യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി 2017ല്‍ അധികാരമേറ്റതില്‍ മാധ്യമങ്ങള്‍ അത്ഭുതം പ്രകടിപ്പിച്ചിരുന്നു. കാവി ധരിച്ച സന്യാസി ഭരണത്തലവനായതില്‍ യുപിക്ക് സംഭവിക്കുന്നതോര്‍ത്ത് ആശങ്കപ്പെട്ടു. മതേതര മാന്യന്മാരൊക്കെ രാഷ്ട്രത്തിന്റെ ഭാവിയിലും, സാമൂഹ്യസൗഹാര്‍ദ്ദത്തിലും, മതന്യൂനപക്ഷങ്ങളുമായുള്ള ബന്ധത്തിലും, ‘ഹിന്ദുത്വവാദി’യായ യോഗി രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനത്തെ സര്‍ക്കാരിന്റെ തലവനാവുന്നതില്‍ വിഷമിച്ചു. രാഷ്ട്രത്തിന് അപകടകരമാണെന്നും വിധിച്ചു.
2017 യുപി തെരഞ്ഞെടുപ്പ് ഫലം ഹിന്ദു ഉദാരതയുടെയും മര്‍ക്കടമുഷ്ടിക്ക് കീഴടങ്ങാന്‍ മനസില്ലാത്ത സ്വതന്ത്രചിന്താഗതിയുടെയും സൃഷ്ടിയായിരുന്നു. വിശുദ്ധചിന്തകളെ വിമര്‍ശിക്കാനും സംശയങ്ങളുന്നയിക്കാനും കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ യഥാര്‍ത്ഥ ഹിന്ദുവല്ല. നിരീശ്വരവാദികള്‍, വിശ്വാസികള്‍, ആജ്ഞേയവാദികള്‍, വിഗ്രഹഭഞ്ജകര്‍, സ്വയംപ്രഖ്യാപിത ദൈവങ്ങള്‍, ക്ഷേത്രാരാധകര്‍ എന്നിവരെയൊക്കെ ഹിന്ദുത്വം ഉള്‍ക്കൊണ്ടു.
2017 മാര്‍ച്ച് 18നാണ് മഹാരാജ് എന്നു വിളിപ്പേരുള്ള യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി ചുമതലയേറ്റത്. അതിനു മുന്‍പ് അരുതായ്മകളുടെ ദര്‍ബാറായിരുന്നു യുപി. സ്വാഭാവിക നാട്ടുനടപ്പെന്നപോലെ കൊള്ളയും കൊലപാതകവും പിടിച്ചുപറിയും ബലാല്‍സംഗവും മാത്രം നടന്നിരുന്ന മാഫിയകളുടെ തലസ്ഥാനമായിരുന്നു യുപി.നിമിഷംപ്രതി പുഴ മാറുംപോലെ ദിവസംതോറും യുപി മാറി.രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായ ഉത്തര്‍പ്രദേശില്‍, കുറഞ്ഞ കാലത്തിനുള്ളില്‍, വലിയ മാറ്റങ്ങളാണ് യോഗി സര്‍ക്കാര്‍ വരുത്തിയത്.
നിയമവും നീതിയും തന്നെയാണ് ആദ്യം നടപ്പാക്കിയത്. അപരാധങ്ങളുടെ കീഴ്വഴക്കംകൊണ്ട് കാലങ്ങളായി അനീതിയുടേയും അഴിമതിയുടേയും കേദാര ഭൂമിയായിരുന്ന പോലീസ്റ്റഷനുകളുടേയും സര്‍ക്കാര്‍ ഓഫീസുകളുടേയും മുറകള്‍ യോഗി മാറ്റിപ്പണിതു. തോന്നുമ്പോള്‍ ഓഫീസില്‍ കേറിവന്നിരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ കൃത്യം 9.30നു തന്നെ ഹാജരാകാന്‍ തുടങ്ങി. വര്‍ഷങ്ങളായി മുറുക്കിത്തുപ്പി നിറംമാറിയ സര്‍ക്കാര്‍ കെട്ടിടങ്ങളും പരിസരങ്ങളും വൃത്തിയായി. ആവര്‍ത്തിച്ചു ബലാല്‍സംഗം ചെയ്യപ്പെട്ട്, ഒടുക്കം പ്രതികളെ കാട്ടിക്കൊടുക്കുമെന്നായപ്പോള്‍ ആസിഡ് ആക്രമണത്തിനു വിധേയയായ പെണ്‍കുട്ടിയെയാണ് മുഖ്യമന്ത്രിയായശേഷം യോഗി ആദ്യം കണ്ടത്. അടുത്ത ദിവസം പ്രതികള്‍ അറസ്റ്റിലായി. കര്‍ഷകരുടെ കടം എഴുതിത്തള്ളിയത്. 80ലക്ഷം കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം കിട്ടി. അറവുശാലകളുടെ നിണഭൂമി കൂടിയാണ് യുപി. ലക്നൗ നഗരത്തില്‍ മാത്രം ദിവസവും വില്‍പ്പന 20 ടണ്‍ ഇറച്ചിയാണ്. അനധികൃത അറവുശാലകളാണ് അധികവും. ഇത്തരം നൂറുകണക്കിനു കേന്ദ്രങ്ങള്‍ പൂട്ടി. യുപി മാറണം എന്നാഗ്രഹിച്ചവരാണ് യുപിയില്‍ ബിജെപിക്കു ചരിത്ര വിജയം നല്‍കിയത്. അത് പാലിക്കപ്പെട്ടു.
സംസ്ഥാനത്തെ വികസനത്തിലേയ്ക്കു കൈപിടിച്ച് ഉയര്‍ത്തുകയാണ് യോഗി. ഡിഗ്രിവരെ സൗജന്യപഠനം, ഒന്നുമുതല്‍ എട്ടാം ക്ലാസുവരെ പഠിക്കുന്ന കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍, യൂണിഫോം, സ്കൂള്‍ബാഗ്, സെറ്റര്‍, ചെരിപ്പ്, മങ്കിക്യാപ്. 1.78 കോടി കുട്ടികള്‍ക്ക് ഉച്ചഭക്ഷണം, ഹൈസ്കൂള്‍ ഇന്റര്‍മിഡിയേറ്റ് തലത്തില്‍ എന്‍സിഇആര്‍ടി പാഠ്യപദ്ധതി, ഹൈസ്കൂള്‍ മുതല്‍ ഇന്റര്‍മീഡിയറ്റുവരെ പിഴവില്ലാത്ത പരീക്ഷകള്‍, 220 ദിവസത്തെ അധ്യയന കലണ്ടര്‍.വിദ്യാഭ്യാസരംഗത്തെ കുതിപ്പ് വളരെ വലുതായിരുന്നു.
പ്രധാനമന്ത്രിയുടെ ദേശീയ ആരോഗ്യമിഷന് പദ്ധതിയനുസരിച്ച് 1.18 കോടി കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപയുടെ ചികിത്സാസഹായപദ്ധതി. ഇത് സ്വകാര്യ ആശുപത്രികള്‍ക്കും ബാധകമാണ്. 5 ജില്ലാ ആശുപത്രികളെ രാജകീയ മെഡിക്കല്‍ കോളേജുകളാക്കി വികസിപ്പിച്ചു. 150 അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സ് സേവ, 8 പുതിയ രാജകീയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കാന്‍ നടപടി. ഗോരഖ്പൂരിലും റായ്ബറേലിയിലും എഐഎംഎസ് നിര്‍മാണം പുരോഗമിക്കുന്നു. ആയുഷ്മാന്‍ ഭാരത് പദ്ധതിപ്രകാരം ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍ ആരംഭിച്ചു.
ഗോതമ്പ്, അരി, പയറുവര്‍ഗങ്ങള്‍ എന്നിവയ്ക്ക് ആദ്യമായി താങ്ങുവില നിശ്ചയിച്ചു. 2.29 കോടി കര്‍ഷകര്‍ക്ക് മുദ്ര ആരോഗ്യകാര്‍ഡ് വിതരണം ചെയ്തു. 20 കൃഷി വിജ്ഞാനകേന്ദ്രങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. 100 മാര്‍ക്കറ്റ് സമിതികളില്‍ ഇന്റര്‍നെറ്റ് വഴി കച്ചവടം. 100 കൃഷി നന്മ കേന്ദ്രങ്ങള്‍, ബാണാസുരസാഗര്‍ പദ്ധതി പൂര്‍ത്തീകരിച്ചു. സരയൂനദി ദേശീയ പദ്ധതിയും ഗംഗാനദി പദ്ധതിയും പൂര്‍ത്തീകരണ ദിശയില്‍. ദീനദയാല്‍ ഉപാധ്യായ് ഗ്രാമജ്യോതി പദ്ധതി, സൗഭാഗ്യ പദ്ധതി പ്രകാരം 46 ലക്ഷം വീടുകള്‍ക്ക് വൈദ്യുതി കണക്ഷന് നല്കി. ബള്‍ബുകള്‍ വിതരണം ചെയ്തു. ഗ്രാമീണ കേന്ദ്രങ്ങല്‍ 24 മണിക്കൂറും താലൂക്ക് കേന്ദ്രങ്ങളില്‍ 20 മണിക്കൂര്‍, ഗ്രാമങ്ങളില്‍ 18 മണിക്കൂറും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കി.
എല്ലാ വിധവകള്‍ക്കും പെന്ഷന്. ദിവ്യാംഗരുടെ പ്രതിമാസ പെന്ഷന് 300 രൂപയില്‍നിന്ന് 500 രൂപയാക്കി. എസ്സി/എസ്ടി വിഭാഗത്തിനു സൗജന്യ ഹോസ്റ്റല്‍ താമസവും ഭക്ഷണവും. മദ്രസകളില്‍ എന്‍സിഇആര്‍ടി പാഠ്യപദ്ധതി തുടങ്ങി.
എല്ലാ താലൂക്കുകളിലും സ്കില്‍ ഡവലപ്മെന്റ് സെന്ററുകള്‍, 6.73 ലക്ഷം യുവാക്കള്‍ രജിസ്ട്രേഷന് ചെയ്തു. 5.20 ലക്ഷം യുവതീയുവാക്കള്‍ക്ക് പരിശീലനം ലഭിച്ചു. 633 തൊഴില്‍മേളകള്‍ നടത്തി. പ്രധാനമന്ത്രിയുടെ സ്വയം തൊഴില്‍ പദ്ധതി, സ്റ്റാര്‍ട്ടപ് ഇന്ത്യ പദ്ധതി എന്നിവ പ്രകാരം യുവതീ യുവാക്കള്‍ക്ക് ജോലി നല്കി
യോഗിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം മാറി, ജനജീവിതവും. കെട്ടടങ്ങാനുള്ള ചില കോലാഹലങ്ങള്‍ ഇതിനിടയില്‍ ഉണ്ടായി. അവ കെട്ടടങ്ങുകതന്നെ ചെയ്തു. പുരോഗമിക്കാതെ കിടന്നൊരു പ്രദേശത്തെ ജനപഥം ജീവിതത്തിന്റെ പുതുപരിഷ്കൃതിയിലേക്ക് കണ്ണുതുറന്നു.ദിവസങ്ങള്‍കൊണ്ട് അലകുംപിടിയും മാറ്റി പുതിയൊരു മേല്‍ക്കൂരയിലേക്കു മാറുന്ന യുപി പോലൊരു പ്രദേശം ലോകത്തുണ്ടാവില്ല. ഉത്തര്‍പ്രദേശിനെ മാറ്റിയ ചരിത്രം ഭാവിയില്‍ യോഗി ആദിത്യനാഥിന് അവകാശപ്പെട്ടതായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: