ഇസ്ലാമബാദ് : യുദ്ധം തുടരുന്ന ഉക്രൈന് മണ്ണില്‍ നിന്നും രക്ഷപ്പെടാന്‍ പാക്കിസ്ഥാന് ഒന്നും ചെയ്തില്ല, ഇന്ത്യന്‍ എംബസ്സിയുടെ സഹായത്താലാണ് തിരിച്ചെത്തിയതെന്ന് ഇമ്രാന് ഖാന് സര്‍ക്കാരിനെതിരെ രുക്ഷ വിമര്‍ശനവുമായി പാക് വിദ്യാര്‍ത്ഥിനി. ഉക്രൈനിലെ നാഷണല്‍ എയറോസ്പേസ് സര്‍വകലാശാലാ വിദ്യാര്‍ഥിനി മിഷാ അര്‍ഷാദാണ് പാക്കിസ്ഥാനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
റഷ്യ ഉക്രൈനെതിരെ യുദ്ധം ആരംഭിച്ചതോടെ അവിടെക്കുടുങ്ങിയ പാക് വിദ്യാര്‍ത്ഥികള്‍ എംബസി അധികൃതരെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഉക്രൈനിലെ പാക് എംബസി അധികൃതര്‍ കൈയ്യൊഴിയുകയാണ് ചെയ്തത്. യുദ്ധഭൂമിയില്‍ നിന്നും ഇന്ത്യന്‍ എംബസിയാണ് തങ്ങളെ രക്ഷപ്പെടുത്തിയതെന്നും മിഷ വെളിപ്പെടുത്തി. പാക് ദിനപത്രമായ ഡോണിനോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി എംബസി ബസ് സജ്ജമാക്കിയിരുന്നു. പാക് വിദ്യാര്‍ത്ഥിനി ആയിരുന്നിട്ടും ഈ ബസില്‍ കയറാന്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ അനുവദിക്കുകയായിരുന്നു. അങ്ങനെ പടിഞ്ഞാറന്‍ ഉക്രൈനിലെ ടെര്‍ണോപില്‍ നഗരത്തിലെത്തി പാക്കിസ്ഥാനിലേക്ക് തിരിക്കുകയുമായിരുന്നെന്നും മിഷ പറഞ്ഞു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാല്‍ നിറഞ്ഞ ബസിലെ ഏക പാക്കിസ്ഥാനി താന്‍ ആയിരുന്നെന്നും മിഷ പറഞ്ഞു.
ഞങ്ങളാണ് പാകിസ്ഥാന്റെ ഭാവി. എന്നിട്ടും ഈ ദുരിതകാലത്ത് ഇങ്ങനെയാണ് ഞങ്ങളോട് അവര്‍ പെരുമാറുന്നത്. റഷ്യ യുദ്ധം ആരംഭിച്ചതിനു പിന്നാലെ അപാര്ട്മെന്റുകളില് താമസിച്ചിരുന്ന വിദ്യാര്‍ത്ഥികളെ സര്‍വകലാശാലാ അധികൃതര്‍ ഹോസ്റ്റല്‍ ബേസ്മെന്റുകളിലേക്ക് മാറ്റിയിരുന്നു. അവിടെ നിന്നും ഇന്ത്യന്‍ എംബസി അധികൃതര്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുമായിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം താനും അതിര്‍ത്തി കടക്കാന്‍ ഒപ്പം കൂടുകയായിരുന്നു. പാക്കിസ്ഥാന്, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉക്രൈന് അതിര്‍ത്തി കടന്ന് സമീപരാജ്യങ്ങളിലേക്ക് പോയത് ഇന്ത്യന്‍ പതാക ഉപയോഗിച്ചാണെന്ന് അടുത്തിടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: