതാണ് ധനസ്ഥിതി തകരാന്‍ കാരണമെന്ന് സാമ്പത്തിക വിദഗ്ധര്‍ നിരവധി തവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: