മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന് നാളെ നിര്‍ണായക പോരാട്ടം. രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡ് സ്വന്തം തട്ടകത്തില്‍ ഫ്രഞ്ച് ടീമായ പാരീസ് സെന്റ് ജര്‍മനെ (പിഎസ്ജി) നേരിടും. ഇന്ത്യന്‍ സമയം രാത്രി 1.30 നാണ് കിക്കോഫ്.
പാരീസില്‍ നടന്ന ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ പിഎസ്ജിയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ റയലിന് നാളെ തകര്‍പ്പന്‍ വിജയം നേടിയാലേ ക്വാര്‍ട്ടറിലേക്കു മാര്‍ച്ച് ചെയ്യാനാകൂ. കഴിഞ്ഞ മാസം നടന്ന ആദ്യ പാദ മത്സരത്തിനുശേഷം റയല്‍ മികച്ച പ്രകടനം കാഴ്ചവച്ചുവരികയാണ്. പിന്നീട് കളിച്ച മൂന്ന് മത്സരങ്ങളിലും റയല്‍ വിജയം നേടി. അതേസമയം, നെയ്മര്‍, ലയണല്‍ മെസി, എയ്ഞ്ചല്‍ ഡി മരിയ എന്നിവര്‍ അണിനിരന്ന പിഎസ്ജി രണ്ട് മത്സരങ്ങളില്‍ തോറ്റു. എന്നിരുന്നാലും ശക്തരായ പിഎസ്ജിക്കെതിരെ റയലിന് തിരിച്ചുവരാനാകുമോയെന്ന് കണ്ടറിയണം.
ആദ്യപാദ മത്സരത്തില്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയുടെ ഗോളിലാണ് പിഎസ്ജി റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ചത്. 94-ാം മിനിറ്റിലാണ് എംബാപ്പെ വിജയഗോള്‍ കുറിച്ചത്. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ എംബാപ്പെയ്‌ക്ക് പരിക്കേറ്റത് പിഎസ്ജി ക്യാമ്പില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നാണ് വിലയിരുത്തല്‍. എംബാപ്പെ നാളെ കളിക്കുമെന്ന് ടീം അധികൃതര്‍ സൂചിപ്പിച്ചു.
റയല്‍ മാഡ്രിഡിന്റെ ടോണി ക്രൂസും പരിക്കിന്റെ പിടിയിലാണ്. ക്രൂസ് കളിക്കുന്നില്ലെങ്കില്‍ ഫെഡേ വാല്‍വെര്‍ഡേയും ലൂക്കാ മോഡ്രിച്ചും മധ്യനിരയില്‍ അണിനിരക്കും. കഴിഞ്ഞ ദിവസം ലാലഗയില്‍ റയല്‍ സോസീഡാഡിനെതിരെ മികച്ച പ്രകടനം കാഴ്ചവച്ച എഡ്വേര്‍ഡോ കാമവിംഗ, കസീമിറോയ്‌ക്കു പകരം ഇന്ന് കളിക്കളത്തിലിറങ്ങും. മാഞ്ചസ്റ്ററില്‍ നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ പ്രീ ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ സിറ്റി നാളെ സ്പോര്‍ട്ടിങ്ങിനെ നേരിടും. രാത്രി 1.30 ന് കളി തുടങ്ങും. ആദ്യ പാദത്തില്‍ സിറ്റി മടക്കമില്ലാത്ത അഞ്ചു ഗോളുകള്‍ക്ക്് സ്‌പോര്‍ട്ടിങ്ങിനെ തോല്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: