തിരുവനന്തപുരം: ക്ഷേത്രങ്ങള്‍ മാത്രം കേന്ദ്രീകരിച്ച് മോഷണം നടത്തിവരുന്ന കുപ്രസിദ്ധ മോഷ്ടാവ് റഫീഖ് അറസ്റ്റില്‍. അന്‍പതോളം കേസുകളിലാണ് ഇയാള്‍ പ്രതിയാണ്. നിലമേല്‍ ശ്രീധര്‍മ ശാസ്താവിന്റെ ക്ഷേത്രത്തില്‍ ഇയാള്‍ മോഷണം നടത്തുന്ന സിസി ടിവി ദൃശ്യങ്ങളാണ് പ്രതിയെ കുടുക്കിയത്. ഇവ പരിശോധിച്ചാണ് ചടയമംഗലം പൊലീസ് റഫീഖിനെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് തിരുവനന്തപുരത്തെ ലോഡ്ജില്‍ എത്തിയ റഫീഖിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍, ലാപ്ടോപ്പുകള്, മൊബൈല്‍ ഫോണുകള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു.
അതേസമയം, പിടിയിലായ പ്രതി മുന്‍പ് കൊല്ലം ജില്ലയില്‍ പുത്തൂര്‍, ഏനാത്ത്, കൊട്ടാരക്കര, ചടയമംഗലം, നിലമേല്‍, അഞ്ചല്‍, ഏറം എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും മോഷണം നടത്തിയതായി സമ്മതിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ 30 ഓളം മോഷണകേസുകളില്‍ പ്രതിയാണ് ഇയാള്‍. ഒരു മാസം മുന്‍പാണ് ഒരു മോഷണക്കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്ത് ഇറങ്ങിയത്. തിരുവനന്തപുരത്തെ ലോഡ്ജില്‍ താമസിക്കുന്ന റഫീഖ് രാത്രിയില്‍ മോഷണം നടത്തേണ്ട ക്ഷേത്രത്തിന് സമീപം ബസില്‍ വന്നിറങ്ങി മോഷണം നടത്തും. ശേഷം വെളുപ്പിനെ കിട്ടുന്ന വണ്ടിക്ക് തിരികെ പോകും. തൊട്ടടുത്ത ദിവസം ലോഡ്ജില്‍ നിന്നും പുറത്തിറങ്ങാറില്ല. വീണ്ടും അടുത്ത ദിവസം സമാനമായ രീതിയില്‍ മോഷണത്തിനിറങ്ങും. ഇതാണ് ഇയാളുടെ രീതി എന്നും പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: