മലനിരകള്‍ക്ക് മുകളില്‍ ആകാശത്തെ ധ്യാനിച്ച് നില്ക്കുന്ന ഒരു ക്ഷേത്രമുണ്ട്, തിരുവനന്തപുരം ജില്ലയില്‍ വെള്ളറടയ്ക്ക് സമീപം. പ്രാചീനതയുടെ ഗന്ധം വഴിയുന്ന കാളിമല ശ്രീ ധര്‍മ്മശാസ്താ ദുര്‍ഗാദേവി ക്ഷേത്രമാണ് അത്. സമുദ്രനിരപ്പില്‍ നിന്നും മൂവായിരം അടി മുകളില്‍ സ്ഥിതി ചെയ്യുന്ന കാളിമലക്ഷേത്രം ഐതിഹ്യങ്ങളും വിശ്വാസങ്ങളും സമന്വയിക്കുന്ന ദേവഭൂമിയാണ്.
വെള്ളറടക്കു സമീപം കേരള, തമിഴ്നാട് അതിര്‍ത്തിയില്‍ സഹ്യപര്‍വതത്തിന്റെ ഭാഗമായ വരമ്പതി മലനിരയിലാണ് കാളിമല. കാടിന്റെയും മലനിരകളുടെയും ശാന്തതയില്‍ പ്രാചീനകാലത്തെങ്ങോ നിര്‍മിച്ചതാണ് ക്ഷേത്രം. ദ്രാവിഡ ശൈലിയില്‍ നിര്‍മിച്ച ഈ ക്ഷേത്രത്തില്‍ ദേവിയാണ് പ്രധാന ആരാധനാമൂര്‍ത്തി. ഒരു ശാസ്താ ക്ഷേത്രവും ഇവിടെയുണ്ട്. കൂടാതെ, ശിവനും, ഗണപതിയും, നാഗയക്ഷിയും ഉപദേവതകളായുണ്ട്. ക്ഷേത്രത്തിന്റെ പഴക്കത്തെ കുറിച്ച് ആര്‍ക്കും നിശ്ചയമില്ല. പക്ഷേ, ശക്തിയും ചൈതന്യവും ഭക്തഹൃദയങ്ങളെ ഇവിടേക്ക് അടുപ്പിക്കുന്നു.
വിശേഷ ദിവസങ്ങളില്‍ ശബരിമലയിലെ പോലെ ഭക്തര്‍ വ്രതം അനുഷ്ഠിച്ചു മല ചവിട്ടുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ ചിത്രപൗര്‍ണമി നാളില്‍ നടക്കുന്ന പൊങ്കാല ഏറ്റവും വിശേഷമാണ്. നിരവധി ആളുകള്‍ ഈ സമയത്ത് ഇവിടേക്ക് എത്താറുണ്ട്. ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ പൂജയും ഉണ്ടാകാറുണ്ട്.
കാളിമലയെക്കുറിച്ച് നിരവധി ഐതിഹ്യങ്ങളാണ് പ്രചാരത്തിലുള്ളത്. അഗസ്ത്യമുനിയുമായി ബന്ധപ്പെട്ടതാണ് അവയില്‍ ഒന്ന്. വരമ്പതിമലയില്‍ അഗസ്ത്യമുനി തപസ്സനുഷ്ഠിച്ച കാലം. മുനിതപത്തില്‍ സന്തുഷ്ടനായ ധര്‍മ്മശാസ്താവ് അദ്ദേഹത്തിന് മുന്നില്‍ പ്രത്യക്ഷനായി. അദ്ദേഹത്തിന്റെ തപഃശക്തി മൂലം മലമുകളില്‍ ഒരു ഉറവ രൂപം കൊണ്ടു. അതില്‍ നിന്നും ഔഷധഗുണമുള്ള ജലം ഒഴുകി വരാന്‍ തുടങ്ങി. കൊടും വേനലില്‍പ്പോലും വറ്റാത്ത ഈ ഉറവ ഇന്നും ഇവിടെയുണ്ട്. ‘കാളിതീര്‍ത്ഥം’ എന്നാണ് ഭക്തര്‍ ഇതിനെ വിളിക്കുന്നത്. ഗംഗാതീര്‍ത്ഥം പോലെ പവിത്രമായാണ് വിശ്വാസികള്‍ ഇതിനെ കരുതിപ്പോരുന്നത്. ഇത് ശേഖരിച്ച് വീടുകളില്‍ കൊണ്ടുപോയി രോഗശാന്തിക്കായി സൂക്ഷിക്കുന്നു. ചിത്രാപൗര്‍ണമി നാളില്‍ പൊങ്കാല അര്‍പ്പിക്കുന്നതും കാളിതീര്‍ത്ഥത്തിലെ ജലം കൊണ്ടാണ്. അഗസ്ത്യമുനി തപസ്സനുഷ്ഠിച്ച സ്ഥലത്ത് ഒരു സര്‍പ്പം കല്ലായി കിടക്കുന്നുണ്ട് എന്നൊരു വിശ്വാസവും നിലനില്‍ക്കുന്നുണ്ട്.
ചരിത്രവുമായി ബന്ധപ്പെട്ട മറ്റൊരു കഥയും പ്രചരിക്കുന്നുണ്ട്. എട്ടുവീട്ടില്‍പിള്ളമാരുടെ ആക്രമണം ഭയന്ന്, മാര്‍ത്താണ്ഡവര്‍മ കൂനിച്ചിമലയിലെത്തിയെന്നും ഒരു ബാലന്റെ രൂപത്തിലെത്തിയ ധര്‍മശാസ്താവ് മഹാരാജാവിനെ രക്ഷപ്പെടുത്തിയെന്നുമാണ് ആ കഥ. ഇതിനു പ്രത്യുപകാരമായി അദ്ദേഹം കരം ഒഴിവാക്കി പട്ടയം നല്കിയ 600 ഏക്കര്‍ ഭൂമിയിലാണ് ക്ഷേത്രം നിര്‍മിച്ചതെന്നും പറയപ്പെടുന്നു.
മലയുടെ അടിവാരത്തില്‍ നിന്നും ആറു കിലോമീറ്ററോളം നടന്നു വേണം ക്ഷേത്രം സ്ഥിതിചെയ്യുന്ന കൊടുമുടിയില്‍ എത്താന്‍. ഇതില്‍ രണ്ടു കിലോമീറ്റര്‍ ദൂരം കാട്ടുവഴിയാണ്. കാളിമലയുടെ തെക്ക് വശം ഒഴിച്ചാല്‍ ബാക്കിയെല്ലാ ഭാഗത്തും അഗാധമായ ഗര്‍ത്തമാണ്. ഇടയ്ക്കിടെ വഴുവഴുത്ത പാറക്കൂട്ടങ്ങളും കാണാം. യാത്രക്ക് പ്രത്യേക പാസോ ടിക്കറ്റോ ഒന്നും വേണ്ട. തികച്ചും സൗജന്യമായി മല കയറാം, ദര്‍ശനം നടത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: