കീവ് : റഷ്യന്‍ ആക്രമണത്തിനിടെ ഉക്രൈനിലെ കീവില്‍ വെടിയേറ്റ് ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഹര്‍ജോത് സിങ്ങിനെ പോളണ്ടിലേക്ക് എത്തിച്ചു. പ്രത്യേകം സജ്ജമാക്കിയ ആംബുലന്‍സിലാണ് ഹര്‍ജോതിനെ പോളണ്ടിലേക്ക് എത്തിച്ചത്. വ്യോമസേന വിമാനത്തില്‍ അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരും.
കീവില്‍ നിന്ന് ഫെബ്രുവരി 27 ന് സുരക്ഷിത മേഖലയിലേക്ക് കാറില്‍ പോകുന്നതിനിടെയാണ് ഹര്‍ജോതിന് റഷ്യന്‍ സൈന്യത്തിന്റെ വെടിയേറ്റത്. തുടര്‍ന്ന് കീവിലെ ആശുപത്രിയില്‍ അധികൃതര്‍ വിദ്യാര്‍ത്ഥിയെ പ്രവേശിപ്പിക്കുകയായിരുന്നു. എംബസി അധികൃതര്‍ ആശുപത്രിയിലെത്തുകയും സൗകര്യങ്ങളൊരുക്കി നല്‍കുകയായിരുന്നു.
ഹര്‍ജോത് സിങ്ങിന്റെ ചികിത്സ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്നും നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി വി.കെ. സിങ്ങിനൊപ്പമാണ് ഹര്‍ജോത് നാട്ടിലെത്തുക.
അതിനിടെ ഉക്രൈനില്‍ നിന്നും സാധാരണക്കാരെ ഒഴിപ്പിക്കുന്നതിനായി നാല് സ്ഥലങ്ങളില്‍ റഷ്യ ഇന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ആള്‍ക്കാര്‍ കുടുങ്ങി കിടക്കുന്ന കീവ്, മരിയുപോള്‍, ഖാര്‍കീവ്, സുമി എന്നീ സ്ഥലങ്ങളിലാണ് നിലവില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 12.30 ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: