സെസ്സോവ്: തെക്ക്-കിഴക്കന്‍ പോളിഷ് നഗരമായ റസെസ്സോവില് മൊബൈല്‍ ഫീല്‍ഡ് കിച്ചണ്‍ സജ്ജമാക്കിയാണ് സ്വാമി നാരായണ്‍ സന്‍സ്ഥയുടെ സേവാവിഭാഗമായ ബാപ്സ് ശ്രദ്ധേയമാകുന്നത്. പ്രതിദിനം ആയിരത്തിലധികം പേര്‍ക്ക് ചൂടോടെ സസ്യാഹാരം നല്‍കാനുള്ള പദ്ധതിയാണ് അതിലുള്ളത്.
വ്യത്യസ്തമായ അനുഭവമാണിതെന്ന് ലണ്ടനില്‍ നിന്ന് സേവാരംഗത്തെത്തിയ സ്വാമിനാരായണ്‍ സന്‍സ്ഥയിലെ കേയൂര്‍ ഭട്ട് പറഞ്ഞു: ‘സ്ഥിതി നിരാശാജനകവും ദാരുണവുമാണ്. അഭയം തേടുന്നവര്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും നല്കി അവരെ പിന്തുണയ്ക്കുന്നതിനാണ് മുന്‍ഗണന. അവശ്യ സേവനങ്ങള്‍ സമയബന്ധിതമായെത്തിക്കുകയാണ് ലക്ഷ്യം. ബ്രിട്ടന്, അയര്‍ലന്‍ഡ്, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്‍ഡ്, ഇറ്റലി, ജര്‍മ്മനി, ഓസ്ട്രിയ, പോളണ്ട് എന്നിവിടങ്ങളില്‍ നിന്ന് സന്നദ്ധപ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ട്.
അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് താമസസൗകര്യവും വൈദ്യസഹായവും എത്തിക്കുന്നുണ്ട്. ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്നാണ് ഈ പ്രവര്‍ത്തനം. പ്രധാനമന്ത്രി നരേന്ദ്ര മോദി സന്‍സ്ഥയുടെ യൂറോപ്പിലെ കാര്യങ്ങള്‍ നോക്കുന്ന സ്വാമി ബ്രഹ്മവിഹാരിദാസിനെ നേരിട്ട് വിളിച്ചിരുന്നു. അതിര്‍ത്തികളില്‍ ഇന്ത്യന്‍ പൗരന്മാര്ക്ക് സുരക്ഷിതത്വം ഒരുക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള ബ്രഹ്മവിഹാരിദാസ് സ്വാമി ദുബായില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ദല്‍ഹിയില്‍ അടിയന്തര യോഗം ചേര്‍ന്നു. യൂറോപ്പിലെമ്പാടുമുള്ള ബാപ്സ് സന്നദ്ധപ്രവര്‍ത്തകരെ അണിനിരത്താന്‍ അദ്ദേഹം ഞങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നുവെന്ന് കേയൂര്‍ ഭട്ട് പറഞ്ഞു. കേന്ദ്രമന്ത്രി വി.കെ. സിങ് റസെസോവിലെ ബാപ്സ് പ്രവര്‍ത്തനം നേരിട്ട് നിരീക്ഷിച്ചുവെന്നും കേയൂര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: