കൊല്ലം: 32 ദിവസം നീണ്ടു നില്ക്കുന്ന കേരളത്തിലെ ആദ്യ നക്ഷത്രസത്ര ഇഷ്ടിയാഗത്തിനു കൊട്ടാരക്കര പുത്തൂര്‍ ചെറുപൊയ്ക ശ്രീനാരായണപുരം ക്ഷേത്ര പരിസരം വേദിയാകും. മേയ് രണ്ടിന് ആരംഭിക്കുന്ന യാഗത്തിന്റെ നടത്തിപ്പിനായി 1008 അംഗ ദേശീയ കമ്മിറ്റിക്ക് രൂപം നല്കി.
അഗ്നി വേദിക് ഫൗണ്ടേഷന്, വേദശില ട്രസ്റ്റ്, ആദി ശങ്കര അദ്വൈത അക്കാഡ എന്നിവ സംയുക്തമായിട്ടാണ് സത്രയാഗം ഒരുക്കുന്നത്. മുടുപ്പിലാപ്പിള്ളി മഠത്തില്‍ വാസുദേവര് സോമയാജിപ്പാട് യജമാനനും, വേദശില ട്രസ്റ്റിന്റെയും ആദിശങ്കര അദ്വൈത അക്കാഡയുടെയും ചെയര്മാന് സ്വാമി തപസ്യാനന്ദ സരസ്വതി മഹാരാജ് ധര്മ്മാധികാരിയുമായിരിക്കും.
ആദിശങ്കര അദ്വൈത അക്കാഡയുടെ നേതൃത്വത്തില്‍ 41 സന്യാസിമാര്‍ 32 ദിവസവും വൈദികര്‍ക്കൊപ്പം യാഗത്തിനു നേതൃത്വം നല്‍കും. അശ്വതി മുതല്‍ രേവതി വരെയുള്ള 28 നക്ഷത്രങ്ങളുടെ ദേവതയേയും, ദശാനാഥന്റെയും പ്രീതിക്കായുള്ള പ്രത്യേക പൂജകളും വേദമന്ത്രജപം. അര്‍ച്ചനകള്‍, ആവാഹനങ്ങള്‍ എന്നിവ യാഗവേദിയില്‍ ഉണ്ടാകും. അമാവാസി ദിവസം പിതൃമോക്ഷത്തിനായി പ്രത്യേക പൂജകളും ഹോമങ്ങളും ബലിതര്പ്പണവുമുണ്ടാകും. കഴിഞ്ഞ വര്‍ഷങ്ങളില്‍ പിതൃപൂജ ചെയ്യുവാന്‍ കഴിയാതിരുന്നവര്‍ക്ക് ഈ അവസരം വിനിയോഗിക്കാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. രജിസ്ട്രേഷനും മറ്റു വിശദാംശങ്ങളും 8848279954, 7559889971 എന്നീ നമ്പറുകളില്‍ നിന്നു ലഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്വാമി തപസ്യാനന്ദ സരസ്വതി, മുടിപ്പിലാപ്പിള്ളി വാസുദേവര് സോമയാജിപ്പാട്, സുജിത് സുകുമാരന്‍, ചന്ദ്രബാബു തെക്കേക്കര, കെ. നാരയണന് നായര്‍, അഞ്ചല്‍ സുനില്‍, എം. ഹര്ഷന് (മുന്‍ ദേവസം ബോര്‍ഡ് കമ്മീഷണര്‍), ജി. ശ്രീജിത്ത് കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: