സി.സദാനന്ദന് മാസ്റ്റര്‍
അശ്വിനികുമാര്‍ എന്ന കര്‍മ്മധീരനായ ദേശീയവാദി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇന്ന് കേരളത്തിലെ ഹിന്ദുത്വ ദേശീയ പ്രസ്ഥാനങ്ങളുടെ സമുന്നത നേതൃശ്രേണിയില്‍ അദ്ദേഹത്തെ കാണാമായിരുന്നു. ഒട്ടേറെ പ്രതീക്ഷകളുണര്‍ത്തി വളര്‍ന്നു വന്ന ആ ആദര്‍ശശാലിയെ പോപ്പുലര്‍ ഫ്രണ്ട് കൊലയാളി സംഘമാണ് വധിച്ചത്. 2005 മാര്‍ച്ച് 10നായിരുന്നു അത്. ഹിന്ദു ഐക്യവേദിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു അശ്വിനി കുമാര്‍. ഇരിട്ടിയിലെ പ്രശസ്ത സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ പ്രഗതി വിദ്യാനികേതനില്‍ അധ്യാപക ജോലി ചെയ്യുകയായിരുന്നു അശ്വിനികുമാര്‍. രാവിലെ വീട്ടില്‍ നിന്ന് ജോലിസ്ഥലത്തേക്ക് ബസ്സില്‍ സഞ്ചരിക്കുകയായിരുന്നു. നേരത്തെ ബസ്സില്‍ കയറിക്കൂടിയ കൊലയാളികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ആസൂത്രിത കൊലപാതകം നടത്തിയത്. ഏറെ നാളത്തെ തയ്യാറെടുപ്പും മുന്നൊരുക്കങ്ങളും ഈ കൊലപാതകത്തിനുണ്ടായിരുന്നു. സര്‍വരാലും അംഗീകരിക്കപ്പെടുകയും അവരുടെ സ്നേഹവിശ്വാസങ്ങള്‍ നേടിയെടുത്ത് ജനനായക പദവിയിലേക്ക് ആനയിക്കപ്പെടുകയും ചെയ്യുകയായിരുന്ന അശ്വിനികുമാറിനെ ജിഹാദികള്‍ ഭയപ്പെട്ടിരുന്നു എന്നു വേണം കരുതാന്‍.
നഷ്ടപ്രതാപങ്ങള്‍ വീണ്ടെടുക്കാനുള്ള ഉള്‍ക്കരുത്തും സംഘടനാ ബലവുമാര്ജിക്കാന് ഹിന്ദു സമൂഹത്തെ പ്രാപ്തമാക്കുന്ന വൈചാരിക സാഹചര്യമൊരുക്കുന്നതില്‍ അത്ഭുതകരമായ കഴിവ് പ്രകടിപ്പിച്ചു കൊണ്ടായിരുന്നു അശ്വിനിയുടെ സംഘടനാ ദൗത്യ നിര്‍വഹണം. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ജനകീയാംഗീകാരം നേടിയ മാതൃകാ കാര്യകര്‍ത്താവിനെയാണ് രാജ്യദ്രോഹികള്‍ വകവരുത്തിയത്. ജിഹാദി ഭീകരന്മാരുടെ വിദ്രോഹക പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള വൈചാരിക പോരാട്ടങ്ങള്‍ നടത്തുന്നതിനും ജനാധിപത്യ മാര്‍ഗത്തിലൂടെ ജനകീയ പ്രതിരോധം സൃഷ്ടിക്കുന്നതിനും നേതൃത്വം നല്‍കിയെന്ന കാരണത്താലാണ് ഇസ്ലാമിക ഭീകരര്‍ അശ്വിനികുമാറിനെപ്പോലുള്ള ധീരന്മാരായ സംഘാടകരെ കൊന്നൊടുക്കുന്നത്. ഈയടുത്ത് ആലപ്പുഴയില്‍ ബിജെപി നേതാവ് അഡ്വ. രണ്‍ജീത് ശ്രീനിവാസനെ വധിച്ചതും ഇതേ പശ്ചാത്തലത്തിലാണെന്നോര്ക്കുക. നാടെങ്ങും ദൃശ്യമാകുന്ന ദേശീയ ഉണര്‍വ് തങ്ങളുടെ നിഗൂഢ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുമെന്ന് കണ്ടാണ് ദേശീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരെ ആസൂത്രിതമായി കശാപ്പു ചെയ്യുന്നത്. അല്ലാതെ മറ്റൊരു കാരണവും അശ്വിനികുമാര്‍ വധത്തിനില്ല.
ഇരിട്ടിക്കടുത്ത് മീത്തലെ പുന്നാട് ഗ്രാമത്തില്‍ ദരിദ്രകുടുംബ പശ്ചാത്തലത്തിലാണ് അശ്വിനികുമാര്‍ വളര്‍ന്നു വന്നത്. പാടാനും കഥ പറയാനും കവിതയെഴുതാനുംപ്രസംഗിക്കാനും കാണിച്ച മിടുക്കും സാമര്‍ത്ഥ്യവും അശ്വിനിയെ പ്രത്യേകതയുള്ളവനാക്കി. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഭാഗമായി അശ്വിനിയും മാറി. സ്വാഭാവികമായും ചെറുപ്രായത്തിലാണ് ഇരിട്ടി താലൂക്ക് കാര്യവാഹ് ചുമതല ഏറ്റെടുത്തത്. പിന്നീട് കണ്ണൂര്‍ ജില്ലാ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖായും തുടര്‍ന്ന് ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഇതിനെല്ലാമിടയില്‍ ഗീതാ പ്രചാരകനായും മികച്ച ആധ്യാത്മിക പ്രഭാഷകനായും പ്രസിദ്ധി നേടി. അശ്വിനിയുടെ സ്വന്തം ഗ്രാമം ഇന്നറിയപ്പെടുന്നത് ‘ഗീതാഗ്രാമം’ എന്നാണ്. മീത്തലെ പുന്നാട് ഗ്രാമത്തില്‍ വളരുന്ന ഓരോ കുഞ്ഞും ഭഗവദ് ഗീതയുടെ വിശാലലോകത്ത് വിഹരിക്കുന്നവരാണ്. അക്ഷരാര്‍ത്ഥത്തില്‍ അവര്‍ ഇന്ന് തങ്ങളുടെ പ്രിയ വഴികാട്ടിക്ക് സ്വജീവിതത്തിലൂടെ അര്‍ത്ഥപൂര്‍ണമായ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയാണ്.
ദേശീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരും കാര്യകര്‍ത്താക്കളുമായി അനേകം പേര് സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരെ വീഴ്ത്താനുള്ള നീചതന്ത്രങ്ങള്‍ അണിയറയില്‍ രൂപപ്പെടുന്നുമുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് അശ്വിനികുമാര്‍ സ്മരിക്കപ്പെടുന്നത്. അശ്വിനിയുടെ കൊലപാതകം ഒരു സന്ദേശമായിരുന്നു. ദേശീയ പ്രസ്ഥാനങ്ങള്‍ക്കു മാത്രമുള്ളതായിരുന്നില്ല അത്. മുഴുവന്‍ സമാജത്തിനുമുള്ളതാണ്. തങ്ങളുടെ മാര്‍ഗത്തില്‍ ശല്യമായിത്തീരുന്നവരെ, അവര്‍ എത്ര നിരുപദ്രവകാരികളെങ്കിലും വെച്ചുപൊറുപ്പിക്കില്ലെന്നതാണ് ആ സന്ദേശം. എന്നാല്‍ ഒന്നുറപ്പിച്ചു പറയാം. ദേശീയതയുടെ അനിവാര്യമായ ഉണര്‍വും അതുവഴിയുണ്ടാവുന്ന പരിവര്‍ത്തനവും രാഷ്ട്ര വിരുദ്ധ, ധര്‍മ്മ വിരുദ്ധക്കൂട്ടായ്മകളെ നിര്‍ത്തേണ്ടിടത്ത് നിര്‍ത്താനുള്ള സംവിധാനങ്ങള്‍ രൂപപ്പെടുന്നതിന് പരിസരമൊരുക്കും. അതിലൂടെ മത മദപ്പാടുകള്‍ ചെറുക്കപ്പെടും. പ്രതിരോധ ദുര്ഗങ്ങളുയരും. അശ്വിനിമാരുടെ ബലിദാനം അതിന് പശ്ചാത്തലമൊരുക്കും. സമാജ രക്ഷാദൗത്യത്തിലേര്പ്പെടുന്നവര്ക്ക് അശ്വിനി സ്മരണ നല്കുന്ന പ്രേരണയും കരുത്തും അളവറ്റതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: