Categories: Main Article

ഉണരുന്ന സ്ത്രീ ശക്തി

ലോകവനിതാദിനം തൊഴിലിടങ്ങളിലെ അനീതിക്കും വിവേചനത്തിനുമെതിരെ 1857 മാര്‍ച്ച് 8ന് ന്യൂയോര്‍ക്കില്‍ പൊട്ടിപ്പുറപ്പെട്ട പെണ്‍സമരത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ പോരാട്ടത്തിന്റെ കനലായി അത് കാലങ്ങളിലേക്ക് പടരുന്നു. അടുക്കളയും അരങ്ങും സ്വന്തമാക്കി മുന്നേറാനുള്ളതാണ് ജീവിതമെന്ന ഓര്‍മ്മപ്പെടുത്തല്‍... തളരാതെ തല താഴ്ത്താതെ നിവര്‍ന്നുനില്ക്കാനുള്ള പ്രേരണ, അതിര്‍ത്തിയില്‍, യുദ്ധമുഖങ്ങളില്‍, അധികാരകേന്ദ്രങ്ങളില്‍, നവോത്ഥാനമുന്നേറ്റങ്ങളില്‍... സ്‌നേഹമാണ്, സമരമാണ് പെണ്ണ് എന്ന് കാലത്തോട് വിളിച്ചു പറഞ്ഞ് പിന്നെയും...

പ്രൊഫ. വി.ടി. രമ

ബിജെപി സംസ്ഥാന ഉപാധ്യക്ഷ

ലോക വനിതാ ദിനം ആഘോഷിക്കാന്‍ തുടങ്ങിയിട്ട്, തത്വത്തില്‍ 111 വര്‍ഷമായി. മാര്‍ച്ച് 8 ന് ലോകം, സ്ത്രീക്ക് ആദരവിന്റെയും അംഗീകാരത്തിന്റെയും അനുഭാവത്തിന്റെയും പൂക്കളര്‍പ്പിക്കുകയാണ്. ഐക്യരാഷ്‌ട്രസഭ, ഈ വര്‍ഷത്തെ വനിതാ ദിനത്തില്‍, ‘സുസ്ഥിരമായ നാളെക്കുവേണ്ടിയുള്ള ലിംഗസമത്വ’ സന്ദേശമാണ് നല്‍കുന്നത്. സാമൂഹ്യ-സാംസ്‌കാരിക-രാഷ്‌ട്രീയ-സാമ്പത്തിക മേഖലകളില്‍ ലോക വനിതകളുടെ നേട്ടങ്ങളെ ശ്ലാഘിക്കുന്നതോടൊപ്പം തന്നെ, അത്തരം മേഖലകളിലെ ഇടപെടലുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സ്ത്രീയെ പ്രാപ്തയാക്കാനും ഈ ദിനാചരണത്തിലൂടെ ലോകം ആഗ്രഹിക്കുന്നു. പുരുഷാധിപത്യത്തിന്റെയും സ്വാര്‍ത്ഥതയുടെയും കാലാന്തരത്തില്‍ എവിടെയോ വച്ച് അടിച്ചമര്‍ത്തപ്പെട്ട സ്ത്രീത്വം, സ്വാര്‍ജ്ജിതമായ അഭിമാനബോധവും പ്രതികരണശേഷിയുംകൊണ്ട് സ്വാഭിമാനത്തിലേക്കും സ്വശക്തിയിലേക്കും തിരിച്ചുവരുന്നതാണ് ഇന്നിന്റെ ആശ്വാസം.

സ്ത്രീ ശാക്തീകരണത്തിന് ഭാരതം ലോകത്തിനു തന്നെ മാതൃകയാണ്. ചരിത്രവും പുരാവൃത്തവും സംസ്‌കാര പാരമ്പര്യത്താളുകളും അടിവരയിട്ടു പ്രഖ്യാപിച്ചതാണ്, ഭാരതത്തിന്റെ സ്ത്രീയോടുള്ള ആദരം. വേദകാലം തൊട്ടേ വിദ്യാഭ്യാസ-സാമൂഹ്യ മേഖലകളില്‍ സ്ത്രീക്ക് സ്ഥാനവും അവസരവും നല്‍കിയതായി കാണാം. ഇടക്കാലത്ത് വിദേശാധിനിവേശവും സാമൂഹികാപാകതകളും തീര്‍ത്ത കാര്‍മേഘപടലത്തില്‍ ഒളി മങ്ങിയെങ്കിലും ഇന്ന് സാംസ്‌കാരികാഭിമാനമുള്ള ഭാരത സര്‍ക്കാര്‍ സ്ത്രീക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ നാരീശക്തിക്ക് പുതിയ മാനങ്ങള്‍ നല്‍കുകയാണ്. പൗരാണിക ഭാരതത്തില്‍ ധനം, ശക്തി, ജ്ഞാനം എന്നിവയുടെ ആധികാരികത തന്നെ ദേവീസങ്കല്പങ്ങള്‍ക്കായിരുന്നല്ലൊ. ആധുനിക ഭാരതവും ഭരണസാരഥ്യത്തില്‍ തത്തുല്യമായി നിലപാട് കൈക്കൊള്ളുന്നില്‍ അതിശയിക്കാനില്ല. പ്രതിരോധമേഖലയുടെ ചുമതല സ്ത്രീയുടെ കയ്യിലേല്‍പ്പിക്കാന്‍ കാണിച്ച അതേ ധൈര്യം ഇന്ന് ഇത്രയും വലിയൊരു രാഷ്‌ട്രത്തിന്റെ ധനകാര്യച്ചുമതലയും പെണ്‍കരങ്ങളില്‍ ഏല്‍പ്പിക്കാന്‍ സന്നദ്ധമായി. ഈ രണ്ടിടത്തും തിളങ്ങിയ നിര്‍മലാ സീതാരാമനെപ്പോലെ തന്നെ, വിദേശകാര്യമന്ത്രിയായി സുഷമാ സ്വരാജും അവിസ്മരണീയമായ പ്രവര്‍ത്തന ശൈലിയാണല്ലൊ കാണിച്ചത്. സ്മൃതി ഇറാനിയും ശോഭ കരന്തലജെയുമൊക്കെ സ്തുത്യര്‍ഹമായ രീതിയിലാണ് ഭരണപ്രക്രിയ നിര്‍വഹിക്കുന്നത്.

ജനമനസ്സിന്റെ സ്പന്ദനങ്ങളെ തൊട്ടുണര്‍ത്തിക്കൊണ്ട് സാധാരണക്കാരെ അസാധാരണരാക്കാനുള്ള ശ്രമമാണ് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതികളെങ്കില്‍, അവ ഏറ്റവും സഹായകരമാകുന്നത് സ്ത്രീകള്‍ക്കു തന്നെയല്ലേ! അന്ത്യോദയ പദ്ധതികളും വനിതാക്ഷേമ പദ്ധതികളുമൊക്കെ വിഭാവനം ചെയ്യുമ്പോല്‍ ലിംഗസമത്വത്തിനുപരി സ്ത്രീപക്ഷ കാഴ്ചപ്പാടുകളാണ് ഭാരത പ്രധാനമന്ത്രി കാഴ്ചവയ്‌ക്കുന്നത്. സ്ത്രീകള്‍ക്ക് പ്രത്യേകമായും തൊഴിലവസരങ്ങളുണ്ടാക്കുകയും സംരംഭകത്വത്തിലേക്ക് സത്രീകളെ നയിക്കുകയും ചെയ്യാന്‍ പിഎംഇജി പദ്ധതികള്‍ക്ക് സാധിക്കും. അധികാനുകൂല്യങ്ങളാണ് വനിതാ സംരംഭകര്‍ക്കും വനിതാ തൊഴിലാളികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. സ്വകാര്യതാ സംരക്ഷണത്തിന്റെ ശുചിമുറിയും സ്വന്തമായൊരു വീടും പാചകഗ്യാസും വൈദ്യുതിയും സര്‍വ്വോപരി ഒരു രൂപയുടെ സാനിറ്ററി നാപ്കിനുകളും സ്ത്രീമനസ്സു കണ്ടറിഞ്ഞ മോദി സര്‍ക്കാരിന്റെ സമ്മാനമാണ്.  

2022 ലെ വനിതാ ദിനം, ലിംഗസമത്വത്തിനും പക്ഷപാതരാഹിത്യത്തിനും വേണ്ടി നിലകൊള്ളുമ്പോള്‍ റേഷന്‍ കാര്‍ഡില്‍ ഗൃഹനാഥയ്‌ക്കാണ് മുന്‍ സ്ഥാനം എന്ന് നാം നേരത്തെ നിശ്ചയിച്ചതാണ് എന്ന് ഓര്‍ക്കാം. പ്രതിരോധ സേനയില്‍ സ്ത്രീകള്‍ക്ക് തൊഴിലവസരം നല്‍കുന്നതോടൊപ്പം തന്നെ, എന്‍ഡിഎ (നാഷണല്‍ ഡിഫന്‍സ് അക്കാദമി)യില്‍ പെണ്‍കുട്ടികള്‍ക്കും പഠനാവസരം നല്‍കിയതും ഭാരതസര്‍ക്കാരിന്റെ സ്ത്രീസൗഹൃദ വീക്ഷണത്തിന്റെ അടയാളമാണ്. ഏകപക്ഷീയമായ വിവാഹമോചന പ്രതിസന്ധിയില്‍ നിന്ന് നിസ്സഹായരായ മുസ്ലിം യുവതികളെ രക്ഷിക്കാനാണല്ലൊ, എതിര്‍പ്പുകള്‍ക്കിടയിലും മുത്തലാഖ് നിരോധനം കൊണ്ടുവന്നത്. പെണ്‍കുട്ടികള്‍ക്ക് പഠന സൗകര്യവും പ്രസവിക്കുന്ന അമ്മമാര്‍ക്ക് സാമ്പത്തികസഹായവും പ്രാവര്‍ത്തികമാക്കുന്നതോടൊപ്പം, സുകന്യാസമൃദ്ധി യോജനയിലൂടെ പെണ്‍കുഞ്ഞിന് സാമ്പത്തിക കൈത്താങ്ങും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ വിഭാവനം ചെയ്യുകയാണ്. സ്വാഭിമാനത്തോടെ ജീവിക്കണമെങ്കില്‍ സാമ്പത്തിക സ്വാശ്രയത്വം അത്യന്താപേക്ഷിതമാണെന്ന കാഴ്ചപ്പാടാണ് ആത്മനിര്‍ഭരതയുടെ അന്തസ്സത്ത.

സ്ത്രീസുരക്ഷയ്‌ക്കും സ്ത്രീശക്തിക്കും വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നിലകൊള്ളുമ്പോള്‍, കേരളത്തിലെ സ്ത്രീയുടെ സ്ഥിതി ശോചനീയവും അപലപനീയവുമാണ്. സ്ത്രീപീഡനങ്ങളും സ്ത്രീഹത്യകളും സ്ത്രീധന പീഡനമരണങ്ങളും പ്രണയക്കൊലകളും കേരളത്തെ നടുക്കുകയാണ്. മലപ്പുറത്ത് കാവനൂരില്‍ നിസ്സഹായയായ അമ്മയുടെ മുന്നില്‍വച്ചാണ് ഒരു നിരാശ്രയ ക്രൂരമായി പിച്ചിച്ചീന്തപ്പെട്ടത്. നിയമം സ്ത്രീരക്ഷയ്‌ക്ക് കൂട്ടുനില്‍ക്കുന്നില്ലെന്നത് കേരളത്തിന്റെ ദുരന്തം! ധാര്‍ഷ്ട്യത്തിലേക്കും ലൈംഗികാരാജകത്വത്തിലേക്കും പുതുതലമുറയെ തള്ളിവിട്ടുകൊണ്ട്, കള്ളും കഞ്ചാവും സുലഭമാക്കുന്ന ദുരവസ്ഥയിലേക്ക് കേരളത്തെ നയിച്ച ഇടതുസര്‍ക്കാരിന് കേരളത്തിലെ സ്ത്രീ മാപ്പുകൊടുക്കാനിടയില്ല.  

സ്വന്തം സംസ്ഥാന ഭാരവാഹികളില്‍ ഒരു സ്ത്രീയെ മാത്രം വച്ച സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയുടെ അഭിപ്രായത്തില്‍, സംസ്ഥാന സമിതിയില്‍ അമ്പതു ശതമാനം സ്ത്രീകള്‍ വന്നാല്‍ പാര്‍ട്ടി അപകടത്തിലാവും! ഈ സ്ത്രീവിരുദ്ധ സിപിഎം നിലപാടിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ വനിതാ ദിനം നിഷ്പ്രഭമാവുകയാണ്. അതേസമയം, സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളെ പ്രവര്‍ത്തനക്ഷമതാര്‍ത്ഥം 280 മണ്ഡലങ്ങള്‍ ആയി വിഭജിച്ച് ബിജെപി, അതില്‍ 22 മണ്ഡലങ്ങളില്‍ പ്രസിഡന്റായി സ്ത്രീകളെ അവരോധിച്ചത് ഇവിടെ പരാമര്‍ശിക്കട്ടെ. ലിംഗസമത്വത്തോടൊപ്പം, സ്ത്രീയെ ആദരിക്കുകയും അമ്മയായി കാണുകയും ചെയ്യുന്ന ഭാരതീയ കാഴ്ചപ്പാട് വനിതാ ദിനത്തിന് നിറപ്പകിട്ടേകട്ടെ.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക