ചെന്നൈ: ദളിത് യുവാവിനെ ജീവിതസഖാവായി തെരഞ്ഞെടുത്ത തമിഴ്നാട്ടിലെ ഡിഎംകെ മന്ത്രിയുടെ മകള്‍ക്ക് വധഭീഷണി. തനിക്കും ഭര്‍ത്താവിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് മകള്‍ ജയ്ലക്ഷ്മി ബെംഗളൂരു പൊലീസ് കമ്മീഷണറെ സമീപിച്ചു. അച്ഛനായ തമിഴ്നാട്ടിലെ ഹിന്ദു റിലിജ്യസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് മന്ത്രി പി.കെ. ശേഖര്‍ ബാബു ഉപദ്രവിച്ചേക്കുമെന്ന ഭയമുള്ളതിനാലാണ് മകള്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്.
ഇപ്പോള്‍ ബെംഗളൂരുവില്‍ കഴിയുന്ന ദമ്പതികളുടെ വിവാഹം നടത്തിക്കൊടുത്തതിന് പിന്നില്‍ ഒരു ഹിന്ദു സംഘടനയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ദമ്പതികള്‍ തന്നെ സമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെട്ടതനുസരിച്ചാണ് ഹിന്ദു സംഘടന ഇടപെട്ടത്. പൊതുവേ ഡിഎംകെ സര്‍ക്കാരുമായി ഇടഞ്ഞ് നില്‍ക്കുകയാണ് ഹിന്ദുസംഘടനകള്‍.
മകള്‍ ജയ്കല്യാണിക്ക് മാത്രമല്ല, ദളിത് വരന് സതീഷ് കുമാറിനും മന്ത്രിയുടെ ഭാഗത്ത് നിന്നും വധിഭീഷണിയുണ്ട്. അച്ഛന് തന്റെ ഇഷ്ടത്തിന് വിരുദ്ധമായി വേറൊരാളെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചേക്കുമെന്ന് ഭയന്ന് ജയ്കല്യാണി വീട്ടില്‍ നിന്നും ഒളിച്ചോടുകയായിരുന്നു. അതിന് ശേഷം സതീഷിനെ വിവാഹം ചെയ്യുകയും ബെംഗളൂരു പൊലീസ് കമ്മീഷണര്‍ കമല്‍ പന്തിനോട് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തു.
മുഖ്യമന്ത്രി സ്റ്റാലിന്റെ അടുത്ത അനുയായിയാണ് പി.കെ. ശേഖര്‍ ബാബു. തുടക്കം മുതലേ സതീഷ് കുമാറുമായുള്ള മകളുടെ ബന്ധത്തെ എതിര്‍ത്തയാളാണ് ശേഖര്‍ ബാബു. നേരത്തെ വിവാഹം കഴിക്കാന്‍ ശ്രമിച്ചപ്പോള്‍ സതീഷ് കുമാറിനെ അച്ഛന് രണ്ട് മാസത്തോളം അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വെച്ചകാര്യവും മകള്‍ ജയ്ലക്ഷ്മി പരാതിയില്‍ പറയുന്നു. ഡ്രൈവറായി ജോലി ചെയ്യുന്ന സതീഷ് ദളിത് വിഭാഗത്തില്‍പ്പെടുന്നയാളാണ്.
ഇപ്പോള്‍ ബെംഗളൂരുവിലാണ് ഇരുവരും കഴിയുന്നത്. തമിഴ്നാട്ടിലേക്ക് മടങ്ങിപ്പോയാല് ജീവന് നഷ്ടമാകുമെന്ന ഭയം ഇരുവര്‍ക്കുമുണ്ട്.
വിവിധ ജാതികള്‍ തമ്മിലുള്ള വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയാണ് ഡിഎംകെ. ഇന്റര്‍ കാസ്റ്റ് മാര്യേജിനെ പ്രോത്സാഹിപ്പിക്കാന്‍ സകര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഒരു പദ്ധതി തന്നെ വീണ്ടും അവതരിപ്പിച്ചിരുന്നു. മറ്റ് ജാതികളില്‍ നിന്നും വിവാഹം കഴിക്കുന്ന ആദി ദ്രാവിഡര്‍, പട്ടിക വര്‍ഗ്ഗ സമുദായങ്ങള്‍ക്ക് സാമ്പത്തിക സഹായവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ നേതാക്കളുടെ ജീവിതത്തില്‍ ഇതിനെല്ലാം വിലക്കാണെന്നും നല്ല ദളിത് വിരുദ്ധ ജാതിബോധം ഡിഎംകെ നേതാക്കള്‍ക്കിടയില്‍ ഉണ്ടെന്നും മകള്‍ ജയ്ലക്ഷ്മി തന്നെ പറയുന്നു.
ഹിന്ദു പാരമ്പര്യപ്രകാരമാണ് ഇരുവരും വിവാഹിതരായത്. ഒരു ഹിന്ദു സംഘടന ഇരുവര്‍ക്കും പിന്നിലുള്ളതായി പറയുന്നു. ജയ്ലക്ഷ്മിയുടെയും സതീഷ്കുമാറിന്റെയും സമൂഹമാധ്യമം വഴിയുടെ അപേക്ഷയെ തുടര്‍ന്നാണ് ഹിന്ദു സംഘടന ഇടപെട്ടതെന്ന് പറയുന്നു. ദമ്പതികള്‍ക്ക് സംരക്ഷണം ലഭിക്കാനാണ് ബെംഗളൂരു പൊലീസില്‍ അപേക്ഷിച്ചതെന്നും ഹിന്ദു സംഘടന പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: