ന്യൂദല്‍ഹി : മീഡിയ വണ്‍ സംപ്രേഷണം ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിനെ ചാനല്‍ അധികൃതര്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. വിലക്കിനെ തുടര്‍ന്ന് ചാനല്‍ അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സിംഗിള്‍ ബെഞ്ചും ഡിവിഷന് ബെഞ്ചും ഹര്‍ജി തള്ളുകയായിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ സംപ്രേഷണ വിലക്ക് റദ്ദാക്കണമെന്നും, കേസ് അടിയന്തിരമായി ഇന്ന് തന്നെ പരിഗണിക്കണമെന്നുമാണ് ചാനലിന് വേണ്ടി ഹാജരായ അഭിഭാഷകന് ദുഷ്യന്ത് ദവെ ആവശ്യപ്പെട്ടത്. എന്നാല്‍ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു.
ജനുവരി 31നാണ് മീഡിയ വണ്ണിന്റെ സംപ്രേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ചാനലിനെതിരെ നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. തുടര്‍ന്ന് ചാനല്‍ വിലക്കിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സംപ്രേഷണ വിലക്ക് റദ്ദ് ചെയ്യണമെന്നാവശ്യപ്പട്ടുള്ള മീഡിയ വണ്‍ ചാനലിന്റെ ഹര്‍ജി തള്ളിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സിംഗിള്‍ ബെഞ്ച് ആദ്യം ശരിവെയ്ക്കുകയായിരുന്നു.
അതിനുശേഷം ഡിവിഷന് ബെഞ്ചിനെ സമീപിച്ചെങ്കിലും അതും തള്ളി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് അപ്പീല്‍ ഹര്‍ജി തളളിയത്. സിഗിംള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ മുദ്ര വെച്ച കവറില്‍ ഹാജരാക്കിയ രഹസ്യ രേഖകള്‍ പരിശോധിച്ച ശേഷമാണ് ഡിവിഷന് ബെഞ്ചിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: