കോട്ടയം: ജില്ലയിലെ ഉത്സവങ്ങള്‍ക്കും പൂരങ്ങള്‍ക്കും മിഴിവേകാന്‍ ഗജരാജന്മാര്ക്ക് അനുമതി. തിരുനക്കര പൂരത്തിന് 22 ആനകളെയും ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് പതിവ് എണ്ണം ആനകളെയും, ഇത്തിത്താനം ഗജമേള 25 ആനകളെ വരെയും എഴുന്നള്ളിപ്പിക്കാന്‍ ആവശ്യമായ പ്രത്യേക അനുമതി ലഭിച്ചു.
ജില്ലാ കളക്ടര്‍ ഡോ.പി.കെ. ജയശ്രീയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ജില്ലാ മോണിറ്ററിങ് കമ്മിറ്റിയാണ് ആനകള്‍ക്ക് അനുമതി നല്‍കിയത്. ജില്ലയിലെ ഉത്സവത്തിന് കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി. മാത്രമല്ല കൊവിഡ് വ്യാപനത്തിന് മുമ്പ് ക്ഷേത്രങ്ങളില്‍ നടന്നു വരുന്ന ആചാരങ്ങള്‍ അതേപടി നടപ്പാക്കാന്‍ യോഗം അനുമതി നല്കി.
രജിസ്ട്രേഷന് രേഖകളില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിപ്പിക്കുന്നില്ലെന്ന് മോണിറ്ററിങ് കമ്മിറ്റി ഉറപ്പു വരുത്തണമെന്നും യോഗം തീരുമാനിച്ചു.
ജില്ലാ മോണിറ്ററിങ് കമ്മിറ്റി മുമ്പാകെ രജിസ്റ്റര്‍ ചെയ്യാന്‍ ജില്ലയിലെ ചില ക്ഷേത്രങ്ങള്‍ നല്കിയ അപേക്ഷകള്‍ അനുവദിച്ചു. ആനകള്‍ക്ക് ഇരുമ്പ് തോട്ടി ഉപയോഗിക്കുന്നത് നിരോധിച്ച ഉത്തരവില്‍ വ്യക്തത വരുത്തണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.
യോഗത്തില്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി. സാജൂ, എലിഫന്റ് ഓണേഴ്സ് ഫെഡറേഷന് ജനറല്‍ സെക്രട്ടറി രവിന്ദ്രനാഥ്, ഫെസ്റ്റിവെല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ട്, ആന തൊഴിലാളി യൂണിയന് പ്രതിനിധി സാലുകുട്ടന് നായര്‍, എസ്പിസിഎ അംഗം ഉണ്ണി കിടങ്ങൂര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: