തിരുവനന്തപുരം: പുനഃസംഘടന, സംഘടനാ തെരഞ്ഞെടുപ്പ്, രാജ്യസഭാ സ്ഥാനാര്‍ഥി നിര്‍ണയം, പുതിയ ഗ്രൂപ്പ് സമവാക്യം തുടങ്ങിയവയില്‍ കുരുങ്ങി കോണ്‍ഗ്രസ് രാഷ്ട്രീയം ഉഴലുന്നു. ആഭ്യന്തര കലഹം രൂക്ഷമായതോടെ സംസ്ഥാന കോണ്‍ഗ്രസ്, പൊട്ടിത്തെറിയുടെ വക്കിലാണ്. സ്ഥാനം ലഭിക്കാത്ത എല്ലാ തട്ടിലുമുള്ള നേതാക്കള്‍ അസ്വസ്ഥരാണ്. കെപിസിസി മുതല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വരെയുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത പോരിന്റെ തുടര്‍ച്ചയാണ് പ്രശ്നങ്ങള്‍ക്കു കാരണം.
കോണ്‍ഗ്രസ്സിനുള്ളിലെ ഗ്രൂപ്പ് അവസാനിപ്പിക്കാന്‍ പാര്‍ട്ടി ഹൈക്കമാന്‍ഡ് നിയമിച്ച കെപിസിസി പ്രസിഡന്റ് കെ. സുധാകരനും, പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഇപ്പോള്‍ രണ്ട് ചേരിയിലാണ്. എഐസിസി ജനറല്‍ സെക്രട്ടറിയായ കെ.സി. വേണുഗോപാലിനൊപ്പം നിന്ന് വി.ഡി. സതീശന് പുതിയ ഗ്രൂപ്പിന് രൂപം നല്‍കിയിരിക്കുകയാണ്. എന്നാല്‍ ഇത് വി.ഡി. സതീശന് നിഷേധിക്കുമ്പോഴും ഗ്രൂപ്പ് സംവിധാനത്തെ മറ്റൊരു പേരില്‍ നിര്‍വചിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നതും ശ്രദ്ധേയം. ബെന്നിബഹന്നാന്റെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് കൂടുതല്‍ ശക്തി പ്രാപിക്കുകയാണ്.
സംഘടനാ തെരഞ്ഞെടുപ്പുമായി ഹൈക്കമാന്‍ഡ് മുന്നോട്ട് പോകുമ്പോഴും അതിന് മുമ്പ് പുനഃസംഘടന പൂര്‍ത്തിയാക്കുകയാണ് കെപിസിസി നേതൃത്വത്തിന്റെ ലക്ഷ്യം. തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധി സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചാല്‍ മാത്രമെ തുടരാന്‍ സാധിക്കൂ എന്നിരിക്കെ ധൃതിപിടിച്ച് പുനഃസംഘടനയുമായി നേതൃത്വം മുന്നോട്ട് പോകുന്നതില്‍ മറുവിഭാഗത്തിന് അസ്വസ്ഥതയുണ്ട്. മുതിര്‍ന്ന നേതാക്കള്‍ വരെ ഇതിനെതിരെ രംഗത്തുവന്നിരുന്നു.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിന് മൂന്ന് സീറ്റുകളാണ് ഉള്ളത്. ഇതില്‍ യുഡിഎഫിന് ഒരു സീറ്റാണ്. എ.കെ. ആന്റണി ഇക്കുറിയില്ലെന്ന് അറിയിച്ചതോടെ മുന്‍ കേന്ദ്രമന്ത്രി കെ.വി. തോമസ് അടക്കം മുതിര്‍ന്ന നേതാക്കള്‍ താത്പര്യം അറിയിച്ചിട്ടുണ്ട്. മുന്‍ കേന്ദ്ര മന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്, ഇടതുപക്ഷ ബന്ധം അവസാനിപ്പിച്ച് മടങ്ങിയെത്തിയ ചെറിയാന് ഫിലിപ്പ്, മുതിര്‍ന്ന നേതാവ് പന്തളം സുധാകരന്, മുന്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്, മുന്‍ എംഎല്‍എ വി.ടി. ബല്‍റാം അടക്കമുള്ളവരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഐഎന്‍ടിയുസി പ്രസിഡന്റ് ആര്. ചന്ദ്രശേഖരനെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഐഎന്‍ടിയുസി ഭാരവാഹികളും രംഗത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: