തിരുവനന്തപുരം: സംസ്ഥാനത്ത് മലയോര ഹൈവേ പദ്ധതി പൂര്‍ത്തിയാകുന്ന ആദ്യ ജില്ലയായി തിരുവനന്തപുരം മാറും. മലയോര ഹൈവേ പദ്ധതിയുടെ കീഴില്‍ ജില്ലയിലെ 57.37 കിലോമീറ്റര്‍ റോഡാണ് നിലവില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ 24.58 കി.മീ പണി പൂര്‍ത്തിയായി. ബാക്കിയുള്ള നിര്‍മ്മാണം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
വാമനപുരം,നെടുമങ്ങാട് മണ്ഡലത്തിലെ രണ്ട് പ്രധാന റോഡുകളും ഉദ്ഘാടനം നടന്നു. നെടുമങ്ങാട് മുനിപ്പാലിറ്റി, ആനാട്, പനവൂര്‍ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പുലിപ്പാറ-ആനാട്-മൊട്ടക്കാവ് റോഡിന്റെ ഉദ്ഘാടനം ആനാട് ബാങ്ക് ജംഗ്ഷനിലാണ് നടന്നത്. 5.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ബഡ്ജറ്റ് ഫണ്ടില്‍ നിന്നും ആറു കോടി രൂപ ചെലവഴിച്ച് 5.5 മീറ്റര്‍ വീതിയിലാണ് നവീകരിച്ചത്.
നന്ദിയോട് വിതുര പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആറ് കിലോമീറ്റര്‍ റോഡ് ബി.എം, ബി.സി നിലവാരത്തിലുള്ളതാണ്. ആവശ്യമായ ഇടങ്ങളില്‍ സംരക്ഷണഭിത്തി, കലുങ്ക്,നടപ്പാത, ഓട എന്നിവയുള്‍പ്പെടെ 7 മീറ്റര്‍ വീതിയിലാണ് റോഡ് നവീകരിച്ചത്.സര്‍ക്കാരിന്റെ ബഡ്ജറ്റ് ഫണ്ടില്‍ നിന്നും 9.68 കോടി രൂപയാണ് പദ്ധതിക്കായി ചെലവിട്ടത്.
പാലോട് നന്ദിയോട് പ്രദേശങ്ങളെ പൊന്മുടി, വിതുര, തൊളിക്കോട് മേഖലകളുമായി ബന്ധിപ്പിക്കുന്ന റോഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ വിനോദസഞ്ചാര മേഖലയിലും വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. പരിപാടിയില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: