അടിമാലി: ജില്ലയിലെ വിവിധ റേഞ്ചുകള്‍ക്ക് കീഴില്‍ വന്യമൃഗവേട്ട വ്യാപകമാകുന്നു. സംഭവത്തില്‍ കൃത്യമായ വിവരങ്ങള്‍ പുറത്ത് വിടാതെ ഒളിച്ചുകളിച്ച് വനം വകുപ്പ്. അടുത്തിടെ അടിമാലി റേഞ്ചിന് കീഴില്‍ കാട്ടുപോത്തിനെ വേട്ടയാടി കൊന്ന ശേഷം ഇറച്ചി മുറിച്ചെടുത്ത് വില്‍പ്പന നടത്തിയിരുന്നു. എന്നാല്‍ ഈ സംഭവം ആദ്യഘട്ടത്തിലൊന്നും സ്ഥിരീകരിക്കാന്‍ വനംവകുപ്പ് തയ്യാറായില്ല.
പിന്നാലെ ജന്മഭൂമി വാര്‍ത്ത നല്‍കിയതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്താകുന്നത്. വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരത്തിലുള്ള നായാട്ട് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കാട്ടുപോത്ത്, മ്ലാവ്, കാട്ടുപന്നി, മുള്ളന്‍പന്നി എന്നീ വന്യമൃഗങ്ങളുടെ ഇറച്ചിക്ക് ആവശ്യക്കാര്‍ ഏറെയാണ്. എന്ത് വില കൊടുത്തും വന്യമൃഗങ്ങളുടെ മാംസം വാങ്ങുവാന്‍ തയ്യാറാണ്. ലോക്ക് ഡൗണ്‍ കാലത്ത് വ്യാജവാറ്റും വന്യമൃഗവേട്ടയും വ്യാപകമായിരുന്നു. ഇതിന് വനം വകുപ്പിലെ ഉന്നതരുടെ ഒത്താശയുണ്ടെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുകയാണ്.
ഇതിനിടെയാണ് കഴിഞ്ഞമാസം നടന്ന വേട്ടയില്‍ ഉള്‍പ്പെട്ട എട്ടംഗ സംഘത്തെ വനംവകുപ്പ് പിടികൂടിയത്. സംഭവ സ്ഥലത്ത് കണ്ടെത്തിയ പ്ലാസ്റ്റിക് കുടുക്കില്‍ നിന്നാണ് കേസിന് തുമ്പുണ്ടായത്. ഇതോടൊപ്പം പ്രതികളില്‍ ഒരാളുടെ കൈവശം നാടന്‍ തോക്ക് ഉണ്ടെന്ന വിവരവും ലഭിച്ചു. തുടര്‍ അന്വേഷണത്തില്‍ കാട്ടുപോത്തിനെ കുടുക്കിട്ട് വീഴ്‌ത്തിയ ശേഷം കണ്ണന്‍, രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് വെടി വച്ച് കൊല്ലുകയായിരുന്നുവെന്ന് വനപാലകര്‍ക്ക് വിവരം ലഭിച്ചു. ഇരുവരുടേയും പക്കല്‍ നിന്നാണ് തോക്കുകള്‍ പിടികൂടിയത്. മാങ്കുളം സ്വദേശിയായ ശശിയാണ് നാടന്‍ തോക്കിന്റെ നിര്‍മ്മാണം നടത്തിയത്. ഒഴുവത്തടം സ്വദേശികളായ മനീഷിന്റെയും രഞ്ചുവിന്റെയുമാണ് കസ്റ്റഡിയില്‍ എടുത്ത രണ്ട് ഓട്ടോറിക്ഷകള്‍.
250 കിലോയോളം മാംസമാണ് സംഘം ഓട്ടോറിക്ഷയില്‍ കടത്തിയത്. തുടര്‍ന്ന് ആവശ്യക്കാര്‍ക്ക് വില്‍പന നടത്തുകയായിരുന്നു. അടിമാലി, മൂന്നാര്‍, മാങ്കുളം മേഖലകളിലാണ് മാംസം കൂടുതലായി വില്‍പന നടത്തിയത്. അടിമാലിയിലും പരിസര പ്രദേശങ്ങളിലും ഉള്ള ഉന്നതര്‍ അടക്കമുള്ളവര്‍ ഇവരില്‍ നിന്നും മാംസം വാങ്ങിയതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. അവരിലേക്ക് അന്വഷണം എത്താതിരിക്കുന്നതിന് വേണ്ടി രാഷ്‌ട്രീയ നേതൃത്വം ഇടപെടല്‍ നടത്തുന്നുണ്ട്.
കൂടാതെ മൃഗവേട്ടയില്‍ കൂടുതല്‍ പ്രതികളെയും കണ്ടെത്തുവാന്‍ ഉണ്ട്. വനം വകുപ്പിന്റെ ഭാഗത്തു നിന്നും ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകാത്തതാണ് വന്യമൃഗവേട്ട വ്യാപിക്കാന്‍ കാരണമായത്. അടിമാലി, മൂന്നാര്‍ മേഖലകളില്‍ വ്യാപകമായി അനധികൃത റിസോര്‍ട്ടുകള്‍, ഹോം സ്റ്റേ, ടെന്റ് ക്യാമ്പുകള്‍ വര്‍ദ്ധി വരുന്ന സാഹചര്യത്തില്‍ വ്യാജമദ്യം, മയക്കുമരുന്ന്, കാട്ടിറച്ചി എന്നിവ ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ ടൂറിസ്റ്റുകളായി എത്തുന്ന യുവാക്കള്‍ക്ക് വന്‍ പ്രിയമാണ്.
ഇവയുടെ മറവില്‍ വന്‍തോതില്‍ മൃഗവേട്ടയും നടന്ന് വരുന്നത്. വനം വകുപ്പിന്റെ ഇടപെടലുകള്‍ ഈ മേഖലയില്‍ ഫലപ്രഥമാകാത്ത പക്ഷം നമ്മുടെ വന്യജീവി സമ്പത്തിന്റെ വലിയൊരു ഭാഗം ഇല്ലാതായി തീരും. ഇടക്ക് വലിയ തോതില്‍ കുറഞ്ഞ വന്യമൃഗ വേട്ട ജില്ലയിലെമ്പാടും നടക്കുന്നുണ്ട്. ഇതിന് കൃത്യമായി വനംവകുപ്പിലെ ചിലരുടെ ഒത്താശയുമുണ്ട്. വനത്തിനുള്ളില്‍ നിന്ന് പുറത്തേക്ക് എത്തുന്ന വാഹനങ്ങള്‍ കൃത്യമായി പരിശോധിക്കാത്തതും ഇവര്‍ക്ക് തരമാകുകയാണ്.
സത്യന്‍ വി.ആര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: